Big stories

ജമ്മു കശ്മീര്‍ വിഭജനം: ചരിത്രവും വര്‍ത്തമാനവും

കശ്മീര്‍ വിഭജനം ഭരണഘടനയുടെ അരുംകൊലയാണെന്നും നാളെ ഏത് സംസ്ഥാനത്തിനും ഈ ഗതിവരുമെന്നും ഇടതുപക്ഷം ആരോപിച്ചു. ഫെഡറല്‍ സംവിധാനം തകര്‍ത്ത് സംഘ്പരിവാറിന് കീഴില്‍ ഏകാധിപത്യ വാഴ്ച്ചക്കള്ള നീക്കത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും അഭിപ്രായം ഉയരുന്നുണ്ട്.

ജമ്മു കശ്മീര്‍ വിഭജനം:  ചരിത്രവും വര്‍ത്തമാനവും
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ രണ്ടോ അതിലധികമോ ഭാഗങ്ങളായി വിഭജിക്കുക എന്ന ആശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് ചരിത്രം. 1950ല്‍ ആണ് കശ്മീര്‍ വിഭജനം എന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നത്. ഇന്ത്യാ വിഭജനത്തന് ശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭയാണ് ഇത്തരമൊരു നിര്‍ദേശം ഇരുരാജ്യങ്ങള്‍ക്കും മുന്നില്‍ വച്ചത്.


ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്ത ഓസ്‌ട്രേലിയന്‍ നിയമജ്ഞനായ ഓവന്‍ ഡിക്‌സണ്‍ 1950 സെപ്റ്റംബറിലെ റിപ്പോര്‍ട്ടില്‍ ഒരു പാക്കേജ് നിര്‍ദ്ദേശിച്ചു. ഈ പാക്കേജിലെ പ്രധാന നിര്‍ദേശമായിരുന്നു ജമ്മു കശ്മീര്‍ വിഭജനം. എന്നാല്‍, ഐക്യരാഷ്ട്ര സഭാ പ്രതിനിധിയുടെ നിര്‍ദേശം ഇന്ത്യ തള്ളി.

ലഡാക്കിനെ ഇന്ത്യയിലേക്കും വടക്കന്‍ പ്രദേശങ്ങളിലേക്കും പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ പാകിസ്ഥാനിലേക്കും കൂട്ടിചേര്‍ക്കാനും ജമ്മുവിനെ രണ്ടായി വിഭജിക്കാനും കശ്മീര്‍ താഴ്‌വരയില്‍ ഒരു ഹിതപരിശോധനക്കും കോളമിസ്റ്റ് എ ജി നൂറാനി 2002 ഒക്ടോബറിലെ ഫ്രണ്ട്‌ലൈനില്‍ എഴുതിയ ലേഖനത്തില്‍ സ്ഥിരീകരിച്ചു.





ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയില്‍ നിന്ന് നിയമമന്ത്രി സ്ഥാനം രാജിവച്ചശേഷം അംബേദ്കറും കശ്മീര്‍ വിഭജനം എന്ന ആശയം മുന്നോട്ട് വച്ചിരുന്നു. മൂന്ന് സോണുകള്‍ രൂപീകരിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. പാകിസ്ഥാന്‍, കശ്മീര്‍ താഴ്‌വര, ജമ്മു-ലഡാക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി വിഭജിക്കാനായിരുന്നു അംബേദ്കറുടെ നിര്‍ദേശം. താഴ്‌വരയില്‍ മാത്രം ഹിത പരിശോധന നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

1952 സെപ്തംബറില്‍ കശ്മീരില്‍ നിന്ന് ജമ്മുവിനെയും ലഡാക്കിനെയും വേര്‍തിരിക്കണമെന്ന ആവശ്യം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഷെയ്ഖ് അബ്ദുല്ല അതിനെ എതിര്‍ത്തിരുന്നു.


