Latest News

പ്രതിക്ക് സംരക്ഷണം നല്‍കി; ഗുരുഗ്രാമില്‍ നാലുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പോലിസിനെതിരേ കോടതി

പ്രതിക്ക് സംരക്ഷണം നല്‍കി; ഗുരുഗ്രാമില്‍ നാലുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പോലിസിനെതിരേ കോടതി
X

ഹരിയാന: ഗുരുഗ്രാമില്‍ നാലുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഹരിയാന പോലിസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി. അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് എടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. അന്വേഷണത്തിലെ ഗുരുതര പിഴവുകള്‍ ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഗുരുഗ്രാം പോലിസ് കമ്മീഷണറെയും അന്വേഷണ ഉദ്യോഗസ്ഥനെയും അന്വേഷണത്തില്‍ നിന്ന് മാറ്റാന്‍ കോടതി ഉത്തരവിട്ടു. മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ നസ്നീന്‍ ഭാസിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു.

കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ച കോടതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെയും പങ്കിനെ ചോദ്യം ചെയ്യുകയും, മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഒരു ഡോക്ടറില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തു.

2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളെ സംരക്ഷിക്കല്‍ നിയമപ്രകാരം 'ഗുരുതരമായ ലൈംഗികാതിക്രമം' നടന്നതായി പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും, പോലിസ് കുറഞ്ഞ കുറ്റകൃത്യമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it