Big stories

കശ്മീർ, പൗരത്വ നിയമ ഭേദഗതി; എത്ര എതിര്‍പ്പുണ്ടായാലും പിന്നോട്ടില്ലെന്ന് മോദി

ദേശീയ താത്പര്യമനുസരിച്ച് ഈ തീരുമാനങ്ങൾ അനിവാര്യമായിരുന്നു. വർഷങ്ങളായി രാജ്യം ഇതിനായി കാത്തിരുന്നതാണ്.

കശ്മീർ, പൗരത്വ നിയമ ഭേദഗതി; എത്ര എതിര്‍പ്പുണ്ടായാലും പിന്നോട്ടില്ലെന്ന് മോദി
X

വാരാണസി: എത്ര എതിര്‍പ്പുണ്ടായാലും പൗരത്വ ഭേദഗതി നിയമത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രത്യേകപദവി എടുത്തുകളഞ്ഞ് കശ്മീരിനെ രണ്ടാക്കിയതിലും മാറ്റമുണ്ടാകില്ല. വാരാണസിയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ദയനീയ തോൽവിക്കുശേഷം മോദിയുടെ ആദ്യ പ്രതികരണമാണിത്.

ദേശീയ താത്പര്യമനുസരിച്ച് ഈ തീരുമാനങ്ങൾ അനിവാര്യമായിരുന്നു. വർഷങ്ങളായി രാജ്യം ഇതിനായി കാത്തിരുന്നതാണ്. പല ഭാഗത്തുനിന്നും സമ്മർദ്ദമുയരുന്നുണ്ടെങ്കിലും തീരുമാനങ്ങളിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. അതു തുടരുകതന്നെചെയ്യുമെന്നും മോദി പറഞ്ഞു. പൗരത്വനിയമത്തിനെതിരേ രാജ്യത്തിന്റെ പലകോണുകളിൽ പ്രതിഷേധം തുടരുന്നനിടയിലാണ് പ്രധാനമന്ത്രി നിലപാട് വീണ്ടും വ്യക്തമാക്കിയത്.

പൈതൃകകേന്ദ്രങ്ങളും മതകേന്ദ്രങ്ങളും പരസ്പരം ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരാമർശിച്ച മോദി, രാജ്യത്തെ അഞ്ചുലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാക്കുന്നതിൽ വിനോദസഞ്ചാര മേഖലയായിരിക്കും മുഖ്യപങ്കു വഹിക്കുകയെന്നും പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം പണിയാനായി രൂപംനൽകിയ ട്രസ്റ്റ് വൈകാതെ പ്രവർത്തനം തുടങ്ങുമെന്നും ക്ഷേത്രനിർമാണം ഉടനാരംഭിക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു.

പൗരത്വ ഭേദഗതി, കശ്‌മീർ, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളുയർത്തിയായിരുന്നു ബിജെപി ഡൽഹി തിരഞ്ഞെടുപ്പിനെ നേരിട്ടത്‌. പൗരത്വ ഭേദഗതിക്കെതിരായ ഡൽഹി ശാഹീൻബാഗിലെ പ്രക്ഷോഭത്തെ വര്‍​ഗീയമായി ചിത്രീകരിച്ചുള്ള പ്രചാരണമാണ് ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ നേതൃത്വത്തില്‍ നടത്തിയത്. എന്നാൽ വംശീയ പ്രചാരണം പാളിയെന്ന അഭിപ്രായം ബിജെപിക്കുള്ളിൽ തന്നെ ഉയര്‍ന്നിരുന്നു. വാരാണസിയില്‍ മോദിയുടെ വ്യക്തമാക്കലിനു പിന്നിൽ അമിത്‌ ഷായെ സംരക്ഷിക്കാനുള്ള നീക്കം കൂടിയുണ്ട്‌.

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്വന്തം മണ്ഡലമായ വാരാണസിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനെത്തിയ മോദി ദീൻദയാൽ ഉപാധ്യായയുടെ 63 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്‌തു. വിവിധ പദ്ധതികള്‍ക്കും തുടക്കമിട്ടു.

Next Story

RELATED STORIES

Share it