Sub Lead

ബംഗാള്‍ മന്ത്രിയുടെയും ടിഎംസി എംഎല്‍എയുടെയും വസതികളില്‍ ഇഡി റെയ്ഡ്; പകപോക്കല്‍ രാഷ്ട്രീയമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

നഗരസഭകളിലെ നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം

ബംഗാള്‍ മന്ത്രിയുടെയും ടിഎംസി എംഎല്‍എയുടെയും വസതികളില്‍ ഇഡി റെയ്ഡ്;  പകപോക്കല്‍ രാഷ്ട്രീയമെന്ന്  തൃണമൂല്‍ കോണ്‍ഗ്രസ്
X

കൊല്‍ക്കത്ത: നഗരസഭകളിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ ഫയര്‍ ആന്റ് സര്‍വീസ് മന്ത്രി സുജിത് ബോസിന്റെയും തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തപസ് റോയിയുടെയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ലേക് ടൗണ്‍ ഏരിയയിലെ ബോസിന്റെ വസതിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് നടന്നത്. കഴിഞ്ഞയാഴ്ച സന്ദേശ്ഖാലിയില്‍ നടന്ന റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം കണക്കിലെടുത്ത് കേന്ദ്ര സേന ഇഡി ഉദ്യോഗസ്ഥരെ അനുഗമിക്കുകയും ഹെല്‍മറ്റ്, ഓട്ടോമാറ്റിക് തോക്കുകള്‍ തുടങ്ങിയ അധിക സംരക്ഷണ ഉപകരണങ്ങള്‍ സജ്ജീകരിക്കുകയും ചെയ്തിരുന്നു. തപസ് റോയിയുടെ ബിബി ഗാംഗുലി സ്ട്രീറ്റിലെ വസതിയിലും ബിരാതിയിലെ ചക്രവര്‍ത്തിയുടെ വസതിയിലും റെയ്ഡ് നടത്തി. ബോസിന്റെ വസതിയില്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പ് നേരിട്ടതായും 40 മിനിറ്റിനുശേഷം മാത്രമേ പ്രവേശിക്കാനായുള്ളൂവെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ മുനിസിപ്പല്‍ റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുകളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നിരവധി പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ നടത്തിയ പരിശോധനയെ ടിഎംസി അപലപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബിജെപിയുടെ പകപോക്കല്‍ രാഷ്ട്രീയമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ജനകീയ വിഷയങ്ങളില്‍ നിന്ന് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്ന് മുതിര്‍ന്ന ടിഎംസി നേതാവ് കുനാല്‍ ഘോഷ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ ദ്രോഹിക്കാനുള്ള ഉപകരണമായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രിയുമായ ശശി പഞ്ച പറഞ്ഞു. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ പറഞ്ഞു.

Next Story

RELATED STORIES

Share it