Latest News

വിസി മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി; കേരള സര്‍വകലാശാല യൂണിയന് കാലാവധി പൂര്‍ത്തിയാക്കാമെന്ന് ഹൈക്കോടതി

വിസിക്കെതിരേ എസ്എഫ്‌ഐ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് യൂണിയന്‍ അസാധുവാക്കാന്‍ നടപടിയെടുത്തത്

വിസി മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി; കേരള സര്‍വകലാശാല യൂണിയന് കാലാവധി പൂര്‍ത്തിയാക്കാമെന്ന് ഹൈക്കോടതി
X

കൊച്ചി: കേരള സര്‍വകലാശാല യൂണിയന്റെ കാലാവധി അവസാനിപ്പിച്ച വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി. സര്‍വകലാശാല യൂണിയന്‍ അസാധുവാക്കിയ വിസിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാല യൂണിയന് കാലാവധി പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സര്‍വകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികള്‍ നടത്താനും ഹൈക്കോടതി അനുമതി നല്‍കി. സര്‍വകലാശാല യൂണിയന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.

ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിനായിരുന്നു കേരള സര്‍വകലാശാല യൂണിയന്‍ മോഹനന്‍ കുന്നുമ്മല്‍ അസാധുവാക്കിയത്. വിസിക്കെതിരേ എസ്എഫ്‌ഐ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് യൂണിയന്‍ അസാധുവാക്കാന്‍ നടപടിയെടുത്തത്. തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുകയായിരുന്നു വിസി. യൂണിയന്റെ കാലാവധി കഴിഞ്ഞതിനാലാണ് നടപടിയെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. എന്നാല്‍ പ്രതികാര നടപടിയെന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം.

കേരള സര്‍വകലാശാല കലോല്‍സവം സമയബന്ധിതമായി നടത്തുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധത്തിലായിരുന്നു. ആവശ്യം കടുപ്പിച്ച് എസ്എഫ്ഐ രാപ്പകല്‍ സമരവും ആരംഭിച്ചിരുന്നു. കലോല്‍സവം നടത്താന്‍ സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയെങ്കിലും വൈസ് ചാന്‍സലര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നായിരുന്നു എസ്എഫ്ഐ ചൂണ്ടിക്കാട്ടിയത്.

വിസിയുടെ നടപടിയെ എതിര്‍ത്ത് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സര്‍വകലാശാല ആസ്ഥാനത്ത് നടന്ന പ്രതിഷേധം വലിയ സംഘര്‍ഷത്തിലായിരുന്നു കലാശിച്ചത്. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തുകയറുകയും പോലിസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ളവരെ പോലിസ് അറസ്റ്റു ചെയ്ത് നീക്കുകയും ചെയ്തിരുന്നു.

വിദ്യാര്‍ഥികള്‍ക്കു നേരെ പോലിസ് ലാത്തിവീശിയിരുന്നു. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എ ആര്‍ ക്യാംപിലേക്കും മാര്‍ച്ച് നടത്തി. ഇതിനു പിന്നാലെയായിരുന്നു യൂണിയന്‍ അസാധുവാക്കിക്കൊണ്ടുള്ള വിസിയുടെ ഉത്തരവ് വരുന്നത്. ഇതിനെതിരേ സര്‍വകലാശാല യൂണിയന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it