Sub Lead

ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ കുത്തനെ ഉയര്‍ന്നു

2021ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ 210 ലധികം അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഒരു ഫലസ്തീനിയുടെ മരണവും ഉള്‍പ്പെടും.

ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ കുത്തനെ ഉയര്‍ന്നു
X

ജറുസലേം: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ ജൂത കുടിയേറ്റക്കാരുടെ ശാരീരിക ആക്രമണങ്ങളും സ്വത്ത് തകര്‍ക്കലും ഉള്‍പ്പെടെയുള്ള തീക്ഷ്ണമായ ആക്രമണങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ കുത്തനെ ഉയര്‍ന്നതായി യുഎന്‍ മനുഷ്യാവകാശ വിദഗ്ധര്‍. 2021ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ 210 ലധികം അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഒരു ഫലസ്തീനിയുടെ മരണവും ഉള്‍പ്പെടും.

2020ല്‍ ജൂത കുടിയേറ്റക്കാരുടെ 771 ആക്രമണ സംഭവങ്ങളാണ് യുഎന്‍ ഓഫിസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (ഒസിഎച്ച്എ) രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 133 ഫലസ്തീനികള്‍ക്ക് പരിക്കേറ്റിരുന്നു. ഹെബ്രോണ്‍, ജറുസലേം, നബ്ലസ്, റാമല്ല എന്നിവിടങ്ങളിലാണ് കൂടുതല്‍ അക്രമ സംഭവങ്ങളും അരങ്ങേറിയത്. 9,646 മരങ്ങളും 184 വാഹനങ്ങളും ഇക്കാലയളവില്‍ മനപ്പൂര്‍വ്വം നശിപ്പിക്കപ്പെട്ടതായും അവര്‍ രേഖപ്പെടുത്തിയിരുന്നു.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ 250 ലധികം ജൂത കുടിയേറ്റ കേന്ദ്രങ്ങളില്‍ ആറുലക്ഷത്തോളം ഇസ്രായേലി കുടിയേറ്റക്കാരാണ് അനധികൃതമായി താമസിക്കുന്നത്. അന്താരാഷ്ട്ര നിയമമനുസരിച്ച്, വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളാണ്. കൂടാതെ അവിടെ നിര്‍മ്മിച്ച എല്ലാ ജൂത വാസസ്ഥലങ്ങളും അവയില്‍ താമസിക്കുന്നവരും നിയമവിരുദ്ധമാണ്.

അന്താരാഷ്ട്ര സമൂഹം ഇസ്രായേല്‍ അധിനിവേശത്തിന് അര്‍ത്ഥവത്തായ മറുപടി നല്‍കണമെന്നും ജൂത രാഷ്ട്രം അതിന്റെ കുടിയേറ്റ പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണം ഉടന്‍ അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കുടിയേറ്റക്കാരുടെ ആക്രമണങ്ങളില്‍നിന്നു ഫലസ്തീനികളെ സംരക്ഷിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും വേണമെന്നും ഒസിഎച്ച്എ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മാര്‍ച്ച് 13ന് ഫലസ്തീന്‍ കുടുംബത്തിനു നേരെ പത്തംഗ സായുധ കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണവും റിപോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.

കഴിഞ്ഞ രാത്രി ഇസ്രായേലി കുടിയേറ്റക്കാര്‍ വടക്കന്‍ വെസ്റ്റ് ബാങ്ക് ഗ്രാമമായ ജലൂദില്‍ അതിക്രമിച്ച് കയറി മരങ്ങളും വേലിയും വെട്ടിമാറ്റി, ഉപകരണങ്ങള്‍ മോഷ്ടിക്കുകയും സ്ഥലത്ത് നിര്‍മാണ സാമഗ്രികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തായി ഫലസ്തീന്‍ ഉദ്യോഗസ്ഥനായ ഗാസന്‍ ഡഗ്ലസ് പറഞ്ഞു.

Next Story

RELATED STORIES

Share it