Big stories

മരുമകനെ തടവിലാക്കിയിട്ട് ഒന്നര മാസമായി; മകളുടെ വിവാഹം നടത്താനാകാതെ കശ്മീരി പിതാവ്

കുറച്ച് ദിവസത്തേക്കെങ്കിലും അഹമ്മദിനെ വിട്ടു കിട്ടിയാല്‍ വിവാഹം നടത്താമായിരുന്നു. തൻറെ മകള്‍ക്ക് രോഗികളായ അഹമ്മദിൻറെ മാതാപിതാക്കളെ നോക്കാമായിരുന്നുവെന്നും ഭട്ട് പറയുന്നു.

മരുമകനെ തടവിലാക്കിയിട്ട് ഒന്നര മാസമായി; മകളുടെ വിവാഹം നടത്താനാകാതെ കശ്മീരി പിതാവ്
X

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന കേന്ദ്ര സര്‍ക്കാറിൻറെ വാദങ്ങള്‍ ഓരോ ദിവസം പിന്നിടുമ്പോഴും മറനീക്കി പുറത്തുവരികയാണ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ തടവിലാക്കപ്പെട്ട പ്രതിശ്രുത വരനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നടത്തുന്ന പോരാട്ടമാണിപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. മകളുടെ നിക്കാഹ് നടത്തിയതിൻറെ സര്‍ട്ടിഫിക്കറ്റുമായി പത്രമോഫീസുകളില്‍ കയറി ഇറങ്ങുകയാണ് അഹമ്മദ് ഭട്ട്.

ബാരമുല്ല ജില്ലയിലെ റാഫിയാബാദ് സ്വദേശിയായ നസീര്‍ അഹമ്മദ് ഭട്ട്, വിവാഹത്തിനായി മകളുടെ ഭര്‍ത്താവിനെ വിട്ടു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പത്രത്തില്‍ വാര്‍ത്ത വന്നാല്‍ ചിലപ്പോള്‍ സര്‍ക്കാര്‍ തടവിലാക്കിയ മകളുടെ ഭര്‍ത്താവിനെ വിട്ടയച്ചേക്കുമെന്ന ബന്ധുവിൻറെ നിര്‍ദേശത്തെ തുടർന്നാണ് ഗ്രാമത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗറിലെ പത്രമോഫീസുകളില്‍ ഭട്ട് കയറിയിറങ്ങുന്നത്. ഈ മാസം എട്ടിനായിരുന്നു ഭട്ടിൻറെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. നിക്കാഹ് നടന്നെങ്കിലും കഴിഞ്ഞ ആറുമാസമായി വിവാഹത്തിന് വേണ്ടി തയാറെടുപ്പുകള്‍ നടത്തിവരുന്ന കുടുംബത്തിന് നിശ്ചിത തീയതിക്ക് വിവാഹം നടത്താനായില്ല.

ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം കരസ്ഥമാക്കിയ മരുമകന്‍ തന്‍വീര്‍ അഹമ്മദിനെ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ മോദി സര്‍ക്കാര്‍ തീരുമാനം വന്ന ദിവസമാണ് പോലിസ് അറസ്റ്റു ചെയ്തത്. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ അറസ്റ്റു ചെയ്തതിന് പിന്നാലെ താഴ് വരയിലെ ചെറുപ്പക്കാരെയും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ ഭട്ടിന് മരുമകന്റെ അറസ്റ്റു സംബന്ധിച്ച വിവരം ലഭിക്കുന്നത് നാലു ദിവസം കഴിഞ്ഞാണ്. അപ്പോഴേക്കും ശ്രീനഗറില്‍ നിന്നും ലഖ്‌നൗ ജയിലിലേക്ക് മാറ്റിയിരുന്നു.

കുറച്ച് ദിവസത്തേക്കെങ്കിലും അഹമ്മദിനെ വിട്ടു കിട്ടിയാല്‍ വിവാഹം നടത്താമായിരുന്നു. തൻറെ മകള്‍ക്ക് രോഗികളായ അഹമ്മദിൻറെ മാതാപിതാക്കളെ നോക്കാമായിരുന്നുവെന്നും ഭട്ട് പറയുന്നു. മകള്‍ സുരയ്യ നിയമപ്രകാരം നിക്കാഹോടെ അഹമ്മദിൻറെ ഭാര്യയായെങ്കിലും ആചാര പ്രകാരം വിവാഹം കഴിഞ്ഞെങ്കില്‍ മാത്രമേ കുടുംബത്തിൻറെ ഭാഗമായി കണക്കാക്കാനാവൂ എന്നാണ് ഭട്ട് പറയുന്നത്. ഇതേ ആവശ്യവുമായി ഭട്ട് സര്‍ക്കാര്‍ ഓഫീസുകളിലും പോലിസ് സ്റ്റേഷനുകളിലും ദിവസങ്ങളായി കയറി ഇറങ്ങുകയാണ്.

Next Story

RELATED STORIES

Share it