Top

'ലൗ ജിഹാദ് നിയമം': ഹിന്ദുരാഷ്ട്ര അജണ്ടയിലേക്ക് അടുത്ത് ആര്‍എസ്എസ് -യുപിയില്‍ ഒരുമാസത്തിനിടെ അറസ്റ്റിലായത് 35 മുസ്‌ലിം യുവാക്കള്‍

'ലൗ ജിഹാദ് നിയമം' 2019ലെ പൗരത്വ ഭേദഗതി നിയമം പോലെ യഥാര്‍ത്ഥ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള മാറ്റത്തെ വരച്ചിടുന്നതാണെന്ന് സാമൂഹിക ശാസ്ത്രജ്ഞനും എഴുത്തുകാരും ചൂണ്ടിക്കാട്ടുന്നു.

ലൗ ജിഹാദ് നിയമം: ഹിന്ദുരാഷ്ട്ര അജണ്ടയിലേക്ക് അടുത്ത് ആര്‍എസ്എസ്     -യുപിയില്‍ ഒരുമാസത്തിനിടെ അറസ്റ്റിലായത് 35 മുസ്‌ലിം യുവാക്കള്‍
X

ന്യൂഡല്‍ഹി: സാമൂഹിക ധ്രൂവീകരണ ലക്ഷ്യത്തോടെ സംഘപരിവാര്‍ സമാന്തര സംഘടനകള്‍ നടപ്പാക്കിയിരുന്ന 'ലൗ ജിഹാദ്' കാംപയിന്‍ യോഗി സര്‍ക്കാര്‍ ഉള്‍പ്പടെ ബിജെപി ഭരണകൂടങ്ങള്‍ നേരിട്ട് ഏറ്റെടുത്തതോടെ ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിനു പിന്നാലെ 'ലൗ ജിഹാദ'് തടയാനെന്ന പേരില്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് പുതിയ ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാരും രംഗത്തെത്തിയിരിക്കുകയാണ്. 'ലൗ ജിഹാദ് നിയമം' 2019ലെ പൗരത്വ ഭേദഗതി നിയമം പോലെ യഥാര്‍ത്ഥ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള മാറ്റത്തെ വരച്ചിടുന്നതാണെന്ന് സാമൂഹിക ശാസ്ത്രജ്ഞനും എഴുത്തുകാരും ചൂണ്ടിക്കാട്ടുന്നു.

ഉത്തര്‍പ്രദേശില്‍ വിവാദ 'ലൗ ജിഹാദ്' വിരുദ്ധ നിയമം പ്രാബല്യത്തില്‍വന്ന് ഒരുമാസത്തിനിടെ അറസ്റ്റിലായ് 35 മുസ് ലിം യുവാക്കളാണ്. ഒരു ഡസനോളം എഫ്‌ഐആറുകളാണ് സംസ്ഥാനത്ത് അനധികൃത മതപരിവര്‍ത്തന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തത്. നിയമം നിലവില്‍വന്ന് തൊട്ടടുത്ത ദിവസം ബറേലിയില്‍ ആദ്യ അറസ്റ്റുണ്ടായി. തന്റെ മകളെ മതംമാറാന്‍ പ്രലോഭിപ്പിച്ചെന്ന ബറേലി സ്വദേശിയുടെ പരാതിയില്‍ ഉവൈഷ് അഹമ്മദ്(22) ആണ് അറസ്റ്റിലായത്. തുടര്‍ന്ന് ദിവസം ഒന്നിലേറെ അറസ്റ്റ് എന്ന നിലയിലായിരുന്നു നടപടികള്‍. ഇറ്റ, സീതാപുര്‍ എന്നിവിടങ്ങളില്‍ യഥാക്രമം എട്ട്, ഏഴ് അറസ്റ്റുകളുണ്ടായി. ലഖ്‌നൗവിലടക്കം പോലിസ് വിവാഹങ്ങള്‍ തടഞ്ഞു.

