Latest News

'നാട് നശിച്ചാലും ഇടതുപക്ഷം നന്നായിരിക്കണമെന്നാണോ ഇവര്‍ പറയുന്നത്?'; വിമര്‍ശനവുമായി എം എ ബേബി

നാട് നശിച്ചാലും ഇടതുപക്ഷം നന്നായിരിക്കണമെന്നാണോ ഇവര്‍ പറയുന്നത്?; വിമര്‍ശനവുമായി എം എ ബേബി
X

തിരുവനന്തപുരം: തുടര്‍ഭരണം വേണ്ടെന്ന കവി കെ സച്ചിദാനന്ദന്റെ പ്രതികരണത്തില്‍ മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. നാട് നശിച്ചിട്ടാണെങ്കിലും ഇടതുപക്ഷം നന്നായിരിക്കണമെന്നാണോ പറയുന്നതെന്നും എം എ ബേബി ചോദിച്ചു. സാംസ്‌കാരിക രംഗത്തെ ചില വ്യക്തികള്‍ക്ക് ഒരു ശങ്കയാണെന്നും ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ ഭരണത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് അവരുടെ അഭിപ്രായമെന്നും ബേബി പറഞ്ഞു.

ഭരണപക്ഷത്ത് നിന്ന് മാറി നിന്നാല്‍ ഇടതുപക്ഷം നേരിട്ടേക്കാമായിരുന്ന മോശം പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ചര്‍ച്ചകള്‍ കേട്ടിരുന്നല്ലോ. തുടര്‍ഭരണത്തിലൂടെ ഇടതുപക്ഷം മോശമായേക്കാമെന്ന് പറഞ്ഞ് അഴിമതിയിലും കെടുകാര്യസ്ഥതയിലും വര്‍ഗീയച്ഛിദ്രശക്തികളുടെ അഴിഞ്ഞാട്ടത്തിലും കേരളം തകരട്ടെയെന്നാണോ ചിന്തിക്കേണ്ടതെന്ന് എം എ ബേബി ചോദിച്ചു.

'സാംസ്‌കാരിക രംഗത്തെ ചില വ്യക്തിത്വങ്ങള്‍ക്ക് ഒരു ശങ്ക. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ ഭരണത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് അവരുടെ അഭിപ്രായം. സ്വന്തം കുഞ്ഞിന്റെ മരണത്തിലും അപരന്റെ വേദനയെ കുറിച്ച് ചിന്തിക്കുന്ന കേരളം യാദൃശ്ചികമായി ഉണ്ടായതല്ല. അതിന്റെയെല്ലാം ഓര്‍മകള്‍ എല്ലാവരിലും ഉണ്ടായിരിക്കണം. എങ്ങനെയാണ് ഈ കേരളം ഉണ്ടായതെന്ന് ഓര്‍മ വേണം. കൈവരിച്ച നേട്ടങ്ങളെ അഞ്ചാണ്ട് കൊണ്ട് പുറകോട്ട് കൊണ്ടുപോകുന്നതാണ് ഭരണമാറ്റം. നാട് നശിച്ചാലും ഇടതുപക്ഷം നന്നായിരിക്കണമെന്നാണോ ഇവര്‍ പറയുന്നത്?' ബേബി പ്രതികരിച്ചു.

ഇടതുപക്ഷത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കണം. അതില്‍ തര്‍ക്കമില്ല. അതിനൊപ്പം കേരളത്തിനും മുന്നോട്ട് പോകേണ്ടതുണ്ട്. നവയുഗപ്പിറവി ജാഥ നടത്തുന്നവരുണ്ടല്ലോ. അവര്‍ കേരളത്തിന്റെ വികസനം സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ച ചെയ്യുന്നുണ്ടോ. കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ച അവരുടെ കാഴ്ച്ചപ്പാട് എന്താണെന്നും എം എ ബേബി ചോദിച്ചു.

'ഐശ്വര്യപൂര്‍ണമായ ഒരു കേരളം ഉണ്ടാകണം. ക്ഷേമത്തില്‍ ഊന്നിയ ഭരണമുണ്ടാകണം. അതാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്. ഇടതുപക്ഷത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് പരിശോധിക്കണം. അതില്‍ തര്‍ക്കമില്ല. അതിനൊപ്പം കേരളത്തിനും മുന്നോട്ടുപോകേണ്ടതുണ്ട്. കേരളത്തിലെ മാധ്യമങ്ങളില്‍ വലിയൊരു വിഭാഗം നുണ ഫാക്ടറിയാണ്. അതാണ് കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തം. ഇടതുപക്ഷം വിജയിച്ചാല്‍ വിഷം കുടിച്ച് മരിക്കുമെന്ന് പറഞ്ഞ ചരിത്രം അവര്‍ക്കുണ്ട്. വിഷം ഉറയ്ക്കാത്ത നിലയിലേക്ക് അവരെത്തിയിട്ടുണ്ടെങ്കില്‍ പത്രം കരിച്ച് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതി'. ബേബി പറഞ്ഞു.

അവയവദാനം നടത്തിയ പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ കുടുംബത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുന്നു. എന്നാല്‍ അതേ പ്രധാനമന്ത്രി തന്നെ കേരളത്തിന് അവകാശപ്പെട്ട എയിംസ് തരുന്നില്ല. നാണമില്ലാത്ത ഇരട്ടത്താപ്പാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ആലപ്പുഴയില്‍ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് സങ്കടകരമാണെന്നും അത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമായിരുന്നുവെന്നും ഇത്തരം സംഭവങ്ങളില്‍ ഒരു ന്യായീകരണവും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അങ്ങനെ ഒരു സംഭവമുണ്ടായത് കൊണ്ട് കേരളത്തിലെ ആരോഗ്യരംഗം മുഴുവന്‍ അപകടകരമാണെന്ന് പറയാനാവില്ലെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ അജണ്ട വെച്ച് കേരളത്തെ അവമതിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് കേരള സ്റ്റോറി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ബേബി പറഞ്ഞു.

Next Story

RELATED STORIES

Share it