Kerala

നിപയെ 'പ്രതിരോധിക്കാന്‍' നിര്‍മിച്ച മഖ്ബറ കെട്ടിടം പൊളിച്ചുനീക്കാന്‍ പഞ്ചായത്തിന്റെ നോട്ടീസ്

ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്ഥലമുടമയ്ക്ക് ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് നോട്ടീസ് അയച്ചത്. മ

നിപയെ പ്രതിരോധിക്കാന്‍ നിര്‍മിച്ച മഖ്ബറ കെട്ടിടം പൊളിച്ചുനീക്കാന്‍ പഞ്ചായത്തിന്റെ നോട്ടീസ്
X

കോഴിക്കോട്: നാടിനെ നടുക്കിയ നിപ വൈറസ് ബാധയ്ക്കു കാരണം മഖ്ബറ സംരക്ഷിക്കാത്തതാണെന്ന വാദമുയര്‍ത്തി പേരാമ്പ്ര പന്തിരിക്കരയിലെ സൂപ്പിക്കടയില്‍ നിര്‍മിച്ച മഖ്ബറ കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കി. അനുമതിയില്ലാതെ മഖ്ബറ നിര്‍മിച്ചതു സംബന്ധിച്ച് ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്ഥലമുടമയ്ക്ക് ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് നോട്ടീസ് അയച്ചത്. മഖ്ബറ കെട്ടിടം പൊളിച്ചുമാറ്റാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം പഞ്ചായത്തിനെ അറിയിക്കണമെന്നും അല്ലെങ്കില്‍ പൊളിച്ചുനീക്കാനുള്ള നടപടിയുമായി ഭരണസമിതി മുന്നോട്ടുപോവുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.നൂറ്റാണ്ടുകള്‍ക്കു മുമ്പ് സൂപ്പിക്കടയില്‍ ഒരു സൂഫി വര്യന്റെ മഖ്ബറയുണ്ടായിരുന്നുവെന്നും പിന്നീട് ഇത് സംരക്ഷിക്കാത്തതാണ് നിപ വൈറസ് ബാധയുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ വരാന്‍ കാരണമെന്നും പ്രചരിപ്പിച്ചാണ് മഖ്ബറ നിര്‍മിച്ചത്. വിശ്വാസികളെ ചൂഷണം ചെയ്ത് പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ചൂണ്ടിക്കാട്ടി ഒരുവ്ഭാഗം നാട്ടുകാര്‍ ഇതിനെതിരേ പഞ്ചായത്തില്‍ പരാതി നല്‍കുകയായിരുന്നു. മഖ്ബറ നിര്‍മാണത്തിന് അനുമതി തേടി സ്ഥലമുടമ പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ ജില്ലാ കലക്ടര്‍ക്കു കൈമാറുകയായിരുന്നു. ഭരണ സമിതിക്ക് തീരുമാനിക്കാമെന്നാണു കലക്ടര്‍ അറിയിച്ചത്. എന്നാല്‍ അന്തിമ തീരുമാനമുണ്ടാവുന്നതു വരെ കെട്ടിടം നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് പഞ്ചായത്ത് ഉത്തരവിട്ടെങ്കിലും ഇത് മറികടന്ന് നിര്‍മാണം തുടങ്ങുകയായിരുന്നു. മഖ്ബറ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം പ്രദേശത്ത് സമൂഹ സദ്യയും സംഘടിപ്പിച്ചിരുന്നു. അജ്മീര്‍ ദര്‍ഗയിലെന്ന പോലെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് സൂപ്പിക്കടയിലും വിശ്വാസികള്‍ എത്തിയിരുന്നുവെന്നാണ് സ്ഥലമുടമയുടെ വാദം. എന്നാല്‍ ഇത് തെളിയിക്കാനാവശ്യമായ ചരിത്രപരമായ തെളിവുകളില്ലെന്നു മാത്രമല്ല, നാട്ടിലെ പ്രായമായവര്‍ക്കു പോലും ഇതേക്കുറിച്ച് അറിയില്ലെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.




Next Story

RELATED STORIES

Share it