ചില കേസുകളില്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി ഇടപെടലുമുണ്ടായി. മുസഫര്‍നഗര്‍ ജില്ലയില്‍ അറസ്റ്റിലായ നദീമിനെ അലഹബാദ് ഹൈക്കോടതി വിട്ടയച്ചു. സമാനമായി മൊറാദബാദ് സിജെഎം കോടതിയും രണ്ട് സഹോദരന്മാരെ വിട്ടയക്കാന്‍ ഉത്തരവിട്ടു. നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അതിനിടെ, 'ലൗ ജിഹാദ'് തടയാനെന്ന പേരില്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് പുതിയ ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാരും രംഗത്തെത്തി. മധ്യപ്രദേശ് റിലീജിയസ് ഫ്രീഡം ബില്ല് 2020ന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി. നാളെ ആരംഭിക്കുന്ന ത്രിദിന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിവാഹത്തിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ മതം മാറ്റുന്നത് ജയില്‍ ശിക്ഷയടക്കം ലഭിക്കുന്ന കുറ്റമായി മാറ്റിയാണ് പുതിയ ബില്‍. നിര്‍ബന്ധിത മതംമാറ്റത്തിന് അഞ്ചു വര്‍ഷം വരെ തടവുശിക്ഷയും കുറഞ്ഞത് 25,000 രൂപ പിഴയും ചുമത്തുന്നതാണ് നിര്‍ദിഷ്ട നിയമം. എസ്‌സി, എസ്ടി വിഭാഗത്തില്‍ പെട്ടവരെയാണ് മതംമാറ്റത്തിന് വിധേയമാക്കുന്നതെങ്കില്‍ ശിക്ഷ ഇരട്ടിയാവും.

'മധ്യ പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം അനുവദിക്കില്ല. പുതിയ ബില്ലിന് കീഴില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുകയും മതപരിവര്‍ത്തനം നടത്തുകയും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു'.

പ്രായപൂര്‍ത്തിയാവാത്തവരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയാല്‍ പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. നിര്‍ദിഷ്ട നിയമ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത സ്ത്രീയെ അല്ലെങ്കില്‍ പട്ടികജാതിയില്‍ നിന്നുള്ള ഒരു വ്യക്തിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയും കുറഞ്ഞത് 50,000 രൂപ പിഴയും ഈടാക്കുമെന്നും മിശ്ര പറഞ്ഞു. 'ലൗ ജിഹാദ്' അടക്കമുള്ള മത പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും ശക്തമായ നിയമാണ് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. 1968ലെ റിലീജിയസ് ഫ്രീഡം ആക്ടിന് പകരമാണ് പുതിയ ബില്‍. മന്ത്രിസഭ അംഗീകരിച്ച ബില്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കും.

ഒരു വ്യക്തിയെ മതം മാറ്റുന്നതിന് മാത്രമായി നടത്തുന്ന ഏതൊരു വിവാഹവും ഈ നിര്‍ദ്ദിഷ്ട നിയമ നിര്‍മാണത്തിലെ വ്യവസ്ഥകള്‍ പ്രകാരം അസാധുവായി കണക്കാക്കും. മതം മാറാന്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് മാസം മുമ്പ് ജില്ലാ ഭരണകൂടത്തിന് മുമ്പാകെ അപേക്ഷിക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഇതോടെ സംഘപരിവാര്‍ സമാനന്തര സംഘടനകള്‍ ഏറ്റെടുത്തിരുന്ന 'ലൗ ജിഹാദ്' എന്ന പഴയ വീഞ്ഞ് തലക്കെട്ടുകളില്‍ വീണ്ടും ഇടം പിടിക്കുകയാണ്. ഇത് സംഘപരിവാറിന്റെ 'ഹിന്ദു രാഷ്ട്ര'ക്കായി സമൂഹങ്ങളെ ധ്രുവീകരിക്കുന്നതിനായി നിലമൊരുക്കാനുള്ള ശ്രമമാണെന്ന്

ക്രിസ്റ്റോഫ് ജഫ്രെലോട്ട് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ വിലയിരുത്തുന്നു. പാരീസ് സിഇആര്‍ഐ (സെന്റര്‍ ഓഫ് റിസര്‍ച്ചസ് ഇന്റര്‍നാഷണല്‍സ്)സയന്‍സസ് പോ/സിഎന്‍ആര്‍എസ് (നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ച് )ഫെലോയും ലണ്ടന്‍ കിങ്‌സ് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹ്യശാസ്ത്ര വിഭാഗം പ്രൊഫസറുമാണ് ക്രിസ്റ്റോഫ് ജഫ്രെലോട്ട്.

