Latest News

വിദ്വേഷപ്രചാരണത്തിനെതിരേ കര്‍ശന നിയമം; കര്‍ണാടക മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

വിദ്വേഷപ്രചാരണത്തിനെതിരേ കര്‍ശന നിയമം; കര്‍ണാടക മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി
X

ബെംഗളൂരു: സംസ്ഥാനത്ത് കൂടിവരുന്ന വിദ്വേഷപ്രചാരണവും സാമുദായിക സംഘര്‍ഷങ്ങളും തടയുന്നതിന്റെ ഭാഗമായി കര്‍ശന നിയമനിര്‍മ്മാണത്തിനുള്ള ബില്ലിന് കര്‍ണാടക മന്ത്രിസഭ അംഗീകാരം നല്‍കി. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കാനാണ് നീക്കം. വര്‍ഗീയ-സാമുദായിക സംഘര്‍ഷം ചെറുക്കുന്നതിനായി പ്രത്യേക കര്‍മസേന രൂപീകരിച്ച സാഹചര്യത്തിലാണ് വിദ്വേഷപ്രചാരണത്തിനെതിരായ നിയമം കൊണ്ടുവരുന്നത്. അച്ചടി, ഇലക്‌ട്രോണിക് ഉള്‍പ്പെടെ ഏത് മാധ്യമത്തിലൂടെയും വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ നിന്ന് ഏഴു വര്‍ഷം വരെ തടവും 50,000 രൂപ വരെ പിഴയും ശിക്ഷയായി ബില്ലില്‍ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കൂടാതെ, വിദ്വേഷപരാമര്‍ശത്തിന് ഇരയായ വ്യക്തിക്ക് നഷ്ടപരിഹാരവും നല്‍കേണ്ടതാണ്.

മതം, ലിംഗം, ഭാഷ, ശാരീരിക വെല്ലുവിളി, ലൈംഗികാഭിമുഖ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കുന്ന പ്രസംഗങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ എന്നിവയെല്ലാം വിദ്വേഷപ്രചാരണമായി കണക്കാക്കപ്പെടും. ഇത്തരം കേസുകള്‍ ജാമ്യമില്ലാ വകുപ്പില്‍ ഉള്‍പ്പെടുത്തി നടപടിയെടുക്കുമെന്നും ബില്‍ വ്യക്തമാക്കുന്നു. എന്നാല്‍ അക്കാദമിക പഠനങ്ങളുടേയും പ്രാമാണിക വസ്തുതകളുടേയും അടിസ്ഥാനത്തിലുള്ള പ്രസിദ്ധീകരണങ്ങളും പാഠപുസ്തകങ്ങളും ചിത്രങ്ങളും പൊതുതാല്‍പര്യത്തിനായുള്ളവയാണെന്ന് തെളിയിക്കാനായാല്‍ കുറ്റമെന്ന പരിധിയില്‍പ്പെടില്ലെന്ന് ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്ത് നിരന്തരം ഉണ്ടാകുന്ന സാമുദായിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിലുള്ള സമിതി വിഷയം വിശദമായി പഠിച്ചിരുന്നു. സമിതിയുടെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയാണ് പുതിയ ബില്ല് തയ്യാറാക്കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it