Sub Lead

വണ്ടാനം മെഡിക്കല്‍ കോളജില്‍ വീണ്ടും വീഴ്ച; ഭാര്യയും മകനും വാര്‍ഡില്‍ ഉണ്ടായിട്ടും രോഗി മരിച്ചത് അറിയിച്ചത് നാലു ദിവസം കഴിഞ്ഞ്

ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പന്‍ (55) ആണ് മരിച്ചത്.

വണ്ടാനം മെഡിക്കല്‍ കോളജില്‍ വീണ്ടും വീഴ്ച; ഭാര്യയും മകനും വാര്‍ഡില്‍ ഉണ്ടായിട്ടും രോഗി മരിച്ചത് അറിയിച്ചത് നാലു ദിവസം കഴിഞ്ഞ്
X

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ വീണ്ടും വീഴ്ച. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി മരിച്ചത് ബന്ധുക്കളെ അറിയിച്ചത് നാലുദിവസം കഴിഞ്ഞ്. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പന്‍ (55) ആണ് മരിച്ചത്. ഭാര്യയും മകനും വാര്‍ഡില്‍ ഉണ്ടായിട്ടും വിവിരം അറിയിച്ചില്ല. രോഗിയുടെ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചിട്ട് നാലുദിവസമായെന്ന് പറയുന്നത്. അഡ്രസും നമ്പറും ഇല്ലാതിരുന്നത് കൊണ്ടാണ് അറിയിക്കാതിരുന്നത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

തങ്കപ്പന്റെ ഭാര്യയ്ക്ക് കോവിഡ് ബാധിക്കുകയും വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് കൂട്ടിരിക്കാനാണ് തങ്കപ്പന്‍ ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തങ്കപ്പനെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിവിരമൊന്നും ലഭിക്കാതെ വന്നപ്പോഴാണ് ബന്ധുക്കള്‍ അന്വേഷിച്ചത്.

കഴിഞ്ഞദിവസവും ആശുപത്രിയില്‍ സമാന സംഭവം നടന്നിരുന്നു. ചികിത്സയിലായിരുന്ന കോവിഡ് രോഗി മരിച്ച വിവരം ബന്ധുക്കളെ രണ്ടുദിവസം കഴിഞ്ഞാണ് അറിയിച്ചത്. ഹരിപ്പാട് സ്വദേശി ദേവദാസ് ആണ് മരിച്ചത്.

ആശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും തന്നെ അറിയിച്ചില്ലെന്ന് ദേവദാസിന്റെ ഭാര്യ രാജമ്മ പറഞ്ഞു. വിവരങ്ങളറിയാന്‍ ഐസിയുവില്‍ വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ല. രാവിലെ ഐസിയുവില്‍ നേരിട്ട് ചെന്നപ്പോള്‍ രണ്ടുദിവസം മുന്‍പ് മരിച്ചെന്നും മൃതദേഹം മോര്‍ച്ചറിയില്‍ ഉണ്ടെന്നും ജീവനക്കാര്‍ പറഞ്ഞതായി രാജമ്മ പരാതിപ്പെട്ടു.

സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വാദം. മരണ വിവരം ബന്ധുക്കളെ അറിയിക്കാന്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ തുടര്‍ച്ചയായി വിളിച്ചിട്ടും കിട്ടിയില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.

Next Story

RELATED STORIES

Share it