Big stories

ഡല്‍ഹി അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി

വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

ഡല്‍ഹി അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി
X

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. സംഘ പരിവാര്‍ അനുകൂലികള്‍ ആരംഭിച്ച ഏകപക്ഷീയ ആക്രമണത്തില്‍ ഇതുവരെ 150 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്ക്. ഒട്ടേറെ പേരുടെ നില ഗുരുതരമാണ്.


ഇന്നലെ രാത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ മൂന്നാം തവണയും ഉന്നതതല യോഗം വിളിച്ചതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഡല്‍ഹിയിലെത്തി ക്രമസമാധാനനില വിലയിരുത്തിയത്. ക്രമസമാധാന നിലയെക്കുറിച്ച് അറിയാന്‍ ദോവല്‍ സീലാംപൂര്‍, ജാഫ്രാബാദ്, മജ്പൂര്‍, ഗോകുല്‍പുരി തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

തലസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ ഇന്ന് വീണ്ടും യോഗം ചേരും. കഴിഞ്ഞ മൂന്ന് ദിവസമായി തലസ്ഥാനത്ത് നടന്ന അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് സുരക്ഷിതമായ യാത്രയും അടിയന്തര ചികില്‍സയും ഉറപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി അര്‍ദ്ധരാത്രി പുറപ്പെടുവിച്ച ഉത്തരവില്‍ പോലിസിനോട് ആവശ്യപ്പെട്ടു.


ഡല്‍ഹി ഹൈക്കോടതിയുടെ രണ്ട് ജഡ്ജിമാര്‍ അടങ്ങുന്ന ബെഞ്ചിന്റെ വാദം ജസ്റ്റിസ് എസ് മുരളീധറുടെ വസതിയിലാണ് നടന്നത്. പരിക്കേറ്റവര്‍ക്ക് മതിയായ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് സുരക്ഷിതമായി കടന്നുപോകാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഇന്ന് ഉച്ചയ്ക്ക് 2:15 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിനിടെ ആക്രമവുമായി ബന്ധപ്പെട്ട് 20 പേര്‍ അറസ്റ്റിലായതായി ഡല്‍ഹി പോലിസ് അറിയിച്ചു. സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാലു പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവ് ഡല്‍ഹി പോലിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it