Kerala

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: ജനപ്രതിനിധികളെ ഒഴിവാക്കി; ബിജെപി നേതാക്കളെ തിരുകിക്കയറ്റി

ഇന്നു നാടിനു സമര്‍പ്പിക്കുന്ന കൊല്ലം ബൈപ്പാസിനെ അവസാന മണിക്കൂറുകളിലും വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. ഉദ്ഘാടന ചടങ്ങില്‍ നിന്നും സ്ഥലം എംഎല്‍എമാരെയും കൊല്ലം മേയറെയും ഒഴിവാക്കി ബിജെപി നേതാക്കളെ ഉള്‍പ്പെടുത്തിയതാണ് പുതിയ വിവാദത്തിലേക്ക് നയിച്ചത്.

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: ജനപ്രതിനിധികളെ ഒഴിവാക്കി; ബിജെപി നേതാക്കളെ തിരുകിക്കയറ്റി
X

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു നാടിനു സമര്‍പ്പിക്കുന്ന കൊല്ലം ബൈപ്പാസിനെ അവസാന മണിക്കൂറുകളിലും വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. ബൈപാസിനെ ചൊല്ലിയുള്ള രാഷ്ട്രീയപോര് തുടരുകയാണ്. ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ നിന്നും സ്ഥലം എംഎല്‍എമാരെയും കൊല്ലം മേയറെയും ഒഴിവാക്കി ബിജെപി നേതാക്കളെ ഉള്‍പ്പെടുത്തിയതാണ് പുതിയ വിവാദത്തിലേക്ക് നയിച്ചത്. ബൈപാസ് കടന്നുപോവുന്ന ഇരവിപുരം, ചവറ മണ്ഡലത്തിലെ ഇടതു എംഎല്‍എമാര്‍ക്കും നഗരസഭ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടം നല്‍കാതെ തിരുവനന്തപുരം ജില്ലയിലെ നേമം എംഎല്‍എ ഉള്‍പ്പെടുത്തിയതിനെതിരേ സിപിഎം പ്രതിഷേധവുമായി രംഗത്തെത്തി. പരിപാടിയുടെ മോടി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തുവന്നു.

ഇരവിപുരം, കൊല്ലം, ചവറ നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് ബൈപാസ് കടന്നുപോവുന്നത്. കൊല്ലം എംഎല്‍എ എം മുകേഷിന് മാത്രമാണു വേദിയില്‍ ഇടം അനുവദിച്ചത്. ഇരവിപൂരം എംഎല്‍എ എം നൗഷാദിനെയും ചവറ എംഎല്‍എ വിജയന്‍ പിള്ളയെയും കൊല്ലം മേയര്‍ വി രാജേന്ദ്രബാബുവിനേയും അവസാനനിമിഷം പരിപാടിയില്‍ നിന്നും വെട്ടിമാറ്റി. അതേസമയം ബിജെപിയുടെ എംഎഎല്‍എയായ ഒ രാജഗോപാലിനും രാജ്യസഭാംഗങ്ങളായ വി മുരളീധരനും സുരേഷ് ഗോപിക്കും വേദിയില്‍ ഇരിപ്പിടം നല്‍കി. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അന്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, ജി സുധാകരന്‍, കെ രാജു എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ് എന്നിവരും ഉദ്ഘാടന വേദിയിലുണ്ടാവും.

പരിപാടിയില്‍ പങ്കെടുക്കാനുള്ളവരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ ലിസ്റ്റ്് വെട്ടിനിരത്തിയെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി സുദേവന്‍ ആരോപിച്ചു. ഇരവിപുരം, ചവറ മണ്ഡലം എംഎല്‍എമാരേയും മേയറേയും ഒഴിവാക്കിയതും പ്രതിഷേധാര്‍ഹമാണ്. അര്‍ഹതയുള്ള എംഎല്‍എമാരെ ഒഴിവാക്കി ബൈപ്പാസ് ഉദ്ഘാടനം ബിജെപി പരിപാടിയാക്കി മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കിയ നടപടി കൊല്ലത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എം നൗഷാദ് എംഎല്‍എ പറഞ്ഞു. ജനാധിപത്യമൂല്യങ്ങളും പ്രോട്ടോകോളും കേന്ദ്രസര്‍ക്കാരും ബിജെപിയും ലംഘിച്ചെന്നും എംഎല്‍എ പറഞ്ഞു. എന്നാല്‍, ബൈപാസിന്റെ ഉദ്ഘാടനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട്് കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. കൊല്ലത്ത് ബിജെപിയുടെ പൊതുസമ്മേളനത്തിലും മോദി പങ്കെടുക്കുന്നുണ്ട്. ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുന്നതോടെ കൊല്ലത്തുകാരുടെ നാലര പതിറ്റാണ്ടത്തെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. വൈകുന്നേരം അഞ്ചിന് ആശ്രാമം മൈതാനത്താണ് ഉദ്ഘാടന ചടങ്ങ്. ബൈപാസ് ആരംഭിക്കുന്ന കാവനാട്ട് ചടങ്ങ് തല്‍സമയം കാണാനുളള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന മോദി 5.20ന് കൊല്ലം ബൈപാസ് ഉദ്ഘാടത്തിലും 6ന് ബിജെപി പൊതുസമ്മേളനത്തിലും പങ്കെടുത്തശേഷം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വദേശി ദര്‍ശന്‍ ഉദ്ഘാടനവും നിര്‍വഹിച്ച് 7.55നാവും മടങ്ങുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it