Big stories

ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരേ ദേശീയ പ്രക്ഷോഭമില്ല -കോണ്‍ഗ്രസ്സും സിപിഎമ്മും നിഷ്‌ക്രിയം

ഹിന്ദുത്വ ആള്‍ക്കൂട്ട കൊലകള്‍ക്കെതിരേ യോജിച്ച പോരാട്ടത്തിന് പോലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമം നടത്തുന്നില്ല. സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പോലും പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഎം തയ്യാറായിട്ടില്ല.

ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരേ ദേശീയ പ്രക്ഷോഭമില്ല  -കോണ്‍ഗ്രസ്സും സിപിഎമ്മും നിഷ്‌ക്രിയം
X

ന്യൂഡല്‍ഹി: മോദിയുടെ രണ്ടാംവരവോടെ രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരായ ഹിന്ദുത്വ വംശീയ ആക്രമണങ്ങള്‍ ഭീതിതമായ തോതില്‍ വര്‍ദ്ധിച്ചിട്ടും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൗനം.


വിഷയത്തില്‍ കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും മൗനം പാലിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മും നിഷ്‌ക്രിയമാണെന്ന് ആരോപണമുണ്ട്. ഹിന്ദുത്വ ആള്‍ക്കൂട്ട കൊലകള്‍ക്കെതിരേ യോജിച്ച പോരാട്ടത്തിന് പോലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമം നടത്തുന്നില്ല. സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പോലും പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഎം തയ്യാറായിട്ടില്ല. ചില നേതാക്കളുടെ ഒറ്റപ്പെട്ട പ്രസ്താവനകള്‍ അല്ലാതെ കോണ്‍ഗ്രസ്സും സിപിഎമ്മും ഔദ്യോകികമായി ദേശീയ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറായിട്ടില്ല.

ഹിന്ദുത്വരുടെ ആക്രമണത്തെതുടര്‍ന്ന് ജാര്‍ഖണ്ഡില്‍ തബ്‌രീസ് അന്‍സാരി കൊല്ലപ്പെട്ടതോടെ ആറ് മാസത്തിനിടെ സമാനമായ ആക്രമണങ്ങളുടെ എണ്ണം 11 ആയി. ആള്‍ക്കൂട്ടത്തിന്റെ മറവില്‍ ഹിന്ദുത്വര്‍ നടത്തിയ വംശീയ അതിക്രമങ്ങളില്‍ ഈ വര്‍ഷം മാത്രം നാലു പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 287 വിദ്വേഷ കുറ്റകൃത്യങ്ങളാണ് അരങ്ങേറിയത്. ഇതില്‍ 98 പേര്‍ കൊല്ലപ്പെടുകയും 722 പേര്‍ക്ക്് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ആള്‍കൂട്ട ആക്രമണങ്ങള്‍ കുത്തനെ വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

കന്നുകാലി മോഷണം, ഗോഹത്യ എന്നിവയുമായി ബന്ധപ്പെട്ട് 2012 മുതല്‍ 2014 വരെ കേവലം ആറു സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്തതെങ്കില്‍ 2015ല്‍ മാത്രം ഇതുമായി ബന്ധപ്പെട്ട് 121 അക്രമങ്ങളാണ് ഉണ്ടായത്.

2009 മുതല്‍ 2019 വരെയുള്ള രേഖകള്‍ പരിശോധിച്ചാല്‍ 59 ശതമാനം കേസുകളിലും ഇരകള്‍ മുസ്‌ലിംകളാണ്. ഇതില്‍ 28 ശതമാനം കേസുകളും കന്നു കാലി മോഷണം, ഗോഹത്യ എന്നിവ ആരോപിച്ചുള്ളതാണ്. റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 66 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 16 ശതമാനം കേസുകളാവട്ടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.


കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡില്‍ മോഷണം ആരോപിച്ച് കെട്ടിയിട്ട് മണിക്കൂറുകളോളം മര്‍ദ്ദിച്ചതിനെതുടര്‍ന്ന് മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടിരുന്നു. മരത്തില്‍കെട്ടിയിട്ട തബ്‌രീസിനോട് ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നു വിളിക്കാന്‍ ആവശ്യപ്പെടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ എസ്ഡിപിഐ ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെയും ആക്ടിവിസ്റ്റുകളുടേയും ഫേസ്ബുക്ക് കൂട്ടായ്മകളുടേയും നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനത്തിലാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്സും ഇപ്പോള്‍ നിഷ്‌ക്രിയമാണ്. കൊല്ലപ്പെട്ട തബ്‌രീസിന്റെ വീട് സന്ദര്‍ശിക്കാനോ പ്രക്ഷോഭം സംഘടിപ്പിക്കാനോ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും തയ്യാറായിട്ടില്ല.

Next Story

RELATED STORIES

Share it