ബിജെപിയുടേത് ബാബരി ധ്വംസനത്തെ ഓര്‍മിപ്പിക്കുന്ന അക്രമം; മമതാ ബാനര്‍ജി

ഇത് കശ്മീരോ ബീഹാറോ ത്രിപുരയോ ഉത്തര്‍പ്രദേശോ അല്ല പശ്ചിമ ബംഗാളാണെന്നു മോദിയെ ഓര്‍മിപ്പിക്കുകയാണ്. ഇവിടത്തെ ജനങ്ങളെ നിങ്ങള്‍ക്കനുകൂലമാക്കുക എന്നത് അസാധ്യം തന്നെയാണെന്നും മമത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി

ബിജെപിയുടേത് ബാബരി ധ്വംസനത്തെ ഓര്‍മിപ്പിക്കുന്ന അക്രമം; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറവില്‍ സംസ്ഥാനത്തൊട്ടാകെ ആക്രമണം അഴിച്ചു വിടുന്ന ബിജെപിയെ ശക്തിയായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

1992ലെ ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷം നടത്തിയ ആക്രമണങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി നടത്തിയ ആക്രമണങ്ങള്‍. ഇതിനായി സംസ്ഥാനത്തിനു പുറത്തു നിന്നും ഗുണ്ടകളെ ഇറക്കി. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ബിജെപി പ്രവര്‍ത്തകര്‍ സംഘടിതമായി ആക്രമണം നടത്തി. ഇതില്‍ ഇടപെടേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കൊപ്പം ചേരുകയായിരുന്നു. കമ്മീഷന്‍ ബിജെപിക്കു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അമിത്ഷായുടെയും മോദിയുടെയും നിര്‍ദേശങ്ങളാണ് കമ്മീഷന്‍ നടപ്പിലാക്കുന്നത്. പരസ്യ പ്രചരണം നിര്‍ത്തിവെക്കാനുള്ള കമ്മീഷന്‍ നടപടി തന്നെ തെറ്റാണ്. രണ്ട് റാലികള്‍ നടത്താന്‍ മോദിക്കു സമയം നല്‍കിയ ശേഷമാണ് പ്രചാരണം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്. അവരുടെ റാലി അവസാനിക്കുന്നതോടു കൂടി പ്രചാരണം അവസാനിക്കണമെന്നാണോ കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. ബിജെപി ഗുണ്ടകള്‍ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതിനെ ഇവിടുത്തെ ജനങ്ങള്‍ നിസാരമായി കാണുന്നില്ല. ഇത് കശ്മീരോ ബീഹാറോ ത്രിപുരയോ ഉത്തര്‍പ്രദേശോ അല്ല പശ്ചിമ ബംഗാളാണെന്നു മോദിയെ ഓര്‍മിപ്പിക്കുകയാണ്. ഇവിടത്തെ ജനങ്ങളെ നിങ്ങള്‍ക്കനുകൂലമാക്കുക എന്നത് അസാധ്യം തന്നെയാണെന്നും മമത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ബംഗാളിലെ ശേഷിക്കുന്ന ഒമ്പത് ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രചാരണം വ്യാഴാഴ്ചയോടെ അവസാനിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. പരസ്യ പ്രചാരണം വെള്ളിയാഴ്ചയാണ് അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍, പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വ്യാഴാഴ്ച തന്നെ പ്രചാരണം നിര്‍ത്തുന്നതെന്നായിരുന്നു കമ്മീഷന്റെ അറിയിപ്പ്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെയാണ് സംസ്ഥാനത്താകെ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തിന് തുടക്കമിട്ടത് ബിജെപിയാണെന്നതിന്റെ തെളിവുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ പുറത്തു വിട്ടിരുന്നു. കാവിവസ്ത്രം ധരിച്ച ബിജെപി പ്രവര്‍ത്തകര്‍ കടകളും വാഹനങ്ങളും സ്ഥാപനങ്ങളും തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് തൃണമൂല്‍ വക്താവ് ഡെറിക് ഒബ്രയാന്‍ പുറത്തുവിട്ടത്.

RELATED STORIES

Share it
Top