Sub Lead

ഞങ്ങളുടെ മാധ്യമപ്രവർത്തകർ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല: കശ്മീര്‍ ടൈംസ് എഡിറ്റര്‍

ഞങ്ങളുടെ മാധ്യമപ്രവർത്തകർ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല: കശ്മീര്‍ ടൈംസ് എഡിറ്റര്‍
X

ശ്രീനഗര്‍: കശ്മീരില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ലെന്നും ആളുകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഇപ്പോഴും നിഷേധിക്കപ്പെടുകയാണെന്നും കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍. പുറത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങള്‍ കുറവാണെങ്കിലും താഴ്‌വരയിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത നിയന്ത്രണമാണ് നേരിടുന്നത്. ഗതാഗത സംവിധാനങ്ങളെല്ലാം നിലച്ചതിനാല്‍ റിപോര്‍ട്ടിങ്ങിന് തടസമുണ്ടെന്നും 'ദി ലോജിക്കല്‍ ഇന്ത്യന്' നല്‍കിയ അഭിമുഖത്തില്‍ അനുരാധ പറഞ്ഞു.

ശ്രീനഗര്‍ ബ്യൂറോയിലെ എട്ടോളം റിപോര്‍ട്ടേഴ്‌സുമായി ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. മറ്റ് ജില്ലകളിലെ ഞങ്ങളുടെ കറസ്പോണ്ടന്റുകളെയും സ്ട്രിംഗേഴ്‌സിനേയും കുറിച്ച് ഞങ്ങള്‍ക്കറിയില്ല. അവരുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അവര്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല.

താഴ്വരയില്‍ ലാന്‍ഡ് ലൈൻ സേവനങ്ങള്‍ പുനസ്ഥാപിച്ചുവെന്ന സര്‍ക്കാര്‍ അവകാശവാദത്തെയും അവര്‍ എതിര്‍ത്തു. മൊബൈല്‍ ഫോണുകള്‍ വന്ന ശേഷം നിരവധി ആളുകള്‍ സ്വകാര്യ ലാന്‍ഡ് ലൈനുകൾ വിച്ഛേദിച്ചിരുന്നു. ഇപ്പോള്‍ കശ്മീര്‍ മീഡിയ സെന്റര്‍ മാത്രമാണ് വാര്‍ത്ത കൈമാറുന്നതിനുള്ള ഏക മാര്‍ഗം. (കശ്മീര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കാനായി ഭരണകൂടം നല്‍കിയ ഇടമാണ് കശ്മീര്‍ മീഡിയ സെന്റര്‍)

ആശയവിനിമയം പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ താഴ്‌വരയില്‍ നടക്കുന്ന കാര്യങ്ങളൊന്നും അറിയാന്‍ സാധിക്കുന്നില്ല. അതാണ് ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്. വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ല. വ്യാജ വാര്‍ത്തകള്‍ പരിശോധിക്കുന്നതിനുള്ള മാര്‍ഗങ്ങളുമില്ല. നേരത്തെ മാധ്യമങ്ങളുമായി വിവരം കൈമാറിയിരുന്ന ഉദ്യോഗസ്ഥരൊന്നും ഇപ്പോള്‍ ഒന്നും സംസാരിക്കാന്‍ തയ്യാറാവുന്നില്ല. ഒരു വിവരവും പുറത്തുവിടാന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്നാണ് അവര്‍ പറയുന്നത്.

പത്രങ്ങളുടെ വില്‍പ്പന നിലച്ച അവസ്ഥയിലാണ്. ഞങ്ങള്‍ ഒരു മാസമായി കശ്മീര്‍ ടൈംസ് ശ്രീനഗര്‍ പതിപ്പ് അച്ചടിക്കുന്നില്ല. ഞങ്ങളുടെ ആസ്ഥാനം ജമ്മുവിലാണ്, അതിനാല്‍ പേജുകളുടെ സോഫ്റ്റ് കോപ്പി കൈമാറാന്‍ ബുദ്ധിമുട്ടുണ്ട്. ആശയവിനിമയം സാധ്യമാകാത്ത കാരണം എഡിറ്റോറിയല്‍ തീരുമാനങ്ങള്‍ എടുക്കാനും കഴിയുന്നില്ല. എന്നാല്‍ കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് സിജെഐ രജ്ഞന്‍ ഗോഗോയ് നടത്തിയ പ്രസ്താവനയെ കുറിച്ച് അനുരാധ ബാസിന്‍ പ്രതികരിച്ചില്ല.

Next Story

RELATED STORIES

Share it