Latest News

കസ്റ്റഡി മര്‍ദ്ദനം; ഫോര്‍ട്ട് സ്‌റ്റേഷനിലെ നാലു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കസ്റ്റഡി മര്‍ദ്ദനം; ഫോര്‍ട്ട് സ്‌റ്റേഷനിലെ നാലു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പോലിസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രതിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് നാലു പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഗ്രേഡ് എസ്‌ഐ ശ്രീകുമാര്‍, പോലിസുകാരായ സുനില്‍, സിജു കുമാര്‍, ഗിരീഷ് എന്നിവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത ജിനുവിനെ ക്രൂരമായി മര്‍ദ്ദിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബാറിന് മുന്നില്‍ നിര്‍ത്തിയിരുന്ന ബൈക്ക് മോഷണം പോയ കേസിലാണ് കോട്ടയം സ്വദേശികളായ ജിനുവിനെയും ഉണ്ണിയെയും പോലിസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ഡാന്‍സഫ് സംഘം ജിനുവിനെ സെന്‍ട്രല്‍ പോലിസിന് കൈമാറിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം കൊണ്ടുവരുന്നതിനിടെ വാഹനത്തില്‍ വച്ച് മര്‍ദിച്ചുവെന്നാണ് ജിനു നല്‍കിയ മൊഴി. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജിനുവിന്റെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതായാണ് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം കൈയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയ ഇയാള്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. കൂട്ടുപ്രതിയായ ഉണ്ണിയും അവിടെ ചികില്‍സയിലാണ്.

ഇതിനുപുറമെ, പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും മോഷ്ടിച്ച ബൈക്ക് പൊളിച്ച് വിറ്റതായി ആരോപിക്കപ്പെടുന്ന വര്‍ക്ക്‌ഷോപ്പ് ഉടമയെയും തെളിവെടുപ്പിനെന്ന പേരില്‍ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it