ക്രിസ്റ്റോഫ് ജഫ്രെലോട്ടിന്റെ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍:

2007ല്‍ ഗുജറാത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട 'ലൗ ജിഹാദ്'എന്ന ആശയം 2009 ല്‍ കേരളത്തിലും പ്രമോദ് മുത്തലിക്കിന്റെ നേതൃത്വത്തില്‍ കര്‍ണാടകത്തിലും പയറ്റി. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ മുത്തലിക്ക് പിന്നീട് ശ്രീരാമ സേനയെന്ന സ്വന്തം സമാന്തര സേന രൂപീകരിക്കുകയായിരുന്നു. 'ഐസ്‌ക്രീം പാര്‍ലറുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, തിയേറ്ററുകള്‍ എന്നീ ഇടങ്ങളില്‍ ഹിന്ദു പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ മതഭ്രാന്തന്മായ ആണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു ഇത് ഹിന്ദു സമൂഹത്തിന്റെ ആത്മവീര്യം കെടുത്താനുള്ള സംഘടിത ശ്രമമാണ്,' എന്നാണ് 'ലൗ ജിഹാദി'നെ മുത്തലിക് നിര്‍വചിക്കുന്നത്.

ഈ പ്രചാരണം 2014 ല്‍ പരസ്യമായി പുറത്തുവന്നു. ഇതേ വര്‍ഷം സെപ്റ്റംബറില്‍, അതായത് നരേന്ദ്ര മോദി അധികാരമേറ്റ് ഏതാനും മാസങ്ങള്‍ക്കു ശേഷം, ആര്‍എസ്എസിന്റെ ജിഹ്വകളായ 'ഓര്‍ഗനൈസര്‍,' 'പഞ്ചഞ്ചന്യ' എന്നിവ രണ്ടു കവര്‍ സ്‌റ്റോറികള്‍ 'ലൗ ജിഹാദി'നായി നീക്കിവച്ചു. കെഫിയെ വസ്ത്രവും ഇരുണ്ട ഗ്ലാസും ധരിച്ച അറബിയുടെ ചിത്രത്തിനൊപ്പം 'പ്യാര്‍ അന്ധ യാ ദന്ദ?' (സ്‌നേഹം അന്ധമാണോ അതോ അതോ കച്ചവടണോ?) എന്ന വാചകം അച്ചടിച്ചതായിരുന്നു 'പഞ്ചഞ്ചന്യ'ത്തിന്റെ മുഖചിത്രം.

ഹിന്ദു യുവതികളെ മുസ്‌ലിം പുരുഷന്മാര്‍ പ്രണയിക്കുന്നതു തടയാന്‍ പ്രത്യാക്രമണം നടത്തിക്കൊണ്ടായിരുന്നു 'ലൗ ജിഹാദി'നോടുള്ള സംഘ് പരിവാര്‍ പ്രതികരണം. 'ഹിന്ദു ബെഹന്‍ ബേട്ടി ബച്ചാവോ സംഘര്‍ഷ് സമിതി' പോലുള്ള പ്രത്യേക സംഘങ്ങള്‍ അവര്‍ രൂപീകരിച്ചു.

മുസ് ലിം ചെറുപ്പക്കാരനുമായുള്ള മകളുടെ വിവാഹത്തില്‍ വിലപിച്ച മാതാപിതാക്കള്‍ക്കു സമിതി പ്രവര്‍ത്തകര്‍ സഹായം വാഗ്ദാനം ചെയ്തു. മകളെ കാണാതായി റിപ്പോര്‍ട്ട് ചെയ്യാനോ തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കാനോ കേസിന്റെ ഗതിയെക്കുറിച്ച് മാതാപിതാക്കളെത്തുന്ന പൊലീസ് സ്‌റ്റേഷനുകളിലും കോടതികളിലുമായി ഇതുസംബന്ധിച്ച വിവരശേഖരണത്തിനായി ഒരു ശൃംഖല വികസിപ്പിച്ചു. വിവരദാതാക്കളുടെ ഈ ശൃംഖല, ഭരണകൂട സംവിധാനങ്ങളും സംഘപരിവാറും തമ്മിലുള്ള വ്യാപനം വ്യക്തമാക്കുന്നു.

