Football

ഐഎസ്എല്‍: ബാംഗ്ലൂര്‍ പ്രതിരോധകോട്ട തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്

നിലവിലെ ചാംപ്യന്മാരായ ബാംഗ്ലൂര്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ ബാംഗ്ലൂര്‍ എഫ്‌സിയെ തകര്‍ത്തത്.ഉദാന്ത സിങിന്റെ ഗോളില്‍ (16ാം മിനിട്ടില്‍) മുന്നിലെത്തിയ ബാംഗ്ലൂരിനെ ഒഗ്ബച്ചേ നേടിയ ഇരട്ട ഗോളിലാണ് (45, 72) ബ്ലാസ്റ്റേഴ്സ് മറികടന്നത്. ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ബാംഗ്ലൂരിനെ കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിക്കുന്നത്. നേരത്തെ നാല് തവണ ഏറ്റുമുട്ടിയിട്ടും ബാംഗ്ലൂര്‍ കരുത്ത് മറികടക്കാന്‍ മഞ്ഞപ്പടയ്ക്ക് ആയിരുന്നില്ല. ആ ചീത്ത പേരും കൂടി കഴുകി കളഞ്ഞാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണ്‍ പൂര്‍ത്തിയാക്കുന്നത്

ഐഎസ്എല്‍: ബാംഗ്ലൂര്‍ പ്രതിരോധകോട്ട തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്
X

കൊച്ചി: ആരാധകര്‍ കാത്തിരുന്ന വിജയം ഒടുവില്‍ അവസാന ഹോം മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സമ്മാനിച്ചു.നിലവിലെ ചാംപ്യന്മാരായ ബാംഗ്ലൂര്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ ബാംഗ്ലൂര്‍ എഫ്‌സിയെ തകര്‍ത്തത്.ഉദാന്ത സിങിന്റെ ഗോളില്‍ (16ാം മിനിട്ടില്‍) മുന്നിലെത്തിയ ബാംഗ്ലൂരിനെ ഒഗ്ബച്ചേ നേടിയ ഇരട്ട ഗോളിലാണ് (45, 72) ബ്ലാസ്റ്റേഴ്സ് മറികടന്നത്. ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ബാംഗ്ലൂരിനെ കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിക്കുന്നത്. നേരത്തെ നാല് തവണ ഏറ്റുമുട്ടിയിട്ടും ബാംഗ്ലൂര്‍ കരുത്ത് മറികടക്കാന്‍ മഞ്ഞപ്പടയ്ക്ക് ആയിരുന്നില്ല. ആ ചീത്ത പേരും കൂടി കഴുകി കളഞ്ഞാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണ്‍ പൂര്‍ത്തിയാക്കുന്നത്. പ്ലേ ഓഫിന് യോഗ്യത നേടാനായില്ലെങ്കിലും ബാംഗ്ലൂരിന് തോല്‍പ്പിക്കാനായത് കോച്ച് എല്‍കോ ഷട്ടോരിക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.


മെസി-ഒഗ്ബച്ചേ കൂട്ട്കെട്ട് തന്നെയാണ് അവസാന ഹോം മല്‍സരത്തിലും ബ്ലാസ്റ്റേഴിനായി മുന്നേറ്റ നിരയില്‍ ഇറങ്ങിയത്. മലയാളിതാരം സഹല്‍ അബ്ദുള്‍ സമദും ആദ്യ ഇലവനില്‍ ഇടംനേടിയപ്പോള്‍ ഗോള്‍വല കാക്കാന്‍ ബിലാല്‍ ഖാനായിരുന്നു നിയോഗം. മറുവശത്ത് ക്യാപ്റ്റന്‍ ചേത്രിയുടെ അഭാവത്തില്‍ ഡേഷൊണ്‍ ബ്രൗണാണ് ബാംഗ്ലൂരിന്റെ ആക്രമണം നയിച്ചത്. നാലാം മിനിട്ടില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഗോള്‍പോസ്റ്റ് വിറപ്പിച്ച് ബാംഗ്ലൂര്‍ മുന്നറിയിപ്പ് നല്‍കി. ഉദാന്ത സിംഗിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പോസ്റ്റിലുരുമി പുറത്തേയ്ക്ക് പോയത്. തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം തിരിച്ചടിച്ച ബ്ലാസ്റ്റേഴ്സിന് ബോണസായി രണ്ട് കോര്‍ണര്‍കിക്കുകള്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. അധികം താമസിക്കാതെ പ്രതീക്ഷിച്ചപോലെ ആദ്യം വല കുലുക്കിയത് ബാംഗ്ലൂര്‍ തന്നെ. ബ്രൗണിന്റെ വകയായിരുന്നു മല്‍സരത്തിലെ ആദ്യ ഗോള്‍. മൈതാന മധ്യത്ത് നിന്ന് സുരേഷ് വാങ്ജം നീട്ടി നല്‍കിയ പന്ത് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനെ കബളിപ്പിച്ച് ബ്രൗണിന്റെ കാലുകളില്‍. മുന്നോട്ട് കയറിവന്ന ബിലാല്‍ഖാനെ സാക്ഷിയാക്കി ബ്രൗണ്‍ പന്ത് അനായാസം വലയിലെത്തിച്ചു(0-1).ഇതിനിടെ മധ്യനിരതാരം സിന്‍ഡോഞ്ച പരിക്കേറ്റ് മൈതാനം വിട്ടത് ആതിഥേയരെ സംബന്ധിച്ച് ആഘാതം ഇരട്ടിയാക്കി. മികച്ച രീതിയില്‍ പന്ത് മുന്നേറ്റ നിരയിലേക്ക് കൈമാറി നിറഞ്ഞുകളിക്കുന്നതിനിടയിലാണ് സിന്‍ഡോഞ്ചയെ പരിക്ക് പിടികൂടിയത്. ചില ഷോട്ടുകള്‍ ബാംഗ്ലൂര്‍ പോസ്റ്റിലേക്ക് പരീക്ഷിച്ച മെസിയുടെ അധ്വാനവും പക്ഷെ ഗോളായില്ല. വലതുവശത്ത്കൂടി ലാല്‍റുവത്താരയിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിനായി കളി മെനഞ്ഞത്. മുന്നേറ്റങ്ങള്‍ പിലപ്പോഴും കോര്‍ണറുകളായി രൂപപെടുത്തിയെങ്കിലും ഗോള്‍ മാത്രം മഞ്ഞപ്പടയില്‍ നിന്ന് അകന്ന് നിന്നു.

