Latest News

എച്ച്3എന്‍2 ഇന്‍ഫ്‌ലുവന്‍സ; രോഗവ്യാപനത്തില്‍ ആശങ്കയുമായി ആരോഗ്യ വിദഗ്ധര്‍

എച്ച്3എന്‍2 ഇന്‍ഫ്‌ലുവന്‍സ; രോഗവ്യാപനത്തില്‍ ആശങ്കയുമായി ആരോഗ്യ വിദഗ്ധര്‍
X

ന്യൂഡല്‍ഹി: സാധാരണയായി വേനല്‍ക്കാലത്തിന്റെ മധ്യത്തോടെ ശക്തമാകുന്ന എച്ച്3എന്‍2 ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ ഇത്തവണ നേരത്തെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യവിദഗ്ധര്‍ ആശങ്ക രേഖപ്പെടുത്തി. പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് റിപോര്‍ട്ടുകള്‍.

കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും രോഗവ്യാപനത്തിന് പ്രധാന കാരണങ്ങളാകുന്നുവെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍ഫ്‌ലുവന്‍സ എ വൈറസിന്റെ ഉപവിഭാഗമായ എച്ച്3എന്‍2 ബാധിക്കുന്നവരില്‍ മറ്റു സാധാരണ പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഗലക്ഷണങ്ങള്‍ കൂടുതല്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് ഇത്തവണ ശ്രദ്ധേയമായ പ്രത്യേകത. വിട്ടുമാറാത്ത കഠിനമായ പനി, തുടര്‍ച്ചയായ ചുമയും തൊണ്ടവേദനയും, ശരീരവേദന, കടുത്ത ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രോഗവ്യാപനം തടയുന്നതിന് തിരക്കേറിയ ഇടങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കാനും കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യാനും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചു. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളവും പോഷകഗുണമുള്ള പാനീയങ്ങളും കഴിക്കണമെന്നും നിര്‍ദേശമുണ്ട്. ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി മതിയായ വിശ്രമം എടുക്കണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ദോഷകരമാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കുട്ടികള്‍, മുതിര്‍ന്നവര്‍, മറ്റു ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ ചികില്‍സ തേടണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it