Sub Lead

മധ്യകേരളത്തില്‍ വ്യാജ നഴ്‌സിങ് റിക്രൂട്ടിങ് കേന്ദ്രങ്ങള്‍ സജീവം

പോലിസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല. പരാതിക്കാരെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടാ സംഘങ്ങളും. അധികൃതരുടെ സഹായത്തോടെ അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ വന്‍ തട്ടിപ്പ് മാഫിയയായി തഴച്ചുവളരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍

മധ്യകേരളത്തില്‍ വ്യാജ നഴ്‌സിങ് റിക്രൂട്ടിങ് കേന്ദ്രങ്ങള്‍ സജീവം
X

സ്വന്തം പ്രതിനിധി

കോട്ടയം: മധ്യകേരളത്തില്‍ അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ വന്‍ തട്ടിപ്പുമാഫിയയായി തഴച്ചുവളരുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ മറവിലാണ് പ്രധാനമായും തട്ടിപ്പുകള്‍. മതിയായ രേഖകളും അടിസ്ഥാന യോഗ്യതകളുമില്ലാതെയാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. പ്രധാന പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് ഇത്തരം സ്ഥാപനങ്ങള്‍ ഇരതേടുന്നത്. വന്‍തുക രജിസ്‌ട്രേഷന്‍ ഫീസായി ഈടാക്കിയാണ് തട്ടിപ്പ്. കുവൈത്ത്, യുകെ, അമേരിക്ക, ഇസ്രായേല്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോവാന്‍ കാത്തിരിക്കുന്ന നഴ്‌സുമാരാണ് ചൂഷണത്തിനിരയാവുന്നത്.


വിദേശരാജ്യങ്ങളിലേക്ക് തൊഴിലിനായി ആളുകളെ കയറ്റി അയക്കുന്നതിനുള്ള അനുമതിയോ ലൈസന്‍സടക്കമുള്ള അടിസ്ഥാന യോഗ്യതകളോ ഇല്ലാതെയാണ് പല ഏജന്‍സികളുടേയും പ്രവര്‍ത്തനം. തട്ടിപ്പ് പിടികൂടാതിരിക്കാന്‍ ഓഫിസുകള്‍ക്ക് ബോര്‍ഡ് പോലും വയ്ക്കുന്നില്ല. പത്രങ്ങളില്‍ പരസ്യം കണ്ട് എത്തുന്നവരെ നേരിട്ട് അകത്തേക്ക് പ്രവേശിപ്പിക്കാതെയാണ് വ്യാജ റിക്രൂട്ടിങ് കേന്ദ്രങ്ങള്‍ വന്‍തുക രജിസ്‌ട്രേഷന്‍ ഫീസായി ഈടാക്കുന്നത്.

കൂത്താട്ടുകുളത്തെ ഒരു സ്ഥാപനത്തിനെതിരായ പരാതി പുറത്തുവന്നതോടെയാണ് മധ്യകേരളത്തിലെ പല നഴ്‌സിങ് റിക്രൂട്ടിങ് കേന്ദ്രങ്ങളും സമാനമായാണ് തട്ടിപ്പ് നടത്തുന്നതെന്ന സൂചനകള്‍ വെളിച്ചത്തായത്. യുകെയില്‍ ജോലി തരപ്പെടുത്തുന്ന കൂത്താട്ടുകുളത്തെ ജോസഫ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിനെതിരായ പരാതിയില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. പാലാ സ്വദേശി സുമിത് ജോര്‍ജാണ് സ്ഥാപനത്തിനെതിരേ പോലിസിലും മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കും കഴിഞ്ഞ ദിവവസം പരാതി നല്‍കിയത്. 'മനോരമ' യില്‍ പരസ്യം കണ്ട് ഭാര്യയ്ക്ക് യുകെയിലേക്ക് പോവാനുള്ള ആവശ്യവുമായി കൂത്താട്ടുകുളത്തെ സ്ഥാപനത്തിലെത്തിയപ്പോള്‍ ഞെട്ടിക്കുന്ന ദുരനുഭവങ്ങളാണ് നേരിട്ടതെന്ന് സുമിത് ജോര്‍ജ് പരാതിയില്‍ പറയുന്നു.

രാവിലെ 10 നും ഉച്ചയ്ക്ക് 2 നുമാണ് കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിച്ചത്. പത്ത് മണിക്ക് 30 പേരുള്ള ഒരു ബാച്ച് ഉണ്ടെന്നും 2 മണിക്കുള്ള 30 പേരടങ്ങുന്ന ബാച്ചില്‍ ഉള്‍പ്പെടുത്താമെന്നും അറിയിച്ചു. സുമിത്തും ഭാര്യയും കൂത്താട്ടുകുളത്തെ സ്ഥാപനത്തിലെത്തി. ജോസഫ് ഗ്രൂപ്പ് എന്നാണ് പരസ്യത്തിലുണ്ടായിരുന്നത്. എന്നാല്‍, ആ കെട്ടിടത്തില്‍ സ്ഥാപനത്തിന്റെ പേരോ ബോര്‍ഡോ മറ്റ് അടയാളങ്ങളോ ഉണ്ടായിരുന്നില്ല.

ഭാര്യ റിസപ്ഷനില്‍ ചെന്നപ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഉള്ളില്‍ പ്രവേശനമുള്ളൂ എന്ന് പറഞ്ഞു. സംസാരിച്ചതിന് ശേഷം ഹാജരാക്കിയാല്‍ മതിയല്ലോ എന്ന് ചോദിച്ചപ്പോള്‍ അനുവദിച്ചില്ല. ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ഭാര്യ അകത്ത് പ്രവേശിച്ചു. എന്നാല്‍, കൂടിക്കാഴ്ചയില്‍, യുകെയിലെ ജോലിയെക്കുറിച്ചോ ഏത് ഹോസ്പിറ്റലിലാണെന്നോ, ഏത് ഹോം ആണെന്നോ ഉള്ള അടിസ്ഥാന വിവരങ്ങളൊന്നും വ്യക്തമാക്കിയില്ല. 5,000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതിനുശേഷം ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുമെന്നും ആ ഇന്റര്‍വ്യൂ പാസായാല്‍ മാത്രം പോകാവുന്നതാണെന്നും 10 ലക്ഷമോ അതിന് മുകളിലോ ഫീസ് വരുമെന്നും അറിയിച്ചു.

തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ കൂത്താട്ടുകുളം പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പോലിസില്‍ പരാതി നല്‍കി വീട്ടില്‍ തിരിച്ചെത്തിയ ഉടനെ സ്ഥാപനത്തിന്റെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് സുമിത് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ ഉറച്ചുനിന്നാല്‍ സ്ത്രീപീഡനക്കേസില്‍ കുടുക്കുമെന്നായിരുന്നു ഭീഷണി. ജോസഫ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന് യുകെയില്‍ ബന്ധങ്ങളൊന്നുമില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പരാതിയില്‍ പറയുന്നു. മധ്യകേരളത്തില്‍ പല ഭാഗങ്ങളിലും സമാനമായ തട്ടിപ്പുസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ വിവരങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, അഭിഭാഷകരും ഉദ്യോഗസ്ഥരുമടങ്ങിയ ലോബി പോലിസ് അന്വേഷണം അട്ടിമറിക്കുകയാണെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it