Latest News

സുരക്ഷാ അനുമതിയില്ലാതെ വിമാനം സര്‍വീസ് നടത്തി; എയര്‍ ഇന്ത്യക്ക് ഒരുകോടി പിഴയിട്ട് ഡിജിസിഎ

സുരക്ഷാ അനുമതിയില്ലാതെ വിമാനം സര്‍വീസ് നടത്തി; എയര്‍ ഇന്ത്യക്ക് ഒരുകോടി പിഴയിട്ട് ഡിജിസിഎ
X

ന്യൂഡല്‍ഹി: സര്‍വീസ് നടത്തുന്നതിന് മതിയായ അനുമതിയില്ലാതെ എയര്‍ബസ് വിമാനം എട്ടുതവണ പറത്തിയതിന് എയര്‍ ഇന്ത്യക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ)ഒരു കോടി രൂപ പിഴ ചുമത്തി. ഗുരുതരമായ നിയമലംഘനമാണ് എയര്‍ ഇന്ത്യ നടത്തിയിരിക്കുന്നതെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ വിശേഷിപ്പിച്ചു. സര്‍വീസ് നടത്തുന്നതിന് മതിയായ അനുമതിയില്ലാതെ എയര്‍ ഇന്ത്യയുടെ എയര്‍ബസ് വിമാനം എട്ടുതവണ സര്‍വീസ് നടത്തിയെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ എയര്‍ഇന്ത്യയുടെ ഉന്നതതല മാനേജ്മെന്റിനെ ഡിജിസിഎ കുറ്റപ്പെടുത്തുകയും ചെയ്തു.

എയര്‍ബസ് എ320 വിമാനമാണ് എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വീസ് നടത്തിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകള്‍, മറ്റ് യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നു എന്ന് വ്യക്തമാക്കുന്ന പ്രതിവര്‍ഷ പരിശോധന റിപോര്‍ട്ടാണ് എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റ്. എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റില്ലാതെ എട്ട് സര്‍വീസുകളാണ് എയര്‍ഇന്ത്യ നടത്തിയതെന്ന് ഡിജിസിഎ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ 24നും 25നും ഇടയില്‍ ഡല്‍ഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ക്കിടയിലാണ് സര്‍വീസ് നടത്തിയത്.

എയര്‍ ഇന്ത്യയുമായി ലയിക്കുന്നതിന് മുന്‍പ് വിസ്താരയുടെ പക്കല്‍ ഉണ്ടായിരുന്നതാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തിയ എയര്‍ബസ് എ320 വിമാനം. ഫെബ്രുവരി അഞ്ചിനാണ് ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഉത്തരവിറക്കിയത്. വെള്ളിയാഴ്ചയാണ് ഇത് പുറത്തുവന്നത്. 30 ദിവസത്തിനുള്ള പിഴയൊടുക്കണം എന്നാണ് നിര്‍ദേശം. എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വീസ് നടത്തുന്നത് വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമാണ്. നിയമലംഘനത്തിന് സാധ്യമായ ഏറ്റവും ഉയര്‍ന്ന പിഴയാണ് ചുമത്തിയിട്ടുള്ളതെന്ന് ഡിജിസിഎ അറിയിച്ചു.

Next Story

RELATED STORIES

Share it