Big stories

പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാര്‍ക്കെതിരായ കേസ് : ബിജെപി സഖ്യകക്ഷിയുടെ നിലപാട് പോലും എല്‍ഡിഎഫ് സര്‍ക്കാറിന് ഇല്ലാത്തത് എന്തുകൊണ്ട് ?

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിന് കേരളത്തില്‍ 529 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറെയും മുസ്‌ലിം മത സംഘടനകള്‍ക്കെതിരെയാണ് ചുമത്തിയിട്ടുള്ളത്.

പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാര്‍ക്കെതിരായ കേസ് : ബിജെപി സഖ്യകക്ഷിയുടെ നിലപാട് പോലും എല്‍ഡിഎഫ് സര്‍ക്കാറിന് ഇല്ലാത്തത് എന്തുകൊണ്ട് ?
X

കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയതവര്‍ക്കുമേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാന്‍ എന്‍ഡിഎ ഘടകകക്ഷിയായ തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെ സര്‍ക്കാര്‍ തയ്യാറാകുമ്പോഴും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിസ്സംഗ മനോഭാവം തുടരുന്നു. ഇതിനെ ന്യായീകരിക്കാന്‍ പോലുമാകാതെ കുഴങ്ങുകയാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍. തമിഴ്‌നാട്ടില്‍ പൗരത്വ ഭേദഗതി നിയമവിരുദ്ധ സമരക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 1500റോളം കേസുകളാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പിന്‍വലിച്ചതായി അറിയിച്ചത്.


പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിന് കേരളത്തില്‍ 529 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറെയും മുസ്‌ലിം മത സംഘടനകള്‍ക്കെതിരെയാണ് ചുമത്തിയിട്ടുള്ളത്. 2020 ജനുവരി 1 മുതല്‍ മാര്‍ച്ച് 23 വരെ 519 കേസുകളാണ് കേരളാ പോലീസ് എടുത്തത്. തൃശൂരില്‍ മുസ്‌ലിം മതസംഘടനയുടെ ആഭിമുഖ്യത്തിലുള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പൗരത്വ ഭേദഗതി വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലും കേസെടുത്തിരുന്നു. ഈ കേസുകളൊന്നും ഇതുവരെ പിന്‍വലിക്കുകയോ അതിന് മുഖ്യമന്ത്രി നിര്‍ദേശം ചെയ്യുകയോ ഉണ്ടായിട്ടില്ല.


പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി ഒരു ഭാഗത്ത് പറയുകയും മറുഭാഗത്ത് പോലിസ് കേസെടുക്കുകയും ചെയ്യുന്ന വൈരുധ്യമാണ് കേരളത്തിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ പിന്തുണച്ച് വോട്ട് ചെയ്ത പാര്‍ട്ടിയാണ് അണ്ണാഡിഎംകെ. എന്നിട്ടു പോലും ഇപ്പോള്‍ സമരക്കാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെ സര്‍ക്കാര്‍ തയ്യാറായി. നേരത്തെ പാര്‍ലമെന്റില്‍ നിയമത്തെ പിന്തുണച്ചതിന്റെ പേരില്‍ അണ്ണാഡിഎംകെയില്‍ ഭിന്നത രൂക്ഷമായിരുന്നു. തമിഴ്‌നാട്ടില്‍ എന്‍ആര്‍സി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അത്തരം നീക്കമുണ്ടായാല്‍ എതിര്‍ക്കുമെന്നും മന്ത്രി ആര്‍ ബി ഉദയകുമാര്‍ പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെക്ക് നേരിടേണ്ടി വന്ന പരാജയത്തിന്റെ കാരണം പൗരത്വ ഭേദഗതി നിയമത്തില്‍ സ്വീകരിച്ച നിലപാടാണെന്ന് മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ അന്‍വര്‍ രാജയും വിമര്‍ശിച്ചു. മുഖ്യമന്ത്രി പളനിസാമിയുടെ നാടായ എടപ്പാടിയിലടക്കം അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. അണ്ണാ ഡിഎംകെ മന്ത്രിസഭയിലെ ന്യൂനപക്ഷ സമുദായാംഗമായ മന്ത്രി നിലോഫര്‍ കഫീലും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.


പൗരത്വ ഭേദഗതി നിയമം ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് നിയമം പാസാക്കിയതു മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ നിയമത്തിനെതിരെ സമരത്തിനിറങ്ങിയ മുസ്‌ലിം സംഘടനകളെ അദ്ദേഹവും എല്‍ഡിഎഫ് നേതാക്കാളും വിമര്‍ശിക്കുകയും ചെയ്യുന്നു. 'പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പിലാക്കില്ല എന്നു തന്നെയാണ് ' എന്ന് പിണറായി വിജയന്‍ കാസര്‍കോട് പ്രസംഗിച്ചതിന്റെ അടുത്ത ദിവസമാണ് നിയമത്തിനെതിരായ ഹര്‍ത്താലിനെ പിന്തുണച്ചതിന്റെ പേരില്‍ മാത്രം 46 സാംസ്‌കാരിക, മത, രാഷ്ട്രീയ നേതാക്കള്‍ക്ക് കോഴിക്കോട് പോലിസ് സമന്‍സ് അയച്ചത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാറിന് മുന്നില്‍ നിയമ തടസ്സങ്ങളൊന്നും ഇല്ല. എന്നാലും കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല. ഇരക്കൊപ്പം ആണെന്ന് പ്രഖ്യാപിക്കുകയും അതേ സമയം വേട്ടക്കാരനൊപ്പം നിലകൊള്ളുകയും ചെയ്യുന്ന കുടില തന്ത്രമാണ് പൗരത്വ ഭേദഗതി നിയമത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പിന്തുടരുന്നത്.




Next Story

RELATED STORIES

Share it