Sub Lead

ഫലസ്തീന്‍ ജറുസലേം കാര്യ മന്ത്രിയെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു

ജറുസലേമില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് അല്‍ ഹദമിക്കെതിരേ കേസെടുത്തിരിക്കുന്നത്

ഫലസ്തീന്‍ ജറുസലേം കാര്യ മന്ത്രിയെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു
X

ജറുസലേം: ഫലസ്തീന്‍ അതോറിറ്റിയിലെ ജറുസലേം കാര്യമന്ത്രി ഫാദി അല്‍ ഹദമിയെ ഇസ്രായേലി പോലിസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍ എടുക്കുന്നതിനു മുമ്പ് ഹദമിയുടെ വീട്ടില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തിയതായി ജറുസലേം കാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അധിനിവിഷ്ട കിഴക്കന്‍ ജറുസലേമില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ് എന്ന് ഇസ്രായേല്‍ പോലിസിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു.

ജറുസലേമില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് അല്‍ ഹദമിക്കെതിരേ കേസെടുത്തിരിക്കുന്നത്. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഭരണം നടത്തുന്നത് ഫലസ്തീന്‍ അതോറിറ്റിയാണ്. ജറുസലേം പോലിസ് ഡിസ്ട്രിക്റ്റില്‍നിന്നുള്ള ഓഫിസര്‍മാര്‍ ഹദമിയെ ചോദ്യം ചെയ്തുവരികയാണെന്ന് ഇസ്രായേല്‍ പോലിസ് വക്താവ് മിക്കി റോസന്‍ഫെല്‍ഡ് പറഞ്ഞു. ഇസ്രായേല്‍ അധികൃതര്‍ ജറുസലേമിലെ ഫലസ്തീന്‍ ഗവര്‍ണര്‍ അദ്‌നാല്‍ ഗലേത്തിനും അദ്ദേഹത്തിന്റെ മകനും സമന്‍സ് അയച്ചിട്ടുണ്ട്. അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെ സില്‍വാന്‍ മേഖയിലെ ഗെയ്ത്തിന്റെ വീട്ടിലും സൈന്യം റെയ്ഡ് നടത്തുകയും ചെയ്തിട്ടുണ്ട്. ഗെയ്ത്തിനെതിരേയും സമാന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

ഇസ്രായേല്‍ നടപടിയെ 'പതിവായുള്ളതും' 'ഉപദ്രവിക്കല്‍ നടപടി'യെന്നുമാണ് ഫലസ്തീന്‍ വിശേഷിപ്പിച്ചത്. അല്‍ അഖ്‌സ് പള്ളി അങ്കണത്തില്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേരയെ അനുഗമിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണില്‍ ഹദമിയെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തേയും ഇദ്ദേഹത്തെ നിരവധി തവണ ഇസ്രായേല്‍ അധിനിവേശ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it