Sub Lead

'മുന്‍ എംപി ഷഹാബുദ്ധീന്റെ മരണം കൊലപാതകം'; തിഹാര്‍ ജയില്‍ ഡിജിക്കെതിരേ കുടുംബം

തന്റെ പിതാവിന്റെ മരണത്തില്‍ തിഹാര്‍ ജയില്‍ ഡിജിയെ നേരിട്ട് കുറ്റപ്പെടുത്തി മകള്‍ തസ്‌നിം ഷഹാബുദ്ധീന്‍ ട്വീറ്റ് ചെയ്തിരുന്നു. ഡിജിയും അദ്ദേഹം നിര്‍ദേശിച്ച ആളുകളും തന്റെ പിതാവിനെ കൊന്നെന്നായിരുന്നു അവരുടെ ട്വീറ്റ്.

മുന്‍ എംപി ഷഹാബുദ്ധീന്റെ മരണം കൊലപാതകം; തിഹാര്‍ ജയില്‍ ഡിജിക്കെതിരേ കുടുംബം
X

ന്യൂഡല്‍ഹി: ആര്‍ജെഡി മുന്‍ എംപി മുഹമ്മദ് ഷഹാബുദ്ധീന്റെ മരണത്തില്‍ തിഹാര്‍ ജയിലിലെ ഡയറക്ടര്‍ ജനറലിനെതിരേ (ഡല്‍ഹി) ഗുരുതര ആരോപണവുമായി കുടുംബം. ഷഹാബുദ്ധീനെ തിഹാര്‍ ജയിലിലെ ഡയറക്ടര്‍ ജനറല്‍ 'കൊലപ്പെടുത്തുക'യായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അദ്ദേഹത്തിന്റെ അനുയായികളും മരണത്തില്‍ ഗൂഢാലോചന ആരോപിക്കുന്നുണ്ട്.

കൊവിഡ് ബാധിച്ച് ഡല്‍ഹി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ചയാണ് ബിഹാറിലെ സിവാനില്‍ നിന്നുള്ള മുന്‍ രാഷ്ട്രീയ ജനതാദള്‍ എംപിയായ ഷഹാബുദ്ധീന്‍ മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അധികൃതര്‍ തയ്യാറാവാത്തതിനെതുടര്‍ന്ന് ഷഹാബുദ്ധീന്റെ മകന്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിനുമുമ്പ് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും ആരോപിക്കുന്നു.

കൊലപാതകകുറ്റത്തിന് ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു 53 കാരനായ ഷഹാബുദ്ദീന്‍. ബാഹുബലി എന്ന പേരില്‍ അറിയപ്പെടുന്ന ഷഹാബുദ്ധീന്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വലംകൈ ആയാണ് അറിയപ്പെട്ടിരുന്നത്.

കൊവിഡ് പോസിറ്റീവ് ആയതിനെതുടര്‍ന്ന് ഏപ്രില്‍ 20ന് അദ്ദേഹത്തെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ടു ദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ നില വഷളാവുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അധോലോക ക്രിമിനല്‍ കുറ്റവാളി ചോട്ട രാജന് ഡല്‍ഹിയിലെ പ്രശസ്തമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശനം അനുവദിച്ചപ്പോള്‍ മുന്‍ എംപിയായ ഷഹാബുദ്ദീന് മെച്ചപ്പെട്ട ചികില്‍സ നല്‍കുന്നതിന് മികച്ച ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും കുടുംബം ആരോപിച്ചു.

കൊവിഡ് ബാധയെതുടര്‍ന്ന് വൈദ്യസഹായം തേടി അദ്ദേഹത്തിന്റെ കുടുംബം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായത്. ഷഹാബുദ്ദീന്റെ നില ഗുരുതരമായിരുന്നു. അദ്ദേഹത്തെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ പദ്ധതിയിട്ടിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊവിഡ്ബാധിതനായ ഒരു പാകിസ്താനി തടവുകാരനെ ഷഹാബുദ്ധീന്റെ സെല്ലിലേക്ക് മാറ്റിയതിനു പിന്നാലെയാണ് ഇദ്ദേഹത്തിനും വൈറസ് ബാധയുണ്ടായത്. തന്റെ പിതാവിന്റെ മരണത്തില്‍ തിഹാര്‍ ജയില്‍ ഡിജിയെ നേരിട്ട് കുറ്റപ്പെടുത്തി മകള്‍ തസ്‌നിം ഷഹാബുദ്ധീന്‍ ട്വീറ്റ് ചെയ്തിരുന്നു. ഡിജിയും അദ്ദേഹം നിര്‍ദേശിച്ച ആളുകളും തന്റെ പിതാവിനെ കൊന്നെന്നായിരുന്നു അവരുടെ ട്വീറ്റ്.

Next Story

RELATED STORIES

Share it