Latest News

14,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

14,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ
X

ന്യൂഡല്‍ഹി: ആഗോള ടെക് മേഖലയിലെ മാന്ദ്യം തുടരുന്നതിനിടെ ഫിന്നിഷ് ടെക് ഭീമനായ നോക്കിയ വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഏകദേശം 14,000 പേര്‍ക്ക് വരെ ജോലി നഷ്ടപ്പെടുമെന്നാണ് റിപോര്‍ട്ടുകള്‍. ആഗോള തലത്തിലുള്ള പുനസംഘടനയുടെ ഭാഗമായി ഇന്ത്യയിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കും.

ഫിന്‍ലന്‍ഡിനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിലവില്‍ 74,000ത്തോളം ജീവനക്കാരാണ് ഉള്ളത്. ഇതില്‍ ഏകദേശം 17,000 പേര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നു. ആകെ തൊഴിലാളികളുടെ 20 ശതമാനം വരെ കുറയ്ക്കാനാണ് നീക്കം. ഇതിനുമുമ്പ് തന്നെ ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് കമ്പനികള്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂടാതെ മെറ്റ 15,000ത്തിലധികം പേരെ ഒഴിവാക്കാന്‍ പദ്ധതിയിടുന്നതായി റിപോര്‍ട്ടുകളുണ്ട്.

ഒരു കാലത്ത് ഇന്ത്യന്‍ മൊബൈല്‍ വിപണി കീഴടക്കിയ നോക്കിയയുടെ പ്രകടനം കഴിഞ്ഞ വര്‍ഷത്തോടെ ഇടിയാന്‍ തുടങ്ങി. 2025ലെ നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനം 15 ശതമാനം കുറഞ്ഞ് 4,290 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 5,000 കോടി രൂപയായിരുന്നു വരുമാനം.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നോക്കിയയില്‍ ജീവനക്കാരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്ന സാഹചര്യമാണ്. 2018ല്‍ 1.03 ലക്ഷം ജീവനക്കാരുണ്ടായിരുന്ന കമ്പനി ഇപ്പോള്‍ 74,000ത്തിലേക്ക് ചുരുങ്ങിയിട്ടുണ്ട്. യൂറോപ്പിലും ഗ്രീസ്, ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ കൂടി ഏകദേശം 1,400 ജോലികള്‍ കുറയാനിടയുണ്ട്. അതേസമയം, നോക്കിയയുടെ പ്രധാന എതിരാളിയായ എറിക്‌സണും കഴിഞ്ഞ വര്‍ഷം ഏകദേശം 5,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Next Story

RELATED STORIES

Share it