Big stories

സി ടി രവികുമാര്‍ ഉള്‍പ്പെടെ ഒമ്പതു ജഡ്ജിമാര്‍ ഇന്ന് സുപ്രിം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യും

ഇതാദ്യമായാണ് സുപ്രിംകോടതിയില്‍ ഇത്രയും ജഡ്ജിമാര്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെയാണ് സുപ്രിം കോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്.

സി ടി രവികുമാര്‍ ഉള്‍പ്പെടെ ഒമ്പതു ജഡ്ജിമാര്‍ ഇന്ന് സുപ്രിം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യും
X

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയില്‍ നിന്നുള്ള ജസ്റ്റിസ് സി ടി രവികുമാര്‍ ഉള്‍പ്പെടെ ഒമ്പതു ജഡ്ജിമാര്‍ ഇന്ന് സുപ്രിം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പുതിയ ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

ഇതാദ്യമായാണ് സുപ്രിംകോടതിയില്‍ ഇത്രയും ജഡ്ജിമാര്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെയാണ് സുപ്രിം കോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാരും രാഷ്ട്രപതിയും അംഗീകരിച്ചിരുന്നു. പുതിയ ജഡ്ജിമാര്‍ ചുമതലയേല്‍ക്കുന്നതോടെ, സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 33 ആകും.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അഭയ് ശ്രീനിവാസ് ഓഖ, ഗുജറാത്ത് ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജിതേന്ദ്രകുമാര്‍ മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്ജി എം എം സുന്ദരേശ്, കേരള ഹൈക്കോടതി ജഡ്ജി സി ടി രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ജഡ്ജി ഹിമ കോഹ്‌ലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല ത്രിവേദി, മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ എന്നിവരാണ് സുപ്രിംകോടതി ജഡ്ജിമാരായി ചുമതലയേല്‍ക്കുന്നത്.

ഇതോടെ 2027ല്‍ ഇന്ത്യയ്ക്ക് ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകാനും അവസരമൊരുങ്ങി. ജസ്റ്റിസ് ബി വി നാഗരത്‌നയാകും സുപ്രിംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകുക. 1989ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് നാഗരത്‌ന.

Next Story

RELATED STORIES

Share it