Editorial

കോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി

കോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
X

2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ്സ് റിഹേഴ്‌സല്‍ എന്നു വിശേഷിപ്പിക്കാവുന്നതാണ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പുകള്‍. ഇവയില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മിസോറമിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ചയാണ്.

ഹിന്ദി ഹൃദയഭൂമി കോണ്‍ഗ്രസിനെ കൈവിട്ടെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പു ഫലങ്ങള്‍. മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലെത്തിയത്. തെലങ്കാനയില്‍ മാത്രമാണ് മിന്നുന്ന ജയം നേടി കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും ആശ്വസിക്കാനായത്. അവിടെ വ്യക്തമായ മുന്‍തൂക്കത്തോടെ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു. കര്‍ണാടകയ്ക്കു ശേഷം ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാനത്ത് കൂടി കോണ്‍ഗ്രസിന് ഭരണം ലഭിച്ചിരിക്കുകയാണ്. ഛത്തിസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയാണ് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയെങ്കില്‍ തെലങ്കാനയില്‍ കെ ചന്ദ്രശേഖരറാവുവിന്റെ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എന്ന പ്രാദേശിക കക്ഷിയെയാണ് കോണ്‍ഗ്രസിനു നേരിടേണ്ടിയിരുന്നത്.
ഛത്തിസ്ഗഡില്‍ എല്ലാ പ്രതീക്ഷകള്‍ക്കും പ്രവചനങ്ങള്‍ക്കും അതീതമായ അട്ടിമറിയാണ് നടന്നിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തിയെങ്കില്‍ പിന്നീട് ലീഡ് നില ബിജെപിക്ക് അനുകൂലമായി മാറിമറിഞ്ഞു.അന്തിമഫലം വന്നപ്പോള്‍ ഭരണം ബിജെപിയുടെ കൈയിലൊതുങ്ങി. ബിജെപിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന സംസ്ഥാനമായിരുന്നു രാജസ്ഥാന്‍. മാറി മാറി സര്‍ക്കാരുകളെ അധികാരത്തിലേറ്റുന്ന പാരമ്പര്യമാണ് രാജസ്ഥാനിലെ വോട്ടര്‍മാരുടേത്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പുഫലത്തില്‍ വലിയ അദ്ഭുതമൊന്നും അവിടെ സംഭവിച്ചതായി വിലയിരുത്താനാവില്ല. എങ്കിലും രാജസ്ഥാനിലെ ഭരണനഷ്ടം കോണ്‍ഗ്രസിനേറ്റ ആഘാതത്തിന് ആക്കം കൂട്ടുന്ന ഒന്നായി മാറി. വ്യക്തമായ ആധിപത്യം നേടി ഭരണത്തുടര്‍ച്ച ഭദ്രമാക്കിയതിലൂടെ മധ്യപ്രദേശ് ബിജെപിയുടെ വിജയത്തെ കൊഴുപ്പിക്കുകയും ചെയ്തു.


ഈ തിരഞ്ഞെടുപ്പു ഫലങ്ങള്‍ സുപ്രധാനമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്. അതിലേറ്റവും പ്രധാനം വെറുപ്പിന്റെ അങ്ങാടിയില്‍ സ്‌നേഹത്തിന്റെ കട തുറക്കാനുള്ള പ്രാപ്തി കോണ്‍ഗ്രസിന് ഇനിയും കൈവന്നിട്ടില്ലെന്ന് തിരിച്ചറിയുക എന്നതാണ്. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തെയും വര്‍ഗീയ അജണ്ടകളെയും പരാജയപ്പെടുത്തി അധികാരത്തിലേറണമെങ്കില്‍ വളരെയേറെ ശേഷി കോണ്‍ഗ്രസ് സംഭരിക്കേണ്ടിയിരിക്കുന്നു. അതിന് ആഴത്തിലുള്ള ആത്മപരിശോധന നടത്തുകയും തദടിസ്ഥാനത്തിലുള്ള നയപരിപാടികളും പ്രവര്‍ത്തന പദ്ധതികളും ആ പാര്‍ട്ടി മുന്നോട്ടുവയ്ക്കുകയും വേണ്ടതുണ്ട്. 2024ല്‍ മൂന്നാമൂഴം ഉറപ്പിക്കാന്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന നരേന്ദ്ര മോദിക്കും ബിജെപിക്കും ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് വിജയം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കുമെന്നതില്‍ സംശയമില്ല. ബിജെപിക്ക് കുറച്ചെങ്കിലും രാഷ്ട്രീയ വെല്ലുവിളിയാകുമെന്ന് മതനിരപേക്ഷ ചേരി ആത്മാര്‍ഥമായും കരുതിയിരുന്ന ഒന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിരയായ ഇന്‍ഡ്യ മുന്നണി. ഇപ്പോള്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം ഇന്‍ഡ്യ മുന്നണിയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക സ്വാഭാവികമാണ്.


