Kerala

കൊവിഡ് പ്രതിസന്ധി: താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം;ആവശ്യത്തില്‍ ഉറച്ച് നിര്‍മാതാക്കള്‍

സൂപ്പര്‍താരങ്ങള്‍ അടക്കം പ്രതിഫലം കുറയ്ക്കാത്ത പക്ഷം സിനിമാ മേഖല മുന്നോട്ട് പോകില്ലെന്നും ഇക്കാര്യം വരും ദിവസങ്ങളില്‍ താരസംഘടനകളും മറ്റ് സിനിമാ സംഘടനകളുമായി നടക്കുന്ന ചര്‍ച്ചയില്‍ മുന്നോട്ട്വയ്ക്കാമെന്നും നിര്‍മാതാക്കളും വിതരണക്കാരും ധാരണയിലെത്തി. ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് നിലപാടുകള്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയത്

കൊവിഡ് പ്രതിസന്ധി:  താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം;ആവശ്യത്തില്‍  ഉറച്ച് നിര്‍മാതാക്കള്‍
X

കൊച്ചി: താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ വിട്ടുവിഴ്ച്ചകളില്ലെന്ന നിലപാടുമായി സിനിമാ നിര്‍മാതാക്കളും വിതരണക്കാരും. സൂപ്പര്‍താരങ്ങള്‍ അടക്കം പ്രതിഫലം കുറയ്ക്കാത്ത പക്ഷം സിനിമാ മേഖല മുന്നോട്ട് പോകില്ലെന്നും ഇക്കാര്യം വരും ദിവസങ്ങളില്‍ താരസംഘടനകളും മറ്റ് സിനിമാ സംഘടനകളുമായി നടക്കുന്ന ചര്‍ച്ചയില്‍ മുന്നോട്ട്വയ്ക്കാമെന്നും നിര്‍മാതാക്കളും വിതരണക്കാരും ധാരണയിലെത്തി. ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് നിലപാടുകള്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയത്.

കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മലയാള സിനിമാ മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പ്രതിഫല വിഷയത്തിലടക്കമുള്ള തുടര്‍ നടപടികളും യോഗത്തില്‍ ചര്‍ച്ചയായി. വിഷയത്തില്‍ താരങ്ങളുടെ സംഘടനയായ അമ്മ , സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്ക എന്നിവരുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഒരു വിട്ടുവീഴ്ചയും പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ സ്വീകരിക്കേണ്ട എന്നാണ് ഭൂരിപക്ഷാഭിപ്രായം. വിഷയത്തില്‍ താര സംഘടനയുടെ തീരുമാനം വൈകുന്നതില്‍ നിര്‍മാതാക്കള്‍ക്ക് അതൃപ്തിയും പ്രകടിപ്പിച്ചു.

വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഫെഫ്ക അറിയിച്ചിട്ടുണ്ട്. സിനിമ മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ മറ്റ് സംഘടനകളുമായി ഉടന്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. നാളെ കൊച്ചിയില്‍ തന്നെ തിയേറ്ററുടമകളുമായും നിര്‍മ്മാതാക്കളുടെ സംഘടന ചര്‍ച്ച നടത്തുന്നുണ്ട്. അതേ സമയം താരസംഘടനയില്‍ പ്രതിഫല വിഷയം വൈകാതെ ചര്‍ച്ചയാകുമെന്ന് സംഘടനയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രസിഡന്റ് മോഹന്‍ലാല്‍ വൈകാതെ കൊച്ചിയിലെത്തും. സംഘടനയ്ക്കുളളില്‍ ചര്‍ച്ച ചെയ്തതിന് ശേഷം പ്രതിഫല വിഷയത്തില്‍ തീരുമാനങ്ങള്‍ കൈകൊള്ളുമെന്നും സംഘടനയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

--

Next Story

RELATED STORIES

Share it