Sub Lead

പശുവിന്റെ പേരില്‍ മുസ്‌ലിം യുവാവിന്റെ തല്ലിക്കൊല: വിദ്വേഷ വീഡിയോ ചിത്രീകരിച്ചത് ഹിന്ദുത്വ പ്രചാരണത്തിന്- പ്രതിയുടെ വെളിപ്പെടുത്തല്‍ (വീഡിയോ)

പശുവിന്റെ പേരില്‍ മുസ്‌ലിം യുവാവിന്റെ തല്ലിക്കൊല: വിദ്വേഷ വീഡിയോ ചിത്രീകരിച്ചത് ഹിന്ദുത്വ പ്രചാരണത്തിന്- പ്രതിയുടെ വെളിപ്പെടുത്തല്‍ (വീഡിയോ)
X

പട്‌ന: ബിഹാറില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവത്തില്‍ കൊലയാളിയുടെ വെളിപ്പെടുത്തല്‍ പുറത്ത്. ഹിന്ദുത്വ പ്രചാരണത്തിനും ഹിന്ദുത്വത്തെക്കുറിച്ച് യുവാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് യുവാവിനെ കൊന്ന് വിദ്വേഷ വീഡിയോ ചിത്രീകരിച്ചതെന്നാണ് കേസിലെ പ്രതിയായ കിഷന്‍ ഝാ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ബിഹാറിലെ സമസ്തിപൂരില്‍ ജെഡിയു നേതാവ് ഖലീല്‍ ആലം റിസ്‌വിയെ ഹിന്ദുത്വസംഘം തല്ലിക്കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചശേഷം കുഴിച്ചുമൂടിയത്.

കൊലപ്പെടുത്തുന്നതിന് മുമ്പ് ഖലീലിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷം വമിപ്പിക്കുന്ന തരത്തില്‍ ഹിന്ദുത്വര്‍ ആക്രോശിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. അതാണിപ്പോള്‍ ഹിന്ദുത്വ പ്രചാരണത്തിന് താനും കൂട്ടാളികളും ബോധപൂര്‍വം തയ്യാറാക്കിയതാണെന്ന് പ്രതി തുറന്നുപറഞ്ഞിരിക്കുന്നത്. പോലിസ് കസ്റ്റഡിയിലെടുത്തതിന് ശേഷം പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അഭിമുഖത്തിലാണ് കിഷന്‍ ഝാ, റിസ്‌വിയുടെ കൊലപാതകത്തിന് പിന്നിലെ വര്‍ഗീയ വിദ്വേഷം വ്യക്തമാക്കിയത്.

'ഗൗ ഹത്യ ബന്ദ് ഹോ, ഭാരത് അഖണ്ഡ് ഹോ' 'ഗോഹത്യ നിര്‍ത്തി, ഇന്ത്യയെ വീണ്ടും ഒന്നിപ്പിക്കുക' എന്നായിരുന്നു കിഷന്‍ ഝായുടെ മുദ്രാവാക്യം. യുവാക്കളുടെ കണ്ണ് തുറപ്പിക്കാന്‍ വീഡിയോ പ്രചരിപ്പിക്കുകയെന്നത് അനിവാര്യമായിരുന്നുവെന്നാണ് അറസ്റ്റിന് മുമ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ ഝാ വീഡിയോ ക്ലിപ്പിനെക്കുറിച്ച് പ്രതികരിച്ചത്. ഖലീല്‍ റിസ്‌വിയുടെ തല്ലിക്കൊലയില്‍ നാലുപേരാണ് അറസ്റ്റിലായത്. ഫെബ്രുവരി 16ന് ഹിന്ദുത്വര്‍ തട്ടിക്കൊണ്ടുപോയ ഖലീല്‍ ആലം റിസ്‌വി (34) യെ ഫെബ്രുവരി 18നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബീഫ് കഴിച്ചതിന്റെ പേര് പറഞ്ഞ് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

തന്നെ വെറുതെ വിടണമെന്ന് യുവാവ് കൈകൂപ്പി അക്രമികളോട് അപേക്ഷിക്കുന്നതിന്റെ ദയനീയമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എവിടെ വച്ചാണ് പശുക്കളെ കൊന്നതെന്നും സ്ഥലങ്ങള്‍ വെളിപ്പെടുത്തണമെന്നും ഇറച്ചി വിറ്റവരുടെ പേരുകള്‍ പറയണമെന്നും അക്രമിസംഘം യുവാവിനെ നിര്‍ബന്ധിക്കുന്നുണ്ട്. ജീവിതത്തില്‍ എത്രത്തോളം ബീഫ് കഴിച്ചിട്ടുണ്ടെന്നും കുട്ടികള്‍ക്ക് നല്‍കിയിരുന്നോ എന്നും സംഘം ആക്രോശിക്കുന്നു. മാത്രമല്ല, പശു ഇറച്ചി കഴിക്കാന്‍ മുസ്‌ലിംകളുടെ വേദഗ്രന്ഥമായ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോയെന്നും സംഘം ചോദിക്കുന്നു. എന്നാല്‍ ഇതിന് 'ഇല്ല' എന്നായിരുന്നു മറുപടി. അക്രമികളുടെ ശബ്ദം കേള്‍ക്കാമെങ്കിലും മുഖം വീഡിയോയില്‍ വ്യക്തമല്ലായിരുന്നു.

തല്ലിക്കൊന്നതിന് ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. വേഗം അഴുകാന്‍ വേണ്ടി ഉപ്പ് വിതറിയാണ് മൃതദേഹം കുഴിച്ചിട്ടത്. യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലിസില്‍ പരാതി നല്‍കി നാല് ദിവസത്തിനുശേഷമാണ് മൃതദേഹം ബുര്‍ഹി ഗന്ദക് നദിയുടെ സമീപം വസുദേവ്പൂരിലെ കോഴിഫാമില്‍നിന്ന് കണ്ടെടുക്കുന്നത്. ഖലീലിനെ തട്ടിക്കൊണ്ടുപോയവര്‍ പണമാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ നിരവധി തവണ വിളിച്ചിരുന്നു. ഫെബ്രുവരി 17ന് കുടുംബം പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, ഖലീല്‍ മറ്റൊരു പ്രതിയായ വിപുല്‍ ഝാക്കും കൂട്ടര്‍ക്കും ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3.70 ലക്ഷം രൂപ വാങ്ങുകയും ജോലി നല്‍കാത്തതിനെത്തുടര്‍ന്ന് പ്രതികള്‍ കൊലപ്പെടുത്തിയെന്നുമാണ് പോലിസ് റിപോര്‍ട്ട്. കൊലപാതകത്തിന് വര്‍ഗീയ നിറം നല്‍കാനും ശ്രദ്ധതിരിക്കാനും വേണ്ടിയാണ് ഈ വീഡിയോ പകര്‍ത്തിയതെന്നാണ് പോലിസിന്റെ വാദം. എന്നാല്‍, പോലിസ് റിപോര്‍ട്ടിനെ പൂര്‍ണമായും നിരാകരിക്കുന്നതാണ് മുഖ്യപ്രതിയായ അനുരാജ് ഝാ പങ്കുവച്ച വീഡിയോയിലെ ദൃശ്യങ്ങള്‍. ബീഫ് കഴിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. കേസിലെ പ്രതിയായ കിഷന്‍ ഝായുടെ വെളിപ്പെടുത്തല്‍കൂടി പുറത്തുവന്നതോടെ പോലിസിന്റെ വാദം പൂര്‍ണമായും തള്ളുന്നതാണ്.

Next Story

RELATED STORIES

Share it