പോലിസ് ചിലപ്പോള്‍ വിവാഹങ്ങള്‍ റദ്ദാക്കി (വധൂവരന്മാര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ പോലും) എന്നു മാത്രമല്ല, വധു ഹിന്ദുവാകുന്ന മിശ്രവിവാഹങ്ങള്‍ സംഘപരിവാര്‍ അല്ലെങ്കില്‍ അവരുമായി ബന്ധമുള്ള ബ്രിഗേഡുകള്‍ തടസപ്പെടുത്തുന്നതിന് അനുവദിക്കുകയും ചെയ്തു.

കേരളത്തിലെ ഹാദിയ കേസില്‍നിന്ന് വ്യക്തമാകുന്നതുപോലെ ജുഡീഷ്യല്‍ സംവിധാനങ്ങളും ഹിന്ദു സമാന്തര സംഘടനകളുടെ അജന്‍ഡയ്ക്കു കാരണമായിട്ടുണ്ട്. അഖില അശോകനെന്ന ഹിന്ദു യുവതി 2015 ല്‍ ഇസ് ലാം മതം സ്വീകരിച്ച് ഹാദിയയായി മാറി 2016 ല്‍ മുസ്‌ലിം യുവാവിനെ വിവാഹം ചെയ്യുകയായിരുന്നു. സ്വന്തം ഇഷ്ടത്തിന് അനുസൃതമായാണു പ്രവര്‍ത്തിച്ചതെന്ന് ആവര്‍ത്തിക്കുമ്പോഴും ഹാദിയ സമ്മര്‍ദത്തിനു വഴങ്ങിയാണ് വിവാഹവും മതപരിവര്‍ത്തനം ചെയ്തതെന്ന ആരോപണവുമായി മാതാപിതാക്കള്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. കോടതി 2017 മേയില്‍ വിവാഹം അസാധുവാക്കുകയും ഹാദിയയെ രക്ഷിതാക്കളുടെ സംരക്ഷണത്തില്‍ വിടുകയും ചെയ്തു. ഈ 'ദുര്‍ബലയായ പെണ്‍കുട്ടി' ഒരുപക്ഷേ ഇസ്‌ലാമിക ഗ്രൂപ്പുകളുടെ ഇരയായേക്കാമെന്ന വാദമുയര്‍ത്തിയായിരുന്നു കോടതി ഉത്തരവ്.

ഹൈക്കോടതി ഉത്തരവിനെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. മതംമാറ്റത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്കു സുപ്രീം കോടതി നിര്‍ദേശം നല്‍കി. അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ലെന്നും ഹാദിയയുടെ കേസ് ഒറ്റപ്പെട്ടമല്ലെന്നുമായിരുന്നു എന്‍ഐഎയുടെ നിലപാട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാതെയാണു ജഡ്ജിമാര്‍ ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടത്. പിന്നീട്, 2018 മാര്‍ച്ചില്‍ എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹാദിയയുടെ വിവാഹം സാധുതയുള്ളതാണെന്ന് അവര്‍ വിധിച്ചു.

