Kerala

പോലിസ് സ്‌റ്റേഷനിലേക്ക് ബോംബേറ്: കൂട്ടുപ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

പോലിസ് സ്‌റ്റേഷനിലേക്ക് ബോംബേറ്: കൂട്ടുപ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍
X

തിരുവനന്തപുരം: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലിസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ കൂട്ടുപ്രതി പിടിയില്‍. നെടുമങ്ങാട് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ രാജേഷ് കുമാറാണ് ഇന്ന് രാവിലെ പിടിയിലായത്. ബോംബെറിഞ്ഞ ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് ആലപ്പുഴ നൂറനാട് എരുമക്കുഴി വടക്കേക്കര വടക്കേതില്‍ പ്രവീണിനൊപ്പം രാജേഷും ഉള്ളതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലിസ് കണ്ടെത്തിയിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ്് ചെയ്യുമെന്ന് പോലിസ് അറിയിച്ചു.

അതേസമയം, പോലിസ് സ്‌റ്റേഷന് ബോംബെറിയുകയും എസ്‌ഐയുടെ കൈ അടിച്ചൊടിക്കുകയും ചെയ്ത ആര്‍എസ്എസ് നേതാക്കളെ ഇനിയും പോലിസ് കണ്ടെത്തിയിട്ടില്ല. പ്രവീണിനെ കൂടാതെ, ആനാട് പാണ്ഡവപുരം സ്വദേശി മഹേഷ്, നെടുമങ്ങാട് മേലാംകോട് കൃഷ്ണവിലാസം ശ്രീനാഥ് എന്നിവരാണ് ഒളിവിലുള്ളത്. ഇവര്‍ക്കായി പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനിലും നോട്ടീസ് പതിച്ച് ജാഗ്രതാനിര്‍ദേശം നല്‍കിയിയിരുന്നു. ഇവര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള ആര്‍എസ്എസ്- ബിജെപി ഓഫീസുകളില്‍ പോലിസ് പരിശോധന നടത്തുന്നുണ്ട്. തിരച്ചില്‍ ഊര്‍ജിതമാക്കിയതായും മൂവരും ഉടന്‍ പിടിയിലാവുമെന്നും നെടുമങ്ങാട് പോലിസ് അറിയിച്ചു. സംഭവത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ജയന്‍ ഉള്‍പ്പടെ നിരവധിപേര്‍ പിടിയിലായിരുന്നു.


Next Story

RELATED STORIES

Share it