Latest News

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്തയില്‍ ഒരു ഗഡു കൂടി; നിരക്ക് 25 ശതമാനമായി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്തയില്‍ ഒരു ഗഡു കൂടി; നിരക്ക് 25 ശതമാനമായി
X

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) ഒരു ഗഡു കൂടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ 22 ശതമാനമായിരുന്ന ക്ഷാമബത്ത 25 ശതമാനമായാണ് വര്‍ധിപ്പിച്ചത്. വര്‍ധനവ് മാര്‍ച്ചില്‍ വിതരണം ചെയ്യുന്ന ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ പ്രാബല്യത്തില്‍ വരും. പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസം (ഡിആര്‍) ഇതേ നിരക്കില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കിലുള്ള ക്ഷാമാശ്വാസം മാര്‍ച്ച് മാസത്തെ പെന്‍ഷനോടൊപ്പം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ അഞ്ചു ഗഡു ക്ഷാമബത്ത കുടിശ്ശികയായി നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഒരു ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചത്. ശേഷിക്കുന്ന ഗഡുകള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, നിലവില്‍ ഒരു ഗഡുവിന് മാത്രമാണ് ഉത്തരവ് ഇറക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍, കോളജ്, പോളിടെക്‌നിക് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് പുതുക്കിയ നിരക്കില്‍ ക്ഷാമബത്ത ലഭിക്കും. അതോടൊപ്പം സര്‍വിസ് പെന്‍ഷന്‍കാര്‍, ഫാമിലി പെന്‍ഷന്‍കാര്‍, എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കും പുതുക്കിയ ക്ഷാമാശ്വാസത്തിന് അര്‍ഹത ഉണ്ടാകും.

ശമ്പളപരിഷ്‌കരണം ഇതുവരെ നടപ്പിലാക്കാത്തവര്‍ക്കും പഴയ ശമ്പളപരിഷ്‌കരണ സ്‌കെയിലുകളില്‍ തുടരുന്നവരുമായ ജീവനക്കാര്‍ക്കും അനുപാതികമായ വര്‍ധനവ് അനുവദിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it