Sub Lead

കൊവിഡ് രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ 16കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. കേസില്‍ രണ്ട് പ്രതികളെ പിടികൂടിയതായും മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണെന്നും പോലിസ് അറിയിച്ചു.

കൊവിഡ് രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ 16കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
X

ബംഗളൂരു: കൊവിഡ് രോഗിയായ മാതാവിനെ പരിചരിക്കാനെത്തിയ 16കാരിയെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ആശുപത്രി ജീവനക്കാരനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. കേസില്‍ രണ്ട് പ്രതികളെ പിടികൂടിയതായും മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണെന്നും പോലിസ് അറിയിച്ചു.

ശനിയാഴ്ച വൈകീട്ടാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയെ ശിവമോഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചയായി ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരുന്നത് 16കാരിയായ മകളാണ്.അതിനിടെ ആശുപത്രിയിലെ കരാര്‍ ജീവനക്കാരനായ യുവാവ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി.

ശനിയാഴ്ച വൈകീട്ട് ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ കാറില്‍ കടത്തിക്കൊണ്ടുപോയത്. യാത്രയ്ക്കിടയില്‍ ഇയാളുടെ സുഹൃത്തുക്കളായ മൂന്ന് പേര്‍ കൂടി കാറില്‍ കയറി. തുടര്‍ന്ന് ശിവമോഗയ്ക്ക് സമീപത്തെ അയനുരു ഭാഗത്തേക്ക് കാര്‍ ഓടിച്ചു പോവുകയും ഹൈവേയുടെ സമീപത്തുള്ള ആളൊഴിഞ്ഞ ഭാഗത്ത് കാര്‍ നിര്‍ത്തി നാല് പേരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ശേഷം രാത്രിയോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ തിരികെ എത്തിച്ചു.

ചികിത്സയിലുള്ള അമ്മയോടാണ് തനിക്കുണ്ടായ ദുരനുഭവം പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ ആശുപത്രി അധികൃതരെയും ബന്ധുക്കളെയും വിവരമറിയിക്കുകയും പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. ഒളിവില്‍ പോയവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it