ബോക്സിന് തൊട്ടുവെളിയില്‍ നിന്ന് ലഭിച്ച ഫ്രീക്കികിലൂടെ ബാംഗ്ലൂര്‍ ലീഡ് ഉയര്‍ത്തുമെന്ന് കരുതിയെങ്കിലം ഗോളിയുടെ അവസരോചിതമായ ഇടപെടല്‍ അപകടമൊഴിവാക്കി. സെറ്റ് പീസുകളില്‍ നിന്ന് ഈ സീസണില്‍ 12 ഗോളുകള്‍ നേടിയ ടീമാണ് ബാംഗ്ലൂര്‍. ഇക്കാര്യം അറിയാമായിരുന്നിട്ടുകൂടി ബോക്സിന് വെളിയില്‍ മനപൂര്‍വ്വം ഫൗളുകള്‍ സൃഷ്ടിച്ച് അപകടം വിളിച്ചുവരുത്തുന്ന സമീപനമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ നിന്നുണ്ടായത്. പലപ്പോഴും നേരിയ വ്യത്യാസത്തിലാണ് ബാംഗ്ലൂരിന് ലക്ഷ്യം കാണാനാകാതെ പോയത്. ഇടവേളയ്ക്ക് തൊട്ടുമുമ്പ് നീലി നല്‍കിയ മികച്ച ത്രൂപാസുമായി ഉദാന്ത സിംഗ് വീണ്ടും ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യംവച്ചെങ്കിലും ഉണര്‍ന്നുകളിച്ച രാജു ഗെയ്ക്വാദ് അപകടം തട്ടിയകറ്റി. അധിക സമയത്തിന് തൊട്ടുമുമ്പ് കേരളത്തിന്റെ നായകന്‍ ഒഗബച്ചേ വീണ്ടും രക്ഷകനായി. ബോക്സിന് വെളിയില്‍ തന്നെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീക്കിക് ഒഗ്ബച്ചേതന്നെ ഗോളാക്കി മാറ്റുകയായിരുന്നു. നിലംപറ്റെ ശക്തിയിലുള്ള ഷോട്ട് പക്ഷെ തടുക്കുന്നതില്‍ ഗോളി ഗുര്‍പ്രീത് സിങിന് പിഴച്ചു(1-1). ടൂര്‍ണമെന്റില്‍ ഒഗ്ബച്ചേയുടെ 12-ാമത്തെ ഗോളായിരുന്നു അത്.


ജയംമാത്രം ലക്ഷ്യമിട്ട് ആക്രമണ ഫുട്ബോളിനാണ് രണ്ടാം പകുതിയുടെ തുടക്കം സാക്ഷ്യം വഹിച്ചത്. ജയം ലക്ഷ്യമിട്ട് ഏറെ മുന്നേറ്റ് കയറിയുള്ള കളിക്കാണ് രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ലക്ഷ്യംവച്ചത്. അതുകൊണ്ട് തന്നെ കൗണ്ടര്‍ അറ്റാക്കുകള്‍ക്കുള്ള ഏറെ അവസരവും ബാംഗ്ലൂരിനായി തുറന്ന് കിട്ടിയിരുന്നു. ഇതിനിടയില്‍ പന്തുമായി ഇരച്ചെത്തിയ മെസി ബൗളിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴസ്് മുന്നില്‍. കിക്കെടുത്ത ഒഗ്ബച്ചേ ഒരിക്കല്‍ കൂടി ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു(2-1). താരത്തിന്റെ സീസണിലെ 13-ാം ഗോളായിരുന്നു അത്. ഐഎസ്എലിലെ 25-ാമത്തേതും. സമനിലനേടാന്‍ ആവനാഴിയിലെ അവസാന അസ്ത്രവും ബാംഗ്ലൂര്‍ പരീക്ഷിച്ച് നോക്കിയെങ്കിലും മഞ്ഞപ്പടയുടെ പ്രതിരോധനിര അചഞ്ചലമായി നിലയുറപ്പിച്ചതോടെ ബ്ലാസ്റ്റേഴ്സ് ജയം മണത്തു. ഒടുവില്‍ അവസാന ഹോം മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ബാംഗ്ലൂരിനെ തറപ്പറ്റിച്ച് തുടര്‍ തോല്‍വികളില്‍ നിന്ന് തലയുയര്‍ത്തി ബ്ലാസ്റ്റേഴ്സ് മടങ്ങി.

Next Story

RELATED STORIES

Share it