Sub Lead

കശ്മീരി സ്ത്രീകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു; മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള ഫെമിനിസ്റ്റുകളുടെ പൊതുപ്രസ്താവന

നിലവിൽ കശ്മീരിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ നിന്ന് പിന്മാറാനും സൈനികവൽക്കരണം അവസാനിപ്പിക്കാനും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമടങ്ങുന്ന കൂട്ടായ്മ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

കശ്മീരി സ്ത്രീകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു; മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള ഫെമിനിസ്റ്റുകളുടെ പൊതുപ്രസ്താവന
X

ന്യൂഡൽഹി: കശ്മീരി സ്ത്രീകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മുപ്പത് രാജ്യങ്ങളിലെ ഫെമിനിസ്റ്റുകളുടെ പൊതുപ്രസ്താവന. വിവിധ മേഖലകളിലുള്ള അഞ്ഞൂറോളം സ്ത്രീകളാണ് പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ പൊതു മുന്നേറ്റങ്ങൾ തടയുന്നതിനും ആശയവിനിമയ ശൃംഖലകൾ റദ്ദ് ചെയ്യുന്നതിനും സർക്കാർ എടുത്ത തീരുമാനങ്ങൾ പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് പ്രസ്താവന പുറത്തിറങ്ങിയത്. ഞായറാഴ്ച ടെക്സാസിൽ നടന്ന പരിപാടിയിൽ മോദി കശ്മീരിനെക്കുറിച്ചുള്ള തൻറെ സർക്കാരിൻറെ സമീപകാല തീരുമാനങ്ങളെ ന്യായീകരിക്കുകയും പാകിസ്ഥാനെ വിമർശിക്കുകയും ചെയ്തിരുന്നു.

കശ്മീരികളുടെ സ്വാതന്ത്ര്യത്തിനും നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് സ്ത്രീകളാണ്.ഇവർ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് പ്രത്യേകിച്ചും ലൈംഗിക അതിക്രമങ്ങൾക്കും നിർബന്ധിത തിരോധാനങ്ങൾക്കും ഇരയാകുന്നുണ്ട്. സ്വേച്ഛാധിപത്യത്തിൻറെയും ആക്രമണോല്സുകതയുടേയും ശക്തികളെ ചെറുക്കുന്നതിൽ ഇന്ന് ലോകത്തിലെ സ്ത്രീകൾ അവരോടൊപ്പം നിൽക്കുന്നു. 1947 മുതൽ ഈ തർക്കം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ഇന്ത്യൻ സർക്കാരിനോട് നിലവിലെ ആക്രമണങ്ങളിൽ നിന്ന് പിന്മാറാൻ അഭ്യർത്ഥിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു.

അക്കാദമിക് വിദഗ്ധരായ നിവേദിത മേനോൻ, നന്ദിനി സുന്ദർ, കൽപ്പന കന്നബിരൻ, ആക്ടിവിസ്റ്റ് മീന കന്ദസാമി തുടങ്ങിയ വ്യക്തികളും, അർജന്റ് ആക്ഷൻ ഫണ്ട്, ഗ്ലോബൽ ഫണ്ട് ഫോർ വുമൺ തുടങ്ങിയ സംഘടനകളുമാണ് പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങൾ, യുഎസ്, ഇറാൻ, ഇന്തോനീസ്യ, ഇസ്രായേൽ, ഫലസ്തീൻ, ഉഗാണ്ട തുടങ്ങിയ 30 രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളും സംഘടനകളും പ്രസ്താവനയ്ക്ക് അംഗീകാരം നൽകി.

കശ്മീരികളുടെ പൗര-ജനാധിപത്യ അവകാശങ്ങൾ പൂർണമായും റദ്ദ് ചെയ്തിരിക്കുകയാണ്. അവരുടെ ഭാവി നിർണ്ണയിക്കാനുള്ള അവകാശം പോലും ഹനിക്കപ്പെടുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. കശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് അമ്പത്തൊന്ന് ദിവസമായെങ്കിലും ആദ്യമായാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ നേതൃത്വത്തിൽ പൊതുപ്രസ്താവന പുറത്തിറങ്ങുന്നത്.

Next Story

RELATED STORIES

Share it