Latest News

യുഎസില്‍ പോലിസ് വാഹനമിടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

2023ല്‍ വാഷിങ്ടണിലെ സിയാറ്റിലില്‍വച്ചായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിയായ ജാഹ്നവി പോലിസ് വാഹനമിടിച്ച് മരിച്ചത്

യുഎസില്‍ പോലിസ് വാഹനമിടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
X

സിയാറ്റില്‍: യുഎസിലെ സിയാറ്റിലില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പോലിസ് പട്രോള്‍ വാഹനമിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി ജാഹ്നവി(23) മരിച്ച സംഭവത്തില്‍ 29 ദശലക്ഷം ഡോളര്‍(ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. സിയാറ്റില്‍ നഗരസഭയാണ് ഇക്കാര്യം അറിയിച്ചത്. നോര്‍ത്ത് ഈസ്റ്റേണ്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാഹ്നവി കുണ്ഡലയാണ് 2023ല്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിപ്പെട്ട് മരിച്ചത്. ജാഹ്നവിയുടെ കുടുംബം നല്‍കിയ സിവില്‍ കേസിനെത്തുടര്‍ന്നാണ് വന്‍തുക നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനമായത്.

അടിയന്തര കേസിനായി മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞുവന്ന പോലിസ് ഓഫീസര്‍ കെവിന്‍ ഡേവ് ഓടിച്ച വാഹനമാണ് യുവതിയെ ഇടിച്ചുതെറിപ്പിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യുന്നതിനായി അമിത വേഗത്തില്‍ വാഹനം ഓടിച്ചു പോവുകയായിരുന്നു ഡേവ്. സൈറണും എമര്‍ജന്‍സി ലൈറ്റുമടക്കം ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മണിക്കൂറില്‍ 25 മൈല്‍ വേഗം നിശ്ചയിച്ചിട്ടുള്ള മേഖലയില്‍ 74 മൈല്‍ വേഗത്തിലായിരുന്നു ഡേവ് വാഹനമോടിച്ചത്.

ജാഹ്നവിയുടെ മരണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും ഈ നഷ്ടപരിഹാരം കുടുംബത്തിന് ആശ്വാസമാകുമെന്ന് കരുതുന്നുവെന്നും സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. ജാഹ്നവി കണ്ടുലയുടെ ജീവിതം വിലപ്പെട്ടതായിരുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നമ്മുടെ സമൂഹത്തിനും പ്രധാനപ്പെട്ടതായിരുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

അതേസമയം, ജാഹ്നവിയെ ഇടിക്കുന്ന സമയത്ത് പോലിസ് ഉദ്യോഗസ്ഥനായിരുന്ന ഡേവ് മനപ്പൂര്‍വ്വം സുരക്ഷാ ക്രമീകരണങ്ങള്‍ അവഗണിച്ചതായി കണ്ടെത്താന്‍ സാധിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവിങ് ഓഫീസറെ പോലിസ് വകുപ്പില്‍ നിന്ന് പുറത്താക്കും. നഷ്ടപരിഹാര തുകയായ 29 ദശലക്ഷം ഡോളറില്‍ 20 ദശലക്ഷം ഡോളര്‍ ഇന്‍ഷുറന്‍സിലൂടെയാവും കണ്ടെത്തുക.

Next Story

RELATED STORIES

Share it