Latest News

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ ഇനി റീട്ടെയില്‍ വിപണിയില്‍

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ ഇനി റീട്ടെയില്‍ വിപണിയില്‍
X

തൃശൂര്‍: കേരളത്തിലെ സ്ത്രീകളുടെ വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ പോകുന്ന പദ്ധതിയാണ് റീട്ടെയില്‍ വിപണിയിലേക്ക് കുടുംബശ്രീ സംരംഭകരുടെ ഉത്പ്പന്നങ്ങള്‍ എത്തിക്കുന്നതിലൂടെ കുടുംബശ്രീ മുന്നോട്ട് വെക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. കുടുംബശ്രീ സംരംഭകരുടെ ഉത്പ്പന്നങ്ങളെ റീട്ടെയില്‍ വിപണിയിലേക്ക് എത്തിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്പ്പന്നങ്ങള്‍ റീട്ടെയില്‍ വിപണിയിലേക്ക് കൂടി എത്തുന്നതോടെ കുടുംബശ്രീക്ക് വലിയ വിപണിയാണ് തുറന്നുകിട്ടുന്നതെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ ഇതിനോടകം 30 ഇനം ഉത്പന്നങ്ങള്‍ പുറത്തിറക്കി കഴിഞ്ഞു. 155 ഇനം ഉത്പന്നങ്ങള്‍ വിപണിയില്‍ ഇനിയും വരാനിരിക്കുകയാണ്. കുടുബശ്രീ ആരംഭിച്ച ടേക്ക് എവേ ചിക്കന്‍ കൗണ്ടറുകളുടെ എണ്ണം അടുത്ത വര്‍ഷത്തോടെ 1000 മായി വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ റീട്ടെയില്‍ വിപണിയില്‍ എത്തിക്കുന്നതിനായി ഒപ്പുവെച്ച ധാരണപത്രം മന്ത്രി ഓള്‍ കേരള ഡിട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബിനു മഞ്ഞളിക്ക് കൈമാറി. ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിനു മഞ്ഞളി അധ്യക്ഷത വഹിച്ചു.

സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെയും വിവിധ ഉപജീവന പദ്ധതികളുടെയും ഭാഗമായി കുടുംബശ്രീ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് സംരംഭകര്‍ വിവിധതരം ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ചു വരുന്നുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിലവില്‍ ഹോംഷോപ്പ്, കുടുംബശ്രീയുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആപ്പ് ആയ പോക്കറ്റ്മാര്‍ട്ട്, കുടുംബശ്രീ സ്ഥിര വിപണന കേന്ദ്രങ്ങള്‍ കൂടാതെ വിവിധ തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഉല്‍പ്പന്ന വിപണന മേളകള്‍ എന്നിവയിലൂടെയാണ് വിപണനം നടത്തിവരുന്നത്. ഇത്തരം പരമ്പരാഗത മാര്‍ഗങ്ങള്‍ നിലനിര്‍ത്തി കൊണ്ടുതന്നെ വിപണിയിലേക്ക് വലിയരീതിയിലുള്ള ചാട്ടമാണ് റീട്ടെയില്‍ വിപണിയിലേക്ക് കടക്കുന്നതോടെ കുടുംബശ്രീ ലക്ഷ്യം വെക്കുന്നത്. റീട്ടെയില്‍/ഹൈപ്പര്‍/സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മറ്റ് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം കിടപിടിക്കത്തക്ക രീതിയില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും കുടുംബശ്രീ ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ സംഘടിപ്പിച്ചിരുന്നു.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വിനോദ് കൃഷ്ണ, ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ എം കെ, ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിചന്ദ്രബാബു, ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പ്രവീണ്‍ പി, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നവീന്‍ സി, തൃശൂര്‍ ജില്ലാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് വെല്‍ഫയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ഹനീഫ്, ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പര്‍ അനന്തപുരി കണ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിജിത് കെ ദീപക് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it