Sub Lead

തൃശ്ശൂര്‍ സീറ്റിനെ ചൊല്ലി ബിജെപിയില്‍ അടി; മല്‍സരിക്കാന്‍ രാധാകൃഷ്ണനും സുരേന്ദ്രനും

സീറ്റ് രാധാകൃഷ്ണന് നല്‍കണമെന്ന ആവശ്യവുമായി പി കെ കൃഷ്ണദാസ് പക്ഷവും കെ സുരേന്ദ്രനെ മല്‍സരിപ്പിക്കണമെന്ന ആവശ്യവുമായി വി മുരളീധര വിഭാഗവും രംഗത്തെത്തി.

തൃശ്ശൂര്‍ സീറ്റിനെ ചൊല്ലി ബിജെപിയില്‍ അടി; മല്‍സരിക്കാന്‍ രാധാകൃഷ്ണനും സുരേന്ദ്രനും
X

തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റിനെ ചൊല്ലി ബിജെപിയില്‍ അടി. സീറ്റിന് വേണ്ടി എ എന്‍ രാധാകൃഷ്ണനും കെ സുരേന്ദ്രനുമാണ് ചരടുവലിക്കുന്നത്. സീറ്റ് രാധാകൃഷ്ണന് നല്‍കണമെന്ന ആവശ്യവുമായി പി കെ കൃഷ്ണദാസ് പക്ഷവും കെ സുരേന്ദ്രനെ മല്‍സരിപ്പിക്കണമെന്ന ആവശ്യവുമായി വി മുരളീധര വിഭാഗവും രംഗത്തെത്തി.

ബിജെപി സാധ്യത കല്‍പ്പിക്കുന്ന തൃശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് എന്നീ അഞ്ചു സീറ്റുകള്‍ സംബന്ധിച്ചാണ് പ്രധാനമായും തര്‍ക്കം. ഇതില്‍ ഏറ്റവും നിര്‍ണായകമാകുന്നത് തൃശ്ശൂര്‍ സീറ്റാണ്. കഴിഞ്ഞ തവണ മണലൂരില്‍ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു എന്നതാണ് എ എന്‍ രാധാകൃഷ്ണനുവേണ്ടി വാദിക്കുന്ന കൃഷ്ണദാസ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ശബരിമല സമരത്തിലൂടെ ശ്രദ്ധനേടിയ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ വി മുരളീധര പക്ഷവും ആവശ്യമുന്നയിക്കുന്നു.

പാലക്കാടിന് വേണ്ടി ശോഭാ സുരേന്ദ്രന്‍, പത്തനംതിട്ടയ്ക്കുവേണ്ടി എം ടി രമേശ് തുടങ്ങിയവരും രംഗത്തുണ്ട്. ആര്‍എസ്എസ് സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വവുമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന് നാല് സീറ്റ് നല്‍കാനും കോര്‍കമ്മിറ്റി യോഗത്തില്‍ ധാരണയായി. എട്ട് സീറ്റില്‍ അവകാശവാദമുന്നയിച്ച ബിഡിജെഎസ് ആറ് സീറ്റില്‍ കുറയരുതെന്ന നിര്‍ബന്ധത്തിലാണ്. ആലത്തൂര്‍, വയനാട്, ആലപ്പുഴ, ഇടുക്കി എന്നീ സീറ്റുകളാണ് ബിഡിജെഎസിന് ഉറപ്പായിരിക്കുന്നത്. ബിഡിജെഎസിന് തൃശ്ശൂരും പത്തനംതിട്ടയും നല്‍കരുതെന്ന നിലപാടാണ് പൊതുവേ നേതാക്കള്‍ സ്വീകരിച്ചത്. എട്ട് സീറ്റില്‍ മല്‍സരിക്കാന്‍ യോഗ്യരായ ആളുകള്‍ ബിഡിജെഎസില്‍ ഉണ്ടോ എന്ന ചോദ്യവും യോഗത്തില്‍ ഉയര്‍ന്നു.

Next Story

RELATED STORIES

Share it