Big stories

റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ ഗുരുതര വീഴ്ച; അഞ്ചുവര്‍ഷത്തെ കുടിശ്ശിക 7,100 കോടി, ധനവകുപ്പിനെതിരേ സിഎജി റിപോര്‍ട്ട്

റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ ഗുരുതര വീഴ്ച; അഞ്ചുവര്‍ഷത്തെ കുടിശ്ശിക 7,100 കോടി, ധനവകുപ്പിനെതിരേ സിഎജി റിപോര്‍ട്ട്
X

തിരുവനന്തപുരം: ധനവകുപ്പിനെതിരേ രൂക്ഷവിമര്‍ശനവുമായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ (സിഎജി) റിപോര്‍ട്ട്. റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ സംസ്ഥാന ധനകാര്യ വകുപ്പിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിപോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം നികുതിപിരിവിലെ കെടുകാര്യസ്ഥതയാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഇന്ന് നിയമസഭയുടെ മേശപ്പുറത്തുവച്ച റിപോര്‍ട്ടിലെ ഉള്ളടക്കം. റവന്യൂ വരുമാനത്തെയും ചെലവിനെയും കുറിച്ചുള്ള റിപോര്‍ട്ട് ധനവകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നടപടികളെ വിമര്‍ശിക്കുന്നുണ്ട്.

അഞ്ച് വര്‍ഷമായി 7,100 കോടി രൂപയുടെ കുടിശ്ശിക പിരിച്ചിട്ടില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 12 വകുപ്പുകളിലാണ് കുടിശ്ശിക പിരിക്കുന്നതില്‍ ഏറ്റവുമധികം വീഴ്ചയുണ്ടായത്. തെറ്റായ നികുതി പ്രയോഗിച്ചതിനാല്‍ ജിഎസ്ടിയില്‍ 11.03 കോടി രൂപയുടെ കുറവ് വേറെയുമുണ്ടായി. റവന്യൂ വരുമാനത്തില്‍ ഈ ഇനത്തിലെ നഷ്ടം 18 കോടിയാണ്. 36 പേരുടെ നികുതി നിരക്കാണ് തെറ്റായി ചുമത്തിയത്. നികുതി രേഖകള്‍ കൃത്യമായി പരിശോധിക്കാത്തത് മൂലം 7.54 കോടിയുടെ നഷ്ടമുണ്ടായി. വാര്‍ഷിക റിട്ടേര്‍ണില്‍ അര്‍ഹതയില്ലാതെ ഇളവ് നല്‍കിയത് മൂലം 9.22 കോടിയുടെ കുറവുണ്ടായി.

എക്‌സൈസ് വകുപ്പിനെയും റിപോര്‍ട്ടില്‍ പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. വിദേശ മദ്യലൈസന്‍സുകള്‍ തെറ്റായി അനുവദിച്ചു. മദ്യലൈസന്‍സുകള്‍ അനധികൃതമായി കൈമാറ്റം ചെയ്തതിലൂടെ 26 ലക്ഷം രൂപയുടെ കുറവുണ്ടായി. ഇക്കാര്യത്തില്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് വീഴ്ചയുണ്ടായെന്നും റിപോര്‍ട്ടില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫ്‌ലാറ്റുകളുടെ മൂല്യനിര്‍ണയം നടത്തി. സ്റ്റാമ്പ് തീരുവയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഒന്നരക്കോടിയുടെ കുറവ് വന്നുവെന്നും സിഎജി റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രനയങ്ങളാണെന്നാണ് ധനവകുപ്പിന്റെ ആവര്‍ത്തിച്ചുള്ള വാദം. അതേസമയം, നികുതി പിരിക്കുന്നതില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് റവന്യൂ വരുമാനം കുറയാന്‍ കാരണമെന്നാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയ വിമര്‍ശനം. നികുതി യഥാസമയം പിരിക്കാതെ ജനങ്ങള്‍ക്കുമേല്‍ അധിക നികുതി ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് പ്രതിപക്ഷം വ്യക്തമാക്കിയത്. എന്നാല്‍, കേന്ദ്രത്തെ കുറ്റപ്പെടുത്തി തടിതപ്പുകയാണ് ധനമന്ത്രി ചെയ്തത്. നികുതി പിരിവിലടക്കം ധനവകുപ്പിന് വലിയ വീഴ്ചയുണ്ടെന്ന സിഎജി റിപോര്‍ട്ട് സര്‍ക്കാരിനെതിരേ പ്രതിപക്ഷം ആയുധമാക്കിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it