Sub Lead

നാട്ടുകാരെന്ന് അവകാശപ്പെട്ട് സിംഘുവില്‍ കര്‍ഷകര്‍ക്കെതിരേ പ്രതിഷേധം

ഗാസിപുരിലെ സമരഭൂമിയിലും സംഘര്‍ഷ സമാനമായ സാഹചര്യമാണ്. ഇവിടേക്കുള്ള വൈദ്യുതിയും ജലവിതരണവും യുപി സര്‍ക്കാര്‍ വിച്ഛേദിച്ചു.

നാട്ടുകാരെന്ന് അവകാശപ്പെട്ട് സിംഘുവില്‍ കര്‍ഷകര്‍ക്കെതിരേ പ്രതിഷേധം
X

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയായ സിംഘുവില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരേ നാട്ടുകാരെന്ന് അവകാശപ്പെട്ട് ഒരു സംഘം ആളുകളുടെ പ്രതിഷേധം. ദേശീയ പതാകയുമേന്തി സംഘം സമരഭൂമിയിലേക്ക് മാര്‍ച്ച് നടത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് സിംഘു അതിര്‍ത്തിയിലെ നാട്ടുകാരാണെന്ന് അവകാശപ്പെട്ട് ഒരുകൂട്ടം ആളുകള്‍ പ്രതിഷേധവുമായെത്തിയത്.

ദേശീയപാതയില്‍ നിന്ന് കര്‍ഷകര്‍ പിരിഞ്ഞുപോകണമെന്നാണ് ഇവരുടെ ആവശ്യം. ദിവസങ്ങളായി തുടരുന്ന കര്‍ഷക പ്രതിഷേധം തങ്ങളുടെ വ്യവസായത്തെ മോശമായി ബാധിച്ചുവെന്നും റിപബ്ലിക്ക് ദിനത്തില്‍ ദേശീയപതാകയെ അപമാനിച്ച കര്‍ഷകര്‍ക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും നാട്ടുകാരില്‍ ചിലര്‍ ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

രാജ്യതലസ്ഥാനത്ത്‌ കഴിഞ്ഞ 60 ദിവസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നൂറുകണക്കിന് കര്‍ഷകരാണ് സിംഘു അതിര്‍ത്തിയിലുള്ളത്. പ്രദേശത്തെ സുരക്ഷ പോലിസ് ശക്തിപ്പെടുത്തി. പ്രതിഷേധക്കാര്‍ റോഡിന്റെ മറുവശത്തേക്ക് കടക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.

ഗാസിപുരിലെ സമരഭൂമിയിലും സംഘര്‍ഷ സമാനമായ സാഹചര്യമാണ്. ഇവിടേക്കുള്ള വൈദ്യുതിയും ജലവിതരണവും യുപി സര്‍ക്കാര്‍ വിച്ഛേദിച്ചു. സമരഭൂമിയില്‍ നിന്ന് രണ്ട് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നേരത്തെ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ബുധനാഴ്ച രാത്രി ജില്ലാ മജിസ്‌ട്രേറ്റും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സമരഭൂമിയിലെത്തി പ്രതിഷേധം അവസാനിപ്പിക്കാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

കര്‍ഷകര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രദേശത്തേക്ക് കൂടുതല്‍ പോലിസ് സേനയെ വിന്യസിച്ചു. ഷാജഹാന്‍പുരിലും കര്‍ഷകര്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. തിക്രിയിലും കൂടുതല്‍ പോലിസിനെ വിന്യസിച്ചു. അതേസമയം വൈദ്യുതിയും ജലവിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ ഗാസിപൂരിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

Next Story

RELATED STORIES

Share it