Latest News

ചികില്‍സാ പിഴവ്; സ്വകാര്യ ആശുപത്രി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ചികില്‍സാ പിഴവ്; സ്വകാര്യ ആശുപത്രി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
X

മലപ്പുറം: രോഗിയെ ചികില്‍സിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രിക്കെതിരേ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷന്‍. മലപ്പുറം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ കമ്മീഷന്റെ ഇടപെടല്‍. രോഗി പ്രമേഹബാധിതയാണെന്ന് മനസിലാക്കാതെയായിരുന്നു മലപ്പുറം പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രി ചികില്‍സിച്ചത്. ഇത് രോഗിയുടെ മരണത്തിന് കാരണമായിരുന്നു. രോഗിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു.

രാത്രി വീട്ടില്‍ വീണ് കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് മാതാവിനെ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എക്സ്‌റേ എടുത്ത ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തു. പിന്നീട് രണ്ടു ദിവസത്തിന് ശേഷം വേദനയ്ക്ക് കുറവില്ലാത്തതിനാല്‍ വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ തുടയെല്ല് പൊട്ടിയതായി കണ്ടെത്തി. ഉടന്‍ അഡ്മിറ്റ് ചെയ്ത് കാനുല വഴി മരുന്നു നല്‍കി. രണ്ട് ദിവസത്തിനകം കാനുല വെച്ച കൈ പൂര്‍ണ്ണമായും പഴുത്തതിനെ തുടര്‍ന്ന് രക്തം പരിശോധിച്ചപ്പോഴാണ് രോഗി പ്രമേഹ ബാധിതയാണെന്ന് കണ്ടെത്തുന്നത്. ഓപ്പറേഷന്‍ വഴി പഴുപ്പ് ബാധിച്ചത് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പത്തുദിവസം ആശുപത്രിയിലെ കിടത്തി ചികില്‍സ ഫലം കണാണത്തതിനാല്‍ തൃശുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികില്‍സക്ക് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തെങ്കിലും ഒരു മാസത്തിന് ശേഷം രോഗി മരണപ്പെട്ടു.

തുടര്‍ന്നാണ് ചികില്‍സാ പിഴവിനെതിരെ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ പ്രമേഹബാധിതയാണ് രോഗിയെന്ന് മനസിലാക്കാതെയുള്ള ചികില്‍സാരീതിയും അശ്രദ്ധയും കമ്മീഷന്‍ കണ്ടെത്തി. പരാതിക്കാരന് പുറമെ രണ്ട് ഡോക്ടര്‍മാരെയും വിസ്തരിച്ചു. മരണകാരണം ചികില്‍സാ പിഴവായിരുന്നില്ലെങ്കിലും രോഗിയെ മരണത്തോടടുപ്പിക്കാന്‍ ചികില്‍സ നിമിത്തമായെന്ന് കമ്മീഷന്‍ വിധിയില്‍ പറഞ്ഞു. ചികില്‍സാ ചെലവ് 1,73,736 രൂപയും നഷ്ടപരിഹാരമായി മൂന്ന് ലക്ഷം രൂപയും കോടതി ചെലവായി 20,000 രൂപയും ഉള്‍പ്പെടെ ആകെ 493,736 രൂപ ഒരു മാസത്തിനകം ഹരജിക്കാരന് നല്‍കാന്‍ കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമീഷന്‍ വിധിച്ചു. നഷ്ടപരിഹാരത്തില്‍ വീഴ്ച വന്നാല്‍ ഒന്‍പത് ശതമാനം പലിശയും നല്‍കണമെന്നാണ് ഉത്തരവ്.

Next Story

RELATED STORIES

Share it