Latest News

മാനന്തവാടിയില്‍ സി കെ ജാനുവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ജെആര്‍പി; നിലപാട് തള്ളി സി കെ ജാനു

മാനന്തവാടിയില്‍ സി കെ ജാനുവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ജെആര്‍പി; നിലപാട് തള്ളി സി കെ ജാനു
X

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുമെന്ന് യുഡിഎഫ് ഘടകകക്ഷിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി(ജെആര്‍പി). സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും സ്വതന്ത്രരെ നിര്‍ത്തി മല്‍സരിപ്പിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. മാനന്തവാടിയില്‍ സി കെ ജാനു മല്‍സരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. സി കെ ജാനുവിന്റെ അറിവോട് കൂടിയാണ് ഈ തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞു. ജാനുവിന്റെ പാര്‍ട്ടിക്ക് സീറ്റ് ഉണ്ടാവില്ലെന്ന് വി ഡി സതീശന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നേതാക്കളുടെ പ്രതികരണം.

എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളി സി കെ ജാനു രംഗത്തെത്തി. ബത്തേരി, മാനന്തവാടി സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന തീരുമാനം എടുത്തിട്ടില്ല. ജില്ലാ നേതൃത്വം പ്രകടിപ്പിച്ചത് പ്രാദേശിക വികാരമാണെന്നും ജാനു പ്രതികരിച്ചു. 'അസോസിയേറ്റ് അംഗമായി വന്ന പി വി അന്‍വറിന് സീറ്റ് കൊടുത്തപ്പോള്‍ ആദ്യഘട്ടത്തില്‍ ജെആര്‍പിക്ക് സീറ്റ് കിട്ടിയില്ല. ഈ വികാരമാണ് പ്രാദേശിക നേതൃത്വം പ്രകടിപ്പിച്ചത്. യുഡിഎഫുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. മാനന്തവാടി സീറ്റ് ലഭിച്ചാല്‍ മല്‍സരിക്കും' എന്ന് സി കെ ജാനു പറഞ്ഞു.

അടുത്തിടെ യുഡിഎഫില്‍ അസോസിയേറ്റ് അംഗമായ സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ രണ്ടു സീറ്റില്‍ മല്‍സരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വയനാട്ടിലെ മാനന്തവാടിയും കോഴിക്കോട് ബാലുശ്ശേരിയുമാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ സി കെ ജാനുവിന് സീറ്റ് നല്‍കില്ലെന്ന് വി ഡി സതീശന്‍ ജാനുവിനെ അറിയിച്ചിരുന്നു. ഇതോടെ സീറ്റിനായി ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങുകയായിരുന്നു സി കെ ജാനു. വി ഡി സതീശന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജെആര്‍പി രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ചത് ദലിത് ആദിവാസി പിന്നോക്ക വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തുക എന്നതാണെന്നും അതിന് വിഭിന്നമായാണ് യുഡിഎഫ് നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നുമാണ് ജനാധിപത്യ രാഷ്ട്രീയ സഭ പറയുന്നത്.

Next Story

RELATED STORIES

Share it