അധികാര ദുരമൂത്ത നേതാക്കള്‍ സൃഷ്ടിക്കുന്ന ആഭ്യന്തര കലഹങ്ങള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു ഒഴിയാബാധയായി തുടരുകയാണ്. അമിതമായ ആത്മവിശ്വാസവും നേതാക്കളുടെ തമ്മിലടിയുമാണ് ആ പാര്‍ട്ടിയുടെ പരാജയത്തിന്റെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. വ്യത്യസ്തവും ചിലപ്പോള്‍ പരസ്പര വിരുദ്ധം പോലുമായ താല്‍പ്പര്യങ്ങള്‍ പേറുന്ന നിരവധി ചെറുകക്ഷികളും പ്രാദേശിക പാര്‍ട്ടികളും ഉള്‍ക്കൊള്ളുന്ന ഒരു വിശാല സഖ്യമാണ് ഇന്‍ഡ്യ മുന്നണി. രാജ്യം ഒരു സന്ദിഗ്ധ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ സ്വയം തമ്മില്‍ തല്ലുന്ന കോണ്‍ഗ്രസിന് എങ്ങനെയാണ് ഒരു വിപുലമായ മുന്നണി സംവിധാനത്തെ കാര്യക്ഷമതയോടെയും വിജയ പ്രതീക്ഷയോടെയും നയിക്കാനാവുക എന്നതാണ് പ്രശ്‌നം. പത്തുവര്‍ഷമായി അധികാരത്തിനു പുറത്തു നിന്നിട്ടും പരാജയങ്ങളില്‍നിന്ന് പാഠങ്ങള്‍ പഠിക്കുന്നില്ലെന്നതാണ് കോണ്‍ഗസിന്റെ ഏറ്റവും വലിയ പരാധീനത. ഇപ്പോഴും മൃദുഹിന്ദുത്വം കൈയൊഴിയാന്‍ വിമുഖത കാണിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നത് അതിന്റെ ചില പ്രമുഖനേതാക്കളുടെ പ്രസ്താവനകളില്‍ പോലും പ്രതിഫലിക്കുന്നുണ്ട്.


മറ്റൊന്ന് ശക്തമായ ഒരു രാഷ്ട്രീയ-സംഘടനാ സംവിധാനം കോണ്‍സിന് ഇല്ലെന്നതാണ്. ബിജെപിക്ക് അതുണ്ടുതാനും. അതുകൊണ്ടാണ് അങ്ങേയറ്റം ജനവിരുദ്ധമായ ഭരണ നടപടികളും നിയമനിര്‍മാണങ്ങളും സംഘപരിവാരത്തിന്റെ വിദ്വേഷ-വിധ്വംസക പ്രവര്‍ത്തനങ്ങളും ബിജെപി ഭരണകാലത്തുണ്ടായിട്ടും തിരഞ്ഞെടുപ്പുകളില്‍ അവര്‍ വീണ്ടും വീണ്ടും ജയിച്ചു കയറുന്നത്. മോദിക്ക് തുല്യരോ മോദിയേക്കാള്‍ ശക്തരോ ആയ ഒട്ടേറെ നേതാക്കളുള്ള ഒരു പാര്‍ട്ടിയാണ് ബിജെപി. ഭരണമികവിന്റെയും രാഷ്ട്രീയ പരിജ്ഞാനത്തിന്റെയും കാര്യത്തില്‍ മോദിയേക്കാള്‍ കഴിവുള്ളവരുണ്ടായിട്ടും മോദിയെ മുന്നില്‍ നിര്‍ത്തി ബിജെപി തിരഞ്ഞെടുപ്പുകളെ നേരിടുന്നത് ഹിന്ദുത്വയുടെ വീരനായകന്‍ എന്ന പരിവേഷത്തിന്റെ പിന്‍ബലം മോദിക്കുള്ളതു കൊണ്ടാണ്.


