Sub Lead

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പേരിലുള്ള ജപ്തി വിവേചനപരവും മുസ്‌ലിം അടിച്ചമര്‍ത്തലിന്റെ ഭാഗവും: പുരോഗമന യുവജന പ്രസ്ഥാനം

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പേരിലുള്ള ജപ്തി വിവേചനപരവും മുസ്‌ലിം അടിച്ചമര്‍ത്തലിന്റെ ഭാഗവും: പുരോഗമന യുവജന പ്രസ്ഥാനം
X

മലപ്പുറം: പോപുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നടത്തിയ ഹര്‍ത്താലിന്റെ നഷ്ടപരിഹാരത്തിനായി സംസ്ഥാന വ്യാപകമായി നേതാക്കളുടെ സ്വത്തുവകകള്‍ ധൃതി പിടിച്ച് ജ്യപ്തി ചെയ്തുകൊണ്ടുള്ള നടപടികള്‍ വിവേചനപരവും മുസ്‌ലിം അടിച്ചമര്‍ത്തലിന്റെ ഭാഗവുമാണെന്ന് പുരോഗമന യുവജന പ്രസ്ഥാനം കുറ്റപ്പെടുത്തി. ദേശവ്യാപകമായി സംഘപരിവാര്‍ നടത്തുന്ന മുസ്‌ലിം ഉന്‍മൂലനത്തിന് 'കപട ഇടത് സര്‍ക്കാര്‍' കേരളത്തില്‍ മണ്ണൊരുക്കിക്കൊടുക്കുകയാണ്. കേരളത്തില്‍ ആദ്യമായല്ല ഹര്‍ത്താലുകള്‍ അരങ്ങേറുന്നത്. എന്നാല്‍, ഇത്തരം നടപടി ആദ്യത്തേതാണ്.

ശബരിമല സ്ത്രീ പ്രവേശനത്തിന് സുപ്രിംകോടതി ഉത്തരവിട്ടതിന് പിന്നാലെ സംഘപരിവാര്‍ കേരളത്തില്‍ നിരവധി ഹര്‍ത്താലുകള്‍ നടത്തുകയും വലിയ രീതിയില്‍ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ സമിതിയെ നിയോഗിച്ചു എന്നല്ലാതെ യാതൊരു തുടര്‍നടപടിയും ഇതുവരെയായി ഉണ്ടായില്ല. മാത്രമല്ല, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോടും അവര്‍ നടത്തുന്ന ഹര്‍ത്താലുകളോടും സ്വീകരിച്ച സമീപനമല്ല ഇപ്പോളുണ്ടായിരിക്കുന്നത്.

എന്തിനേറെ പറയുന്നു കേരള നിയമസഭയില്‍ ബജറ്റ് അവതരണ തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് എംഎല്‍എ മാര്‍ നടത്തിയ അക്രമത്തിലും പൊതുമുതല്‍ നശിപ്പിച്ചതിലും എന്ത് ജപ്തിയാണ് നേതാക്കളുടെ വീടുകളില്‍ നടത്തിയത്? സംഘപരിവാര്‍ നേതാവ് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മുസ്‌ലിം നേതാക്കളുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തത് നമ്മള്‍ കണ്ടതാണ്.

അതിന്റെ കേരള പതിപ്പാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2025ല്‍ ഹിന്ദുരാഷ്ട്ര നിര്‍മിക്കുമെന്നും അതിന് മുന്നോടിയായി രാജ്യത്തു നിന്നും മുസ്‌ലിംകളേയും മതന്യൂനപക്ഷങ്ങളേയും കമ്മ്യൂണിസ്റ്റുകളേയും ഉന്‍മൂലനം ചെയ്യുമെന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ച സാഹചര്യമാണിത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജപ്തി നടപടികള്‍ ആരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് സര്‍ക്കാരും കോടതിയും വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരം ഇരട്ടത്താപ്പുകളേയും അനീതികളേയും ചോദ്യം ചെയ്യാന്‍ മുഴുവന്‍ ജനങ്ങളും തയ്യാറാവണമെന്ന് പുരോഗമന യുവജന പ്രസ്ഥാനം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it