Latest News

ചികില്‍സാ പിഴവിനിരയായ വിനോദിനിക്ക് 21 വയസുവരെ ചികില്‍സയും സൗജന്യ വിദ്യാഭ്യാസവും സര്‍ക്കാര്‍ ഉറപ്പാക്കണം: ഹൈക്കോടതി

ചികില്‍സാ പിഴവിനിരയായ വിനോദിനിക്ക് 21 വയസുവരെ ചികില്‍സയും സൗജന്യ വിദ്യാഭ്യാസവും സര്‍ക്കാര്‍ ഉറപ്പാക്കണം: ഹൈക്കോടതി
X

കൊച്ചി: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികില്‍സാപിഴവിനെ തുടര്‍ന്ന് കൈമുറിച്ചു മാറ്റേണ്ടിവന്ന ഒന്‍പത് വയസുകാരി വിനോദിനിയുടെ ചികില്‍സ-വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി. 21 വയസ് വരെ മുഴുവന്‍ ചികില്‍സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയില്‍ ജോലി കിട്ടുന്നതിന് തടസമാകരുതെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായവര്‍ക്കെതിരേ നിയമാനുസൃതം നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ ഗുരുതരമായ ചികില്‍സാ പിഴവിന്റെ ഇരയാണ് കുട്ടിയെന്നും ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തൃശൂര്‍ സ്വദേശി പി ഡി ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

കഴിഞ്ഞ സെപ്റ്റംബര്‍ 24ന് വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് വിനോദിനിയുടെ വലതുകൈയിലെ എല്ല് പൊട്ടിയാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയത്. വിനോദിനിയുടെ കൈയില്‍ രണ്ട് ഒടിവുകള്‍ കണ്ടതിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ടു. എന്നാല്‍ കൈയിലുണ്ടായ മുറിവ് ഡോക്ടര്‍മാര്‍ അവഗണിച്ചെന്ന് മാതാപിതാക്കളായ വിനോദും പ്രസീദയും ആരോപിച്ചിരുന്നു. വിനോദിനിയുടെ കൈയില്‍ നീര്‍ക്കെട്ടുണ്ടായി. അണുബാധ വ്യാപിച്ചതോടെ കുടുംബം കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അണുബാധ മാറ്റാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടര്‍മാര്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി വലതുകൈ മുറിച്ചു മാറ്റുകയായിരുന്നു.

അടുത്തിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചെലവില്‍ കുട്ടിക്ക് കൊച്ചിയില്‍ വച്ച് കൃത്രിമ കൈ പിടിപ്പിച്ചിരുന്നു. കൃത്രിമ കൈയുമായി വിനോദിനി ആറ് മാസത്തിന് ശേഷം ഇന്ന് സ്‌കൂളിലേക്കെത്തി മലയാളം പരീക്ഷ എഴുതിയിരുന്നു. ഇതിനിടെയാണ്, വിദ്യാഭ്യാസ ചെലവ് അടക്കം സര്‍ക്കാര്‍ വഹിക്കണമെന്ന നിര്‍ണായക ഉത്തരവ് ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it