Sub Lead

അസമില്‍ നിന്ന് വെറും ഒരു മണിക്കൂര്‍ മാത്രം ദൂരം, മണിപ്പൂരിലേക്ക് വരൂ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ്

അസമില്‍ നിന്ന് വെറും ഒരു മണിക്കൂര്‍ മാത്രം ദൂരം, മണിപ്പൂരിലേക്ക് വരൂ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവില്‍ അസമില്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍, അവിടെ നിന്ന് വെറും ഒരു മണിക്കൂര്‍ മാത്രം ദൂരമുള്ള മണിപ്പൂരിലേക്ക് കൂടി അദ്ദേഹം പോകണമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. കേവലം ഒരു അഭ്യര്‍ത്ഥന എന്നതിലുപരി, പ്രധാനമന്ത്രിക്കായി ഗുവാഹത്തിയില്‍ നിന്ന് ഇംഫാലിലേക്ക് ഒരു വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു. 'താങ്കളുടെ നമ്പര്‍ എന്റെ പക്കലില്ലാത്തതിനാല്‍ ടിക്കറ്റ് ഇവിടെ (എക്‌സ് പ്ലാറ്റ്ഫോമില്‍) പങ്കുവെക്കുന്നു. ദയവായി ഇത് ഉപയോഗിക്കുക, 'പിഎം കെയേഴ്‌സ്' എന്ന് തെളിയിക്കുക,' എന്ന് പവന്‍ ഖേര കുറിച്ചു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിങ്ങള്‍ മുന്‍ഗണന നല്‍കാറുണ്ടെങ്കിലും മണിപ്പൂരിനെ ഉപേക്ഷിക്കരുതെന്നും അദ്ദേഹം പരിഹസിച്ചു.

2023 മുതല്‍ മണിപ്പൂര്‍ കത്തുകയാണെന്നും ഇപ്പോള്‍ വീണ്ടും അവിടെ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണെന്നും പവന്‍ ഖേര ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ സാന്നിധ്യം അവിടുത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5,450 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ഇപ്പോള്‍ അസമിലെത്തിയത്. ഇത്രയും അടുത്തെത്തിയിട്ടും മണിപ്പൂരിലേക്ക് പോകാത്തതിനെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്.

2023 മേയില്‍ വംശീയ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ മണിപ്പൂര്‍ സന്ദര്‍ശിക്കാത്ത പ്രധാനമന്ത്രിയുടെ നടപടിയെ പ്രതിപക്ഷം നിരന്തരം വിമര്‍ശിക്കാറുണ്ട്. എന്നാല്‍ പവന്‍ ഖേരയുടെ ഈ 'ടിക്കറ്റ് ബുക്കിങ്' നീക്കം സോഷ്യല്‍ മീഡിയയില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. പവന്‍ ഖേരയുടെ ഈ പോസ്റ്റിനോട് പ്രധാനമന്ത്രിയുടെ ഓഫിസോ ബിജെപിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.






Next Story

RELATED STORIES

Share it