Latest News

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും
X

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യ ഹരജിയില്‍ ഇന്ന് വാദം കേള്‍ക്കും. റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്ന് സ്വഭാവിക ജാമ്യം തേടിയാണ് വാസുവിന്റെ ഹരജി. കൊല്ലം വിജിലന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യപേക്ഷയില്‍ ഇന്നും വാദം തുടരും.

ശബരിമലയിലെ സ്വര്‍ണ കട്ടിളപാളി കേസിലെ മൂന്നാം പ്രതിയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്റും കമ്മിഷണറുമായിരുന്ന എന്‍ വാസു. 2025 നവംബര്‍ 11നാണ് വാസു അറസ്റ്റിലാകുന്നത്. റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായതോടെ എന്‍ വാസുവും സ്വാഭാവിക ജാമ്യത്തിന് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയായിരുന്നു. ഹരജിയില്‍ ഇന്ന് വാദം കേള്‍ക്കുന്ന വിജിലന്‍സ് കോടതി ജാമ്യം അനുവദിക്കാനാണ് സാധ്യത. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടേയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിന്റെ ജാമ്യ ഹരജിയില്‍ 11ന് വാദം കേള്‍ക്കും.

തന്ത്രി ഇരു കേസുകളിലായി സമര്‍പ്പിച്ച ജാമ്യഹരജികളില്‍ ഇന്നും വാദം തുടരും. പ്രതിഭാഗം വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. അഡ്മിനിട്രേറ്റീവ് കാര്യങ്ങളില്‍ തന്ത്രിക്ക് ഇടപെടാന്‍ കഴിയില്ലെന്നും ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ഇടപെടാന്‍ കഴിയുന്നതെന്നും പ്രതിഭാഗം വ്യക്തമാക്കി. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രിയുമായി ബന്ധമുണ്ട് എന്നതാണ് എസ്‌ഐടി റിപോര്‍ട്ട്. പ്രതിഭാഗം അതിന് എതിര്‍വാദം ഉന്നയിച്ചിരുന്നു. പ്രോസിക്യൂഷന്‍ വാദം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. വാദങ്ങള്‍ കേട്ട ശേഷം എസ്‌ഐടി റിപോര്‍ട്ട് കൂടി പരിഗണിച്ചാകും കോടതി വിധി പറയുക.

ശബരിമല സ്വര്‍ണകൊള്ളകേസിലെ പ്രതി ഗോവര്‍ധന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. നേരത്തെ, കേരള ഹൈക്കോടതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും പ്രതിയെ വിട്ടയക്കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഇതിനെതിരേയാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it