2002 ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലിം വിരുദ്ധ വംശഹത്യയാണ് മോദിയുടെ സ്ഥിര നിക്ഷേപം. ഹിന്ദുത്വ ഇന്ത്യയുടെ വീരപുരുഷനായി മോദിയെ അതിസമര്‍ഥമായി വിപണനം ചെയ്യുന്നുണ്ട് സംഘപരിവാരം. അത് ഇന്ത്യന്‍ ജനതയില്‍ ഭൂരിപക്ഷമെന്ന് കരുതപ്പെടുന്ന ഹിന്ദു വോട്ടര്‍മാരുടെ മനശ്ശാസ്ത്രം മനസ്സിലാക്കിയാണ്. മേല്‍ജാതിക്കാര്‍ക്കും ഹിന്ദു മധ്യവര്‍ഗത്തിനുമപ്പുറം ഗോത്രവിഭാഗങ്ങളിലടക്കം സ്വീകാര്യത നേടാന്‍ രാംനാഥ് ഗോവിന്ദിന്റെയും ദ്രൗപദി മുര്‍മുവിന്റെയുമെല്ലാം രാഷ്ട്രപതി നിയോഗങ്ങള്‍ അവരെ സഹായിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ ഉന്മാദ ദേശീയതയും വിജൃംഭിത ദേശഭക്തിയും മറയില്ലാത്ത വര്‍ഗീയതയും തിരഞ്ഞെടുപ്പു യുദ്ധങ്ങളില്‍ ബിജെപി ആയുധങ്ങളാക്കുകയും ചെയ്യുന്നു. ഇപ്പുറത്ത് കോണ്‍ഗ്രസിന് രാജീവ് ഗാന്ധിക്കു ശേഷം ജനമനസ്സ് കവര്‍ന്ന, കരിഷ്മയുള്ള ഒരു നേതാവുണ്ടായിട്ടില്ല.ഭാരത് ജോഡോ യാത്രയിലൂടെ വിപുലമായ തോതില്‍ ജനമനസ്സ് കവര്‍ന്നിട്ടും രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പുകളെ മുന്നില്‍ നിന്ന് നേരിടാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിന്റെ ഔദ്യോഗിക നേതൃത്വസ്ഥാനത്ത് അദ്ദേഹമില്ല. നേതൃപദവി ഇല്ലെങ്കിലും ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞിരുന്നതു പോലെ ആജ്ഞാശക്തിയുള്ള, തീരുമാനാധികാരമുള്ള ഒരു നേതാവല്ല രാഹുല്‍. ഇത് പ്രധാനപ്പെട്ട ഒരു പോരായ്മ തന്നെയാണ്. ജനാധിപത്യത്തില്‍ കലക്റ്റീവ് ലീഡര്‍ഷിപ്പും കൂട്ടുത്തരവാദിത്തവും ഒക്കെയാണ് പ്രധാനമെങ്കിലും ഇന്ത്യന്‍ വോട്ടര്‍മാരുടെ ഒരു മനശ്ശാസ്ത്ര പരിസരം പരിഗണിച്ചു കൊണ്ടുള്ള നേതൃ സങ്കല്‍പ്പവും പ്രയോഗവും വേണ്ടതുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നു മല്‍സരിച്ച രാഹുല്‍ ഗാന്ധി നേടിയ വോട്ടുകള്‍ മേല്‍പ്പറഞ്ഞ മനശ്ശാസ്ത്ര യുക്തിയുടെ തെളിവാണ്.


പ്രധാനമന്ത്രിയോ അല്ലെങ്കില്‍ ശക്തനായ പ്രതിപക്ഷ നേതാവെങ്കിലുമോ ആയ ഒരു വീരനായക പ്രതീകമായി രാഹുല്‍ ഗാന്ധിയെ ജനങ്ങള്‍ കണ്ടിട്ടുണ്ടാവണം. അത്തരമൊരു അഴിച്ചുപണിയും സമീപനമാറ്റവും കോണ്‍ഗ്രസിനു സാധ്യമാവുമോ എന്നതും പ്രശ്‌നമാണ്. തഴമ്പും തലയെടുപ്പും ഈഗോയുമുള്ള നേതാക്കളുള്ള പല കക്ഷികളും അണിചേര്‍ന്നിരിക്കുന്ന ഒരു പ്രതിപക്ഷ മുന്നണിയെ നയിക്കാന്‍ അനുനയമികവും ആജ്ഞാശക്തിയുമുള്ള നേതൃത്വം അനിവാര്യമാണ്. രാജ്യത്തിന്റെ ബഹുഭൂരിപക്ഷം വരുന്ന ദലിത്-ആദിവാസി-പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളുടെ വികാരങ്ങളെ സ്വാംശീകരിക്കാനും അവരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും കഴിയുന്ന രാഷ്ട്രീ ബോധ്യം കോണ്‍സ് ഇനിയും ആര്‍ജിച്ചെടുക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ബിജെപിക്കുള്ള മതനിരപേക്ഷ ബദലായി മാറാന്‍ കോണ്‍ഗ്രസിന് കഴിയൂ.
Next Story

RELATED STORIES

Share it