മുന്‍ കേന്ദ്രമന്ത്രിയും പിന്നീട് ജമ്മു കശ്മീര്‍ ഗവര്‍ണറുമായ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കരണ്‍ സിംഗ് 1966 ഓഗസ്റ്റില്‍ ഒരു വിദേശ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജമ്മുവിനെ കശ്മീരില്‍ നിന്ന് വേര്‍പെടുത്തി അന്ന് കേന്ദ്രഭരണ പ്രദേശമായിരുന്ന ഹിമാചല്‍ പ്രദേശുമായി ലയിപ്പിക്കുക എന്ന ആശയം മുന്നോട്ട് വച്ചിരുന്നു. ഈ നിരീക്ഷണം തെറ്റായിരുന്നെന്ന് അദ്ദേഹം തന്നെ പിന്നീട് സമ്മതിച്ചു. ജമ്മുവിനെ കശ്മീരില്‍ നിന്ന് വേര്‍പെടുത്താന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി ജി എല്‍ നന്ദ രാജ്യസഭയില്‍ വ്യക്തമാക്കിി.

1983 ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്ന മുന്‍ രാഷ്ട്രപതി ആര്‍ വെങ്കിട്ടരാമന്‍ ജമ്മു കശ്മീരിനെ മൂന്നായി വിഭജിക്കണമെന്ന നിര്‍ദേശം വച്ചിരുന്നു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായും ജമ്മുവിനെ ഒരു സംസ്ഥാനമായും കശ്മീര്‍ താഴ്‌വരയെ പ്രത്യേക പദവിയിലും നിലനിര്‍ത്താന്‍ നിര്‍ദേശിച്ചു. ഈ നിര്‍ദ്ദേശം അദ്ദേഹം തന്റെ പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ് (1994) എന്ന പുസ്തകത്തില്‍ ആര്‍ വെങ്കിട്ടരാമന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1996 ഓഗസ്റ്റില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) മുതിര്‍ന്ന നേതാവ് ഇന്ദ്രജിത് ഗുപ്തയും കശ്മീര്‍ വിഭജനം എന്ന നിര്‍ദേശം മുന്നോട്ട് വച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുനൈറ്റഡ് ഫ്രണ്ട് സര്‍ക്കാരിലെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. സംഭവം വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതായും ഇന്ദ്രജിത് ഗുപ്ത വ്യക്തമാക്കി.

ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം, ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രൂപീകരിച്ച സംസ്ഥാന സ്വയംഭരണ സമിതിയുടെ റിപ്പോര്‍ട്ട് രാജ്യവ്യാപകമായി ചര്‍ച്ചയ്ക്ക് തുടക്കമിട്ടപ്പോഴാണ് കശ്മീരിനെ മൂന്നായി വിഭജിക്കുക എന്ന ആശയം ആര്‍എസ്എസ് അവതരിപ്പിച്ചത്. എന്നാല്‍, 2000 ഒക്ടോബറില്‍ വാജ്‌പേയി മന്ത്രിസഭയിലെ അന്നത്തെ ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനി ആര്‍എസ്എസ്സിന്റെ നിര്‍ദേശം തള്ളി.

പതിറ്റാണ്ടുകളായി ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായ കശ്മീര്‍ വിഭജനം എന്ന ആശയമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. കശ്മീരിനെ പൂര്‍ണമായും സായുധ സേനയുടെ വലയത്തിനുള്ളില്‍ തടവിലാക്കിയ ശേഷമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയയും കശ്മീരിനെ വിഭജിക്കുന്ന പ്രമേയവും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ജമ്മു കശ്മീര്‍ ബില്ല് നോട്ട് നിരോധനംപോലെ മറ്റൊരു ദുരന്തമാകുമെന്ന് പ്രതിപക്ഷ കക്ഷികളുടെയും രാഷ്ട്രീയ നിരീക്ഷകരുടുയെും അഭിപ്രായം ആഭ്യന്തരമന്ത്രി അമിത് ഷാ മുഖവിലക്ക് എടുത്തില്ല.

ജമ്മു കശ്മീര്‍ വിഭജനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഭരണഘടനയുടെ അരുംകൊലയാണെന്നും നാളെ ഏത് സംസ്ഥാനത്തിനും ഈ ഗതിവരുമെന്നും ഇടതുപക്ഷം ആരോപിച്ചു. ഫെഡറല്‍ സംവിധാനം തകര്‍ത്ത് സംഘ്പരിവാറിന് കീഴില്‍ ഏകാധിപത്യ വാഴ്ച്ചക്കള്ള നീക്കത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും അഭിപ്രായം ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it