Sub Lead

എല്ലാവരും മക്കളെ ജയിപ്പിക്കുന്ന തിരക്കിലായിരുന്നു; മുതിര്‍ന്ന നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍

മുതിര്‍ന്ന പല നേതാക്കളെയും രൂക്ഷമായി വിമര്‍ശിച്ചാണ് യോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത്.

എല്ലാവരും മക്കളെ ജയിപ്പിക്കുന്ന തിരക്കിലായിരുന്നു; മുതിര്‍ന്ന നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍പരാജയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. മുതിര്‍ന്ന പല നേതാക്കളെയും രൂക്ഷമായി വിമര്‍ശിച്ചാണ് യോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത്.

സ്വന്തം മക്കള്‍ക്ക് സീറ്റ് കിട്ടാനും ജയിപ്പിക്കാനും മാത്രം ശ്രദ്ധിച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയാണ് രാഹുല്‍ ആഞ്ഞടിച്ചത്. പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസിന് ശക്തരായ നേതാക്കളെ വേണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ എഴുന്നേറ്റ് നിന്ന് സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

ബിജെപിയില്‍ നിന്ന് തിരിച്ചുപിടിച്ച സംസ്ഥാനങ്ങളില്‍പ്പോലും കോണ്‍ഗ്രസ് വളരെ മോശം പ്രകടനമാണ് നടത്തിയതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടും, മധ്യപ്രദേശില്‍ കമല്‍നാഥും സ്വന്തം മക്കള്‍ക്ക് സീറ്റുറപ്പിക്കുന്നതിനായി കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. തനിക്ക് താല്‍പ്പര്യമില്ലെന്ന് അറിഞ്ഞിട്ട് പോലും മക്കളുടെ സീറ്റിനായി നേതാക്കള്‍ നിര്‍ബന്ധം പിടിച്ചതായി രാഹുല്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ശിവഗംഗ സീറ്റ് മകന്‍ കാര്‍ത്തി ചിദംബരത്തിന് കൊടുക്കണമെന്ന് പി ചിദംബരവും വാശി പിടിച്ചിരുന്നു. ആരുടെയും പേരെടുത്ത് പറയാതെയാണ് രാഹുല്‍ വിമര്‍ശനമുന്നയിച്ചത്.

താന്‍ കൊണ്ടുവന്ന പ്രചാരണവിഷയങ്ങള്‍ പലതും താഴേത്തട്ടില്‍ എത്തിക്കാന്‍ നേതാക്കള്‍ക്കു സാധിച്ചില്ല. 'ചൗകിദാര്‍ ചോര്‍ ഹേ' എന്ന മുദ്രാവാക്യമോ, റഫേല്‍ അഴിമതിയോ നേതാക്കള്‍ പ്രസംഗങ്ങളില്‍ കൃത്യമായി ഉന്നയിച്ചില്ല. താന്‍ പറഞ്ഞതിനെ എതിര്‍ക്കുന്നവരുണ്ടെങ്കില്‍ കൈ പൊക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടിക്കകത്ത് ഉത്തരവാദിത്തം ആവശ്യമാണെന്നും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ അധ്യക്ഷപദം ഒഴിയാന്‍ തയ്യാറാണെന്നും രാഹുല്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍, ഇതോടെ വികാരഭരിതമായ രംഗങ്ങളാണ് യോഗത്തിലുണ്ടായത്. രാഹുല്‍ സ്ഥാനമൊഴിഞ്ഞാല്‍ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തകരില്‍ നിന്ന് കടുത്ത നടപടിളുണ്ടാവുമെന്ന് പി ചിദംബരം വികാരഭരിതമായി മുന്നറിയിപ്പ് നല്‍കി. മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ, രാഹുല്‍ തിരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിച്ചയാളാണെന്നും സ്ഥാനമൊഴിയേണ്ടതില്ലെന്നും പറഞ്ഞു. രാഹുലിന്റെ രാജിയാവശ്യം തള്ളി പ്രമേയം പാസ്സാക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it