Latest News

അരുണാചല്‍ പ്രദേശില്‍ ഭൂചലനം; 3.1 തീവ്രത രേഖപ്പെടുത്തി

അരുണാചല്‍ പ്രദേശില്‍ ഭൂചലനം; 3.1 തീവ്രത രേഖപ്പെടുത്തി
X

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 12.58നാണ് ഉണ്ടായത്. 27.45N ലും രേഖാംശം 92.11E ലും 10 കിലോമീറ്റര്‍ ആഴത്തിലാണ് ചലനങ്ങള്‍ രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലൈ 28ന് അരുണാചല്‍ പ്രദേശിലെ ടിറാപ്പ് ജില്ലയിലും 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. അന്ന് 27.06N ലും 95.42E ലും 7 കിലോമീറ്റര്‍ ആഴത്തിലുമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിനിടെ, കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ലഖ്‌നോവിന് സമീപവും 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപോര്‍ട്ട് ചെയ്തു. ഗോണ്ട ജില്ലയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് എന്‍സിഎസ് വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ബാഗേശ്വറിലും ചൈനയിലെ സിന്‍ജിയാങ് മേഖലയിലും യഥാക്രമം 3.4, 4.4 തീവ്രതയുള്ള ഭൂചലനങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

മ്യാന്‍മറില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് ശേഷമാണ് ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ മേഖലയിലും ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നത്. കൊല്‍ക്കത്തയിലും ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലും ഭൂചലനത്തിന്റെ ചലനങ്ങള്‍ അനുഭവപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍, യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകളുടെ കൂട്ടിയിടിയാണ് ഈ മേഖലകളിലെ ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം വടക്കുകിഴക്കന്‍ ഇന്ത്യയും തെക്കുകിഴക്കന്‍ ബംഗ്ലാദേശും ഭൂകമ്പ സാധ്യതാ മേഖലകളായി കണക്കാക്കപ്പെടുന്നുവെന്നും വ്യക്തമാക്കി.

Next Story

RELATED STORIES

Share it