ബജ്‌റംഗ് ദള്‍ ഉള്‍പ്പെടെയുള്ള സമാന്തര സേനകളായിരുന്നു 'ലൗ ജിഹാദ്' വിരുദ്ധ പ്രചാരണത്തിന്റെ പ്രധാന പ്രയോക്താക്കളെങ്കില്‍, ബിജെപിയും ക്രമേണ അത് ഉപയോഗിച്ചു. ലൗ ജിഹാദ് വിരുദ്ധ പ്രചാരണത്തിന്റെ സാധ്യത 2014 ലെ ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പരസ്യമായി ഉപയോഗപ്പെടുത്താന്‍ ബിജെപി ആലോചിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കും മുന്‍പ് ബിജെപിയുടെ സംസ്ഥാന ഘടകം അതിന്റെ പരിപാടിയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ 2017 ലെ തിരഞ്ഞെടുപ്പ് വേളയിലാണ് ബിജെപി ഇത് പ്രചാരണ ആയുധമാക്കിയത്. മന്ത്രിസഭാ രൂപീകരണത്തിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്ത്രീകളെ രക്ഷിക്കാന്‍ (പ്രത്യേകിച്ച് മുസ്ലിങ്ങളില്‍നിന്ന്) 'റോമിയോ വിരുദ്ധ സ്‌ക്വാഡുകള്‍' രൂപീകരിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍, പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ച് ഒരു പടികൂടി മുന്നോട്ടുപോകുകയാണ്.

അത്തരമൊരു നിയമം 2019ലെ പൗരത്വ ഭേദഗതി നിയമത്തില്‍നിന്ന് ഇതിനകം വ്യക്തമാകുന്ന യഥാര്‍ത്ഥ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള മാറ്റത്തെ വരച്ചിടുന്നു. സമ്മിശ്ര വിവാഹങ്ങള്‍ പ്രായോഗികമായി അസാധ്യമായ ഇസ്രായേലിനെപ്പോലെ, ഇന്ത്യയെ ഔദ്യോഗികമായി വംശീയ ജനാധിപത്യമാക്കി മാറ്റുന്നതുമായി ഈ പ്രക്രിയ ബന്ധപ്പെട്ടിരിക്കുന്നു.

വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്കെതിരായ ഹിന്ദു ദേശീയവാദ പോരിന്റെ ഈ നിയമാധിഷ്ഠിത പതിപ്പ് മറ്റൊരു പ്രധാന മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ഹിന്ദുത്വത്തിന്റെ ആദ്യ പ്രത്യയശാസ്ത്രക്കാര്‍ ഇത്തരം വിവാഹങ്ങള്‍ക്ക് എതിരായിരുന്നില്ല. 'ഹിന്ദുത്വം: ആരാണ് ഹിന്ദു?' എന്ന പുസ്തകത്തില്‍ വി.ഡി സവര്‍ക്കര്‍ ഹിന്ദു അല്ലാത്തയാള്‍ 'അവന്‍ അല്ലെങ്കില്‍ അവള്‍ നമ്മുടെ മാതൃഭൂമി തന്റെ രാജ്യമായി സ്വീകരിച്ച് ഹിന്ദുവിനെ വിവാഹം കഴിച്ചാല്‍' രാജ്യത്തിന്റെ ഭാഗമാകുമെന്ന് കരുതുന്നു. ഇത്തരം വിവാഹങ്ങള്‍ സവര്‍ക്കറെയും അദ്ദേഹത്തിന്റെ അനുയായികളെയും സംബന്ധിച്ചിടത്തോളം നല്ല കാര്യങ്ങളായിരുന്നു. കാരണം ഹിന്ദുക്കളുടെയും മറ്റൊരു മതത്തിലേക്ക് മാറിയവരുടെയും സിരകളില്‍ ഒരേ രക്തം ഒഴുകുന്നുവെന്ന് അവര്‍ ഊന്നിപ്പറയുന്നു. സവര്‍ക്കറുടെ ശബ്ദകോശത്തിലെ പ്രധാന പദമായ വംശം ഒരു സംയോജന ശക്തിയായിരുന്നു. ഇന്ന്, ഹിന്ദു ദേശീയവാദികള്‍ മുസ്ലിങ്ങളെ ഉള്‍ക്കൊള്ളുന്ന കാര്യം അസാധ്യമാണ്. അവര്‍ മറ്റൊരു വംശത്തില്‍ പെട്ടവരാണെന്നപോലെയാണ് കരുതുന്നത്. ക്രിസ്റ്റോഫ് ജഫ്രെലോട്ട് തന്റെ ലേഖനത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it