Latest News

ഇന്ത്യയില്‍ നിന്ന് 444 അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കും

ഇന്ത്യയില്‍ നിന്ന് 444 അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കും
X

ന്യൂഡല്‍ഹി: ഇറാനെതിരായ ഇസ്രായേല്‍-യുഎസ് സംയുക്താക്രമണത്തിനും അതിനെത്തുടര്‍ന്നുള്ള ഇറാന്റെ പ്രത്യാക്രമണത്തിനും പിന്നാലെ പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി. വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും സുരക്ഷാ ഭീഷണികളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഇന്ന് 444 അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. ഇന്നലെ മന്ത്രാലയം അടിയന്തര അവലോകന യോഗം ചേര്‍ന്ന് നിലവിലെ സാഹചര്യം വിലയിരുത്തി. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വ്യോമപാതകള്‍ അടച്ചതോടെയാണ് സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കേണ്ടി വന്നത്. വിദേശത്തേക്ക് പോകാനെത്തിയ പ്രവാസികളും നാട്ടിലേക്ക് മടങ്ങാനിരുന്ന യാത്രക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്.

ഇന്നലെ മാത്രം ആഭ്യന്തര വിമാനക്കമ്പനികളുടെ 410 സര്‍വീസുകള്‍ രാജ്യത്ത് റദ്ദാക്കിയിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിമാനക്കമ്പനികളുമായി നിരന്തര ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ പ്രധാന വിമാനത്താവളങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും അറിയിച്ചു. യാത്രക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി പാസഞ്ചര്‍ അസിസ്റ്റന്‍സ് കണ്‍ട്രോള്‍ റൂം (പിഎസിആര്‍) രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സര്‍വീസുകള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് യാത്രക്കാരാണ് രാജ്യത്തിനകത്തും പുറത്തും കുടുങ്ങിയത്. പ്രധാന മിഡില്‍ ഈസ്‌റ്റേണ്‍ എയര്‍ലൈനുകളുടെ ആയിരത്തിലധികം സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും പൂര്‍ണമായും സ്തംഭിച്ചു.

Next Story

RELATED STORIES

Share it