Sub Lead

നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടൽ; മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു.

ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടേയും മൃതദേഹമാണ് കണ്ടെത്തിയത്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.

നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടൽ; മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു.
X

നിലമ്പൂർ: നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടി മുപ്പതോളം വീടുകൾ മണ്ണിനടിയിലായ സംഭവത്തിൽ മൂന്ന് മൃതദേഹം കണ്ടെടുത്തു. അന്‍പതിനും 100നും ഇടയില്‍ ആളുകളെ കാണാതായിട്ടുണ്ട് എന്നാണ് പിവി അന്‍വര്‍ എംഎൽഎ നല്‍കുന്ന സൂചന. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടേയും മൃതദേഹമാണ് കണ്ടെത്തിയത്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.

കവളപ്പാറയിലേക്ക് എൻഡിആര്‍എഫ് സംഘം ഉടനെത്തും എന്നാണ് റിപോർട്ടുകൾ. വൈദ്യുതിയും വാര്‍ത്താ വിനിമയ ബന്ധങ്ങളും ഇല്ലാതായ കവളപ്പാറയിലെ അവസ്ഥ ഏറെ മണിക്കൂറിന് ശേഷമാണ് പുറം ലോകമറിയുന്നത്. ഏഴുപതോളം വീടുകളുണ്ടായിരുന്ന പ്രദേശത്ത് മുപ്പത് വീടുകളെങ്കിലും മണ്ണിനടിയിൽ ആയ അവസ്ഥയാണ്. അമ്പതോളം പേരെ കുറിച്ച് യാതൊരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല.

ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് പ്രദേശത്ത് വൻഉരുൾപൊട്ടൽ ഉണ്ടായത്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ​ഗതാ​ഗതം തടസ്സപ്പെട്ടതിനാൽ കവളപ്പാറയിൽ എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നത്. പ്രദേശത്തെ ആദിവാസി കോളനികളിലും ഉരുൾപൊട്ടൽ സാരമായി ബാധിച്ചു. ആകെ അഞ്ച് വീടുകളാണ് കോളനിയിൽ ഉള്ളത്. രാവിലെ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ മഴ കുറയുമെന്ന റിപോർട്ടുകൾ ഉണ്ടെങ്കിലും മലബാർ മേഖലയിൽ മഴ ഇനിയും ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. യാത്രാവിമാനങ്ങൾക്കായി കൊച്ചി നാവികസേന വിമാനത്താവളം തുറക്കും. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്നാണ് നാവികസേന നടപടി. കൊച്ചി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതിനെ തുടർന്നാണു നാവികസേന വിമാനത്താവളം യാത്രാ ആവശ്യങ്ങൾക്കായി തുറന്നത്.

Next Story

RELATED STORIES

Share it