Latest News

കൊവിഡ് രോഗികളുടെ ഫോണ്‍ ചോര്‍ത്തല്‍: ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും

കൊവിഡ് രോഗികളുടെ ഫോണ്‍ ചോര്‍ത്തല്‍: ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും
X

കൊച്ചി: കൊവിഡ് രോഗികളുടെ ടെലഫോണ്‍ വിളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും. കൊവിഡ് രോഗികളുടെയും ക്വാറന്റീനിലുള്ളവരുടെയും സമ്പര്‍ക്ക വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ മറവിലാണ് ഫോണ്‍കോള്‍ വിവരങ്ങള്‍ പോലിസ് ചോര്‍ത്തുന്നത്.

സ്വകാര്യവ്യക്തിയുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന സര്‍ക്കാരിന്റെ നീക്കം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു. കൊവിഡ് രോഗപ്രതിരോധത്തിന്റെ പേരില്‍ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. സംസ്ഥാനത്തെ ഒരു നിരീക്ഷണ ഭരണകൂടമാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി പോലിസിനും സേവനദാതാക്കള്‍ക്കും ഫോണ്‍കോളുകള്‍ ചോര്‍ത്താന്‍ അനുമതി നല്‍കരുത്- ഹരജിയില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് ഹരജി കോടതിയുടെ പരിഗണനയില്‍ വരിക.

രോഗികളുടെ സമ്പര്‍ക്ക വിവരങ്ങള്‍ കണ്ടെത്തി രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണ് ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. കൊവിഡ് പോലുള്ള അതീവ ഗുരുതരമായ സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ വേണ്ടിവരുമെന്നാണ് സിപിഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പറയുന്നത്.

കൊവിഡ് -19 രോഗികളുടെയും ക്വാറന്റീനിലേക്ക് അയച്ചവരുടെയും ടെലഫോണ്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് എ.ഡി.ജി.പി ഇന്റലിജന്‍സ്, എ.ഡി.ജി.പി(ഹെഡ്ക്വാര്‍ട്ടേഴ്‌സ്) എല്ലാ സേവന ദാതാക്കളുമായി ബന്ധപ്പെടുമെന്ന് കഴിഞ്ഞയാഴ്ച കേരള പോലിസ് ഡയറക്ടര്‍ ജനറല്‍ ലോക്‌നാഥ് ബെഹ്റ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. നിരവധി നിയമ വിദഗ്ധരും അവകാശ പ്രവര്‍ത്തകരും ഈ നീക്കത്തെ അപലപിച്ച് രംഗത്തുവരികയുംചെയ്തു.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകമാസകലം സര്‍ക്കാരുകള്‍ സുരക്ഷാസ്‌റ്റേറ്റായി മാറുകയാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് കേരളത്തിലും അതേ ആരോപണങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.

Next Story

RELATED